വിവിധ നിറത്തിലെ ദോശയ്ക്കൊപ്പം സ്വന്തമാക്കാം ആരോഗ്യം

ഹെല്‍ത്ത് ഡസ്ക്
Sunday, March 7, 2021

വ്യത്യസ്ത രീതിയിലുള്ള പലതരം ദോശകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ട്. എന്നാല്‍ പല നിറത്തിലുള്ള ദോശകള്‍ ആയാലോ. സ്വാദില്‍ മാത്രമല്ല കാഴ്ചയിലും വ്യത്യസ്തവും ആരോഗ്യകരവുമാണ് ഈ ദോശ. കൂടാതെ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന വിവിധ തരത്തിലുളള ദോശ എങ്ങിനെ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം.

വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ഈ കളര്‍ ദോശ. സാധാരണയായി ദോശ മാവ് തയ്യാറാക്കുന്നത് പോലെ തന്നെ. അരിയും ഉഴുന്നും ഒരുനുള്ള് ഉലുവയും തലേ ദിവസം രാവിലെ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ശേഷം വൈകുന്നേരം ഇത് നന്നായി അരച്ചെടുക്കുക.പിന്നീട് ഏത് കളര്‍ ദോശയാണോ വേണ്ടത് അതിന് അനുസരിച്ച ചേരുവ ചേര്‍ത്ത് അരച്ചെടുക്കുക.

പച്ചദോശയ്ക്ക്

ദോശയ്ക്ക് പച്ചനിറം ലഭിക്കുന്നതിനു വേണ്ടി മാവ് അരയ്ക്കുമ്ബോള്‍ അതിലേക്ക് ഒരുപിടി മുരിങ്ങയുടെ ഇല ചേര്‍ത്ത് അരച്ചെടുക്കുക.

റോസ് ദോശയ്ക്ക്

ഒരു കഷ്ടം ബീറ്റ്റൂട്ട് തൊലി കളഞ്ഞ് പുഴുങ്ങി അതു ചേര്‍ത്ത് അരച്ചെടുക്കുകയാണെങ്കില്‍ ദോശയ്ക്ക് ബീറ്റ്റൂട്ടിന്റെ നിറം ലഭിക്കുന്നു.

ഓറഞ്ച് ദോശയ്ക്ക്

ക്യാരറ്റ് പുഴുങ്ങി കഷ്ണങ്ങളാക്കി മാവിനോടൊപ്പം ചേര്‍ത്ത് അടിക്കുകയാണെങ്കില്‍ ദോശയ്ക്ക് ഓറഞ്ച് നിറം ലഭിക്കുന്നു.

ഇത്തരത്തില്‍ വ്യത്യസ്ത നിറത്തിലുള്ള ദോശകള്‍ നമുക്ക് എളുപ്പത്തില്‍ തയ്യാറാക്കി എടുക്കാവുന്നതാണ്. നമ്മുടെ ശരീരത്തില്‍ ആവശ്യമായ നിരവധി പ്രോട്ടീനുകളടങ്ങിയവയാണ് മുരിങ്ങയില, ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവയെല്ലാം. അതുകൊണ്ട് തന്നെ ഇവ ചേര്‍ത്ത് ഉണ്ടാക്കുന്ന ദോശ നമ്മുടെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്.

×