വൈപ്പിനില്‍ ധര്‍മ്മജനെ ഇറക്കി മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ് ! ധര്‍മ്മജനുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ് നേതൃത്വം. ജനിച്ച് വളര്‍ന്ന ബോള്‍ഗാട്ടി ഉള്‍പ്പെടുന്ന വൈപ്പിനില്‍ മത്സരിക്കാന്‍ താരത്തിനും പാതി സമ്മതം ! ഇടതില്‍ ഇക്കുറി എസ് ശര്‍മ്മ മത്സരിക്കില്ല ! ജില്ലാ പഞ്ചായത്ത് അംഗം എംബി ഷൈനി പരിഗണനയില്‍. സീറ്റ് സിപിഐക്ക് വിട്ടുകൊടുത്താല്‍ എന്‍ അരുണ്‍ മത്സരിക്കും

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, January 18, 2021

കൊച്ചി: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ വൈപ്പിനില്‍ മത്സരിപ്പിക്കാരൊരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ധര്‍മ്മജനെ വൈപ്പിനില്‍ മത്സരിപ്പിച്ചാല്‍ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍. ഇക്കാര്യത്തില്‍ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പിന്തുണ അറിയിച്ചിട്ടുണ്ട്.

ധര്‍മ്മജനുമായി അടുപ്പമുള്ള യുവനേതാവ് അദ്ദേഹത്തോട് ഇക്കാര്യവുമായി ബന്ധപ്പെട്ട് നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ധര്‍മ്മജനും മത്സരിക്കുന്ന വിഷയത്തില്‍ അരമനസ്സ് കാണിച്ചിട്ടുണ്ട്.

ധര്‍മ്മജന്‍ ജനിച്ച് വളര്‍ന്ന ബോള്‍ഗാട്ടി ഉള്‍പ്പടെ ഉള്ളതാണ് വൈപ്പിന്‍ മണ്ഡലം. അതിനാല്‍ ധര്‍മ്മജന് വിജയിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതോടൊപ്പം ഒരു നടന്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനുമായതാണ് യുഡിഎഫ് നേതൃത്വം ഇതിനെകുറിച്ച് സജീവമായി ആലോചിക്കാന്‍ കാരണം.

വൈപ്പിനില്‍ കണക്കുകള്‍ സിപിഎമ്മിന് അനുകൂലമാണ്. ആറുതവണ എംഎല്‍എയായ എസ് ശര്‍മ്മതന്നെയാണ് കഴിഞ്ഞ രണ്ടുതവണയും വൈപ്പിനെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ കെആര്‍ സുഭാഷിനെ 19353 വോട്ടിനാണ് ശര്‍മ്മ തോല്‍പ്പിച്ചത്.

2016ല്‍ അജയ് തറയില്‍ മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 5242 മാത്രമായിരുന്നു എസ് ശര്‍മ്മയുടേത്. മികച്ച സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ മണ്ഡലം പിടിച്ചെടുക്കാമെന്നു തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വൈപ്പിന്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ആറ് തവണ എംഎല്‍എ ആയ എസ് ശര്‍മ ഇത്തവണ മത്സരിക്കില്ല എന്നാണ സൂചന. സിപിഎം തന്നെ ഇവിടെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ജില്ലാ പഞ്ചായത്ത് അംഗം എംബി ഷൈനിക്കായിരിക്കും ആദ്യ പരിഗണന.

അതിനിടെ വൈപ്പിന്‍ സീറ്റ് സിപിഐയുമായി സിപിഎം വെച്ച് മാറിയേക്കും. പകരം സിപിഐ മത്സരിക്കുന്ന പറവൂര്‍ സീറ്റ് സിപിഎം ഏറ്റെടുക്കും. തുടര്‍ച്ചയായി വിഡി സതീശന്‍ ജയിക്കുന്ന സീറ്റ് പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ ഒരു നീക്കം നടക്കുകയാണെങ്കില്‍ വൈപ്പിനില്‍ എഐവൈഎഫ് നേതാവായ എന്‍ അരുണ്‍ മത്സരിക്കും.

×