പി ജയരാജന് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ചു; ധീരജ് കുമാറിനെ പുറത്താക്കി സിപിഎം; പാര്‍ട്ടിയുടെ യശസ്സിനു കളങ്കം വരുത്തുംവിധം പ്രവര്‍ത്തിച്ചെന്നു കണ്ണൂര്‍ ജില്ലാ കമ്മിറ്റി

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Saturday, March 6, 2021

കണ്ണൂര്‍: പി.ജയരാജനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച പള്ളിക്കുന്ന് ചെട്ടിപ്പീടിക ബ്രാഞ്ച് കമ്മിറ്റി അംഗം എൻ.ധീരജ് കുമാറിനെ സിപിഎം പുറത്താക്കി. പാര്‍ട്ടിയുടെ യശസ്സിനു കളങ്കം വരുത്തുംവിധം പ്രവര്‍ത്തിച്ചെന്നു കണ്ണൂര്‍ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.

പി.ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ധീരജ് കുമാര്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാവിലെ രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. മുതിര്‍ന്ന നേതാവിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ധീരജ് പറഞ്ഞിരുന്നു.

പി.ജയരാജന് പാർട്ടി സീറ്റ് നൽകാത്തതിൽ പ്രതിഷേധം പ്രകടിപ്പിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിൽ പി.ജെ ആർമി എന്ന പേരിൽ അക്കൗണ്ട് ഉണ്ടാക്കി പല അഭിപ്രായ പ്രകടനങ്ങളും വന്നു. എന്നാൽ നീക്കത്തെ തള്ളി പി ജയരാജൻ തന്നെ രംഗത്തെത്തി.

പിജെ ആർമി എന്ന പേരിൽ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്ക് താനുമായി യാതൊരു ബന്ധവുമില്ലെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ ഉപയോഗിച്ച് പാർട്ടിക്ക് നിരക്കാത്ത പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടിവരുമെന്നും പി ജയരാജൻ പറഞ്ഞു.

×