മഹാരാഷ്ട്ര : ദേവേന്ദ്ര ഫഡ്നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച് ഗവർണർ. കോൺഗ്രസ്, എൻസിപി നേതാക്കൾ ശരദ് പവാറിന്റെ വസതിയിൽ നടത്തിയ ചര്‍ച്ചയിലേയ്ക്ക് ശിവസേനാ പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിപക്ഷ നീക്കം. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അട്ടിമറി സാധ്യത

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, November 9, 2019

മുംബൈ ∙ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ദേവേന്ദ്ര ഫഡ്നാവിസിനെ ക്ഷണിച്ച് ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ നിര്‍ണ്ണായക നീക്കം . ഫഡ്നാവിസ് ഇപ്പോൾ കാവൽ മുഖ്യമന്ത്രിയാണ്.

എന്നാല്‍ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോൺഗ്രസ്, എൻസിപി നേതാക്കൾ ശരദ് പവാറിന്റെ വസതിയിൽ അടിയന്തര യോഗം ചേരുന്നതിനിടെ, ശിവസേന പ്രതിനിധി സഞ്ജയ് റാവുത്തിനെ ഈ യോഗസ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തി ചര്‍ച്ച നടത്തി.

ശിവസേന എംഎൽഎമാരെ ബാന്ദ്രയിലെ ഹോട്ടലിൽ നിന്നു മലാഡിലെ റിസോർട്ടിലേക്കു മാറ്റി. തങ്ങളുടെ എംഎൽഎമാർക്കായി ബിജെപി വലവിരിച്ചിരിക്കുകയാണെന്നും 50 കോടി രൂപ വരെയാണു വാഗ്ദാനമെന്നും കോൺഗ്രസും ആരോപിച്ചു.

ഭരണത്തിൽ 50:50 അനുപാതം പാലിക്കണമെന്നും രണ്ടര വർഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു ശിവസേന രംഗത്തെത്തിയതോടെയാണു മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. പ്രതിസന്ധിക്കു ശിവസേനയെ രൂക്ഷമായി കുറ്റപ്പെടുത്തിയാണു ഫഡ്നാവിസ് രാജിവച്ചത്.

അതേസമയം മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ സഖ്യം രൂപപ്പെട്ടാല്‍ അത് എന്‍ഡിഎയുടെ അടിത്തറ തന്നെ ഇളക്കും .

×