കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലണ്ടറിന്റെ വില ഇരട്ടിയായെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി; പെട്രോള്‍ ഡീസല്‍ ഇനത്തില്‍ 2013ല്‍ പിരിഞ്ഞുകിട്ടിയ നികുതി 52537 കോടിയായിരുന്നെങ്കില്‍ 2019ല്‍ അത് 2.13 ലക്ഷം കോടി രൂപയായി വര്‍ധിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, March 9, 2021

ഡല്‍ഹി: കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലണ്ടറിന്റെ വില ഇരട്ടിയായെന്ന് സമ്മതിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. പെട്രോള്‍, ഡീസല്‍ നികുതി വരവ് 459 ശതമാനം കടന്നതായും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം വിശദമായ കണക്കുകള്‍ നിരത്തിയത്.

2014 മാര്‍ച്ച് ഒന്നിന് 14.2 കിലോ സിലണ്ടറിന് 410 രൂപയായിരുന്നെങ്കില്‍ ഈ മാസം അതേ സിലണ്ടര്‍ 819 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഈ മാസക്കാലയളവില്‍ നിരന്തരം ഉണ്ടായ വിലവര്‍ധനവ് കാരണം പാചകവാതക, മണ്ണെണ്ണ സബ്‌സിഡിയുടെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കാതെയായി.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ കൊണ്ട് പാചകവാതകവിലയില്‍ മുന്‍പില്ലാത്ത വിധം വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 594 രൂപയായിരുന്ന സിലണ്ടറിനാണ് ഇപ്പോള്‍ 819 രൂപ നല്‍കേണ്ടിവരുന്നത്.

പൊതുവിതരണ സംവിധാനത്തിലൂടെ 2014 മാര്‍ച്ചില്‍ ഒരു ലിറ്റര്‍ മണ്ണെണ്ണ വിറ്റുപോയിരുന്നത് 14.96 രൂപയാക്കായിരുന്നെങ്കില്‍ ഇപ്പോള്‍ അത് വിറ്റുപോകുന്നത് 35.35 രൂപയ്ക്കാണ്. പെട്രോള്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡുകളും മറികടന്നു.

ഓരോ സംസ്ഥാനത്തും വില വ്യത്യസ്തമായിരിക്കുമെങ്കിലും രാജ്യത്ത് ശരാശരി പെട്രോള്‍ ലിറ്ററിന് 91 രൂപയായും ഡീസല്‍ ലിറ്ററിന് 81.47 രൂപയായും ഉയര്‍ന്നെന്ന് മന്ത്രി സഭയില്‍ വിശദീകരിച്ചു.

പെട്രോള്‍ ഡീസല്‍ ഇനത്തില്‍ 2013ല്‍ പിരിഞ്ഞുകിട്ടിയ നികുതി 52537 കോടിയായിരുന്നെങ്കില്‍ 2019ല്‍ അത് 2.13 ലക്ഷം കോടി രൂപയായി വര്‍ധിച്ചുവെച്ച് മന്ത്രിതന്നെ വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ 15 മാസങ്ങള്‍ കൊണ്ട് പെട്രോള്‍ ഡ്യൂട്ടി ലിറ്ററിന് 11.77 എന്ന നിരക്കിലും ഡീസല്‍ ലിറ്ററിന് 13.47 എന്ന നിരക്കിലും വര്‍ധിപ്പിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

×