ശിവസേനയും ബിജെപിയും തുറന്ന പോരിലേയ്ക്ക് ! മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു

ന്യൂസ് ബ്യൂറോ, മുംബൈ
Friday, November 8, 2019

മുംബൈ∙ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം അനന്തമായി നീളവേ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഫഡ്‌നാവിസും ബിജെപി മന്ത്രിമാരും രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്കു രാജിക്കത്തു കൈമാറുകയായിരുന്നു. രാജിക്ക് ശേഷം മാധ്യമങ്ങളെ കണ്ട ദേവേന്ദ്ര ഫഡ്‌നാവിസ് ശിവസേനക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അഴിച്ചുവിട്ടത്.

താനുമായി ചര്‍ച്ച നടത്താന്‍ പോലും സേനാ തലവന്‍ ഉദ്ധവ് താക്കറെ തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുമായി ചര്‍ച്ച നടത്താന്‍ മടിക്കുമ്പോഴും ശിവസേന പ്രതിപക്ഷവുമായി നിരന്തരം ചര്‍ച്ചയിലാണെന്നും ഫഡ്‌നാവിസ് ആരോപിച്ചു.

അതിനിടെ ശിവസേന നേതാവ് സഞ്ജയ് റാവുത്ത്, ശരദ് പവാറുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. കാവല്‍മന്ത്രിസഭയുടെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാന്‍ ഇരിക്കെയാണ് ഫഡ്‌നാവിസ് രാജി സമര്‍പ്പിച്ചത്.

മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാമെന്നു ശിവസേനയ്ക്കു വാക്കു നല്‍കിയിട്ടില്ലെന്ന് പിന്നീടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫഡ്‌നാവിസ് ആവര്‍ത്തിച്ചു.

×