ധര്‍മ്മജന്‍ സ്ഥാനാര്‍ഥിയാകുന്നതിനെതിരെ കെപിസിസിക്ക് പരാതി; ധര്‍മ്മജന് പിന്തുണയുമായി വിവിധ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Sunday, March 7, 2021

കോഴിക്കോട് : ബാലുശേരിയില്‍ സിനിമാതാരം ധര്‍മ്മജന്‍ സ്ഥാനാര്‍ഥിയാകുന്നതിനെതിരെ കെപിസിസിക്ക് പരാതി നല്‍കിയ യുഡിഎഫ് നിയോജക മണ്ഡലം കമ്മറ്റിയില്‍ ഭിന്നത. പരാതിയോട് യുഡിഎഫിന് യോജിപ്പില്ലെന്ന് കണ്‍വീനര്‍ നിസാര്‍ ചേളാരി പറഞ്ഞു. അതിനിടെ വിവിധ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ ധര്‍മ്മജന് പിന്തുണയുമായി എത്തി.

സംഘടനാപ്രവര്‍ത്തനത്തില്‍ ധര്‍മ്മജനേക്കാള്‍ അനുഭവസ സമ്പത്തുള്ള സ്ഥാനാര്‍ഥിയെ വേണമെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം ആവശ്യപ്പെട്ടത്.

ധര്‍മ്മജന്‍ സ്ഥാനാര്‍ഥിയായാല്‍ നടിയെ ആക്രമിച്ച കേസടക്കം പ്രചാരണ വിഷയമാകുമെന്നും അത് തോല്‍വിക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ്

കെ.പി.സി.സി. നേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതിയോട് യോജിപ്പില്ലെന്ന് യുഡിഎഫ് നിയോജകമണ്ഡലം കമ്മറ്റി കണ്‍വീനര്‍ വിശദീകരിച്ചു.

അതിനിടെ ബാലുശേരിയില്‍ 9 കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ ധര്‍മ്മജന് പിന്തുണയുമായി എത്തി. ഇടതുകോട്ടയായ ബാലുശേരി പിടിക്കാന്‍ ധര്‍മ്മജനെ പോലൊരു സ്ഥാനാര്‍ഥിയാണ് ഉണ്ടാകേണ്ടതെന്നും വിവിധ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ നേതൃത്വത്തെ രേഖാമൂലം അറിയിച്ചു.

×