ഞാന്‍ ഒരിക്കലും അവളുടെ ഭര്‍ത്താവായിരുന്നില്ല ; അവളിലെ വേദനകളെ എന്നോളം സ്വീകരിച്ച ഒരു സുഹൃത്തായിരുന്നു ഞാന്‍ ; ശത്രുവിനെ സന്തോഷത്തോടെ നെഞ്ചിലേറ്റി അവളുടെ വള്ളത്തിലെ അമരക്കാരനായി ഞാനും തുഴയും…. കര കാണുവോളം ; കാന്‍സര്‍ രോഗിയായ ഭാര്യയെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറല്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, February 13, 2020

ബിജ്മയും ധനേഷും സോഷ്യൽ മീ‍ഡിയക്ക് പ്രിയപ്പെട്ടവരായിട്ട് നാളേറെയായിരിക്കുന്നു. നല്ലപാതിക്ക് കാൻസറാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ അവളുടെ വേദനകളെ തന്റേതു കൂടിയാക്കുകയാരുന്നു ധനേഷ് കണ്ണീരിറ്റു വീഴാതെ.. കാൻസർ വേദനയിൽ പിടയാതെ ഇന്നും ബിജ്മയെ ചിപ്പിക്കുള്ളിലെ മുത്തുപോലെ ചേർത്തു നിർത്തുന്നു ധനേഷ്.

തങ്ങളുടെ കാൻസർ പോരാട്ടത്തിന്റെ കഥകൾ ഇരുവരും പലപ്പോഴും സോഷ്യൽ മീഡിയയുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബിജ്മയുടെ വേദനകൾക്ക് കൂട്ടിരുന്ന കഥ വികാരനിർഭരമായി പങ്കുവയ്ക്കുകയാണ് ധനേഷ്. ബിജ്മയുടെ വേദനകളെ സ്വീകരിച്ച സുഹൃത്തായിരുന്നു താനെന്ന് ധനേഷ് കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഞാൻ ഒരിക്കലും അവളുടെ ഭർത്താവായിരുന്നില്ല…..

അവളിലെ വേദനയെ എന്നോളം സ്വീകരിച്ച അവളുടെ ഒരു സുഹൃത്തായിരുന്നു ഞാൻ….
വേദന പങ്കുവെക്കാമായിരുന്നെങ്കിൽ ഞാൻ ഏറ്റെടുത്തേനേ എല്ലാം…
അങ്ങനെയൊരു അവസരം നമുക്ക് ദൈവം തന്നില്ലല്ലോ എന്നുള്ള സങ്കടംമാത്രം..

ഇത്‌ വിധിയൊന്നുമല്ല ദൈവത്തിന്റെ സ്നേഹസമ്മാനമാണ്.. ❤❤

അവളെ സ്നേഹിക്കാനും പരിചരിക്കാനും എനിക്ക് ദൈവംതന്ന അവസരമാണ്….
വിധിയെന്നുപറഞ്ഞു കണ്ണുനനക്കാൻ ഞങ്ങൾക്ക് സമയമില്ല…
ശത്രുവിനെ സന്തോഷത്തോടെ നെഞ്ചിലേറ്റി അവളുടെ വള്ളത്തിലെ അമരക്കാരനായി ഞാനും തുഴയും…. കര കാണുവോളം

കരയിലേക്കെത്താൻ ഇനി എട്ട്കീമോകടൽ കൂടി തുഴയണം…..
അതിനിടയിൽ ഇൻഫെക്‌ഷനായി വരുന്ന കാറ്റുംകോളും ഇടിയുംമിന്നലും…
കളിക്കളത്തിലെ വെറുമൊരു എതിരാളികൾമാത്രം….

ഓരോ രാവും പകലും ഉറക്കമില്ലാതെ
ഉള്ളുനീറി ശരീരം തളരുമ്പോൾ…
തൊണ്ടവറ്റി ശബ്ദം ഇടറുമ്പോൾ…..
വേദനയെ പല്ലുകൊണ്ട് കടിച്ചമർത്തുമ്പോൾ…
ഞങ്ങൾക്ക് ലക്ഷ്യവും ചിന്തയും ഒന്നുമാത്രം….
പൊരുതണം….??
ജയിക്കണം….??
ജീവിക്കണം… ??

×