നവംബര്‍ 25 ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ക്കപ്പെടുന്നു; ക്യൂബയിലെ വിപ്ലവനായകന്‍ കാസ്‌ട്രോയും ഫുഡ്‌ബോള്‍ ഇതിഹാസം മറഡോണയും മരിച്ചത് നവംബര്‍ 25ന്

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, November 26, 2020

ബ്യൂണസ് ഐറിസ്: കാല്‍പ്പന്തിന്റെ ആരവങ്ങള്‍ അവസാനിക്കുന്നില്ലെങ്കിലും ഇന്നലെ കാല്‍പ്പന്തിന്റെ സൂര്യന്‍ അസ്തമിച്ചിരിക്കുകയാണ്. ഡിയേഗോ മറഡോണയുടെ വിയോഗം ലോക ഫുട്ബോളിന് തീരാ നഷ്ടമാകുമ്പോള്‍ നവംബര്‍ 25 ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ക്കപ്പെടുന്നു.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു നവംബര്‍ 25ന് ക്യൂബന്‍ വിപ്ലവനേതാവ് ഫിഡല്‍ കാസ്ട്രോ ഓര്‍മ്മയായപ്പോള്‍ ആത്മമിത്രമായ മറഡോണ സങ്കടത്തിലായിരുന്നു. ഫുട്ബോള്‍ ലോകത്തെ വിപ്ലവകാരിയായിരുന്നു മറഡോണ. കാല്‍പ്പന്തിന്റെ വശ്യമായ സൗന്തര്യം നുകരുന്നതിന് മുന്‍പ് ജീവിതത്തിന്റെ ഉപ്പുനീര്‍ കുടിച്ചത് മറഡോണ് എന്നും ഓര്‍ത്തിരുന്നു.

അതുതന്നെയാണ് ഗോളിലേക്ക് കുതിക്കാന്‍ അദ്ദേഹത്തിന് എന്നും ഊര്‍ജ്ജം നല്‍കിയത്. തന്റെ ഇടത്തേക്കാലില്‍ കാസ്ട്രോയുടെ പച്ചകുത്തിയ ചിത്രം മറഡോണ പതിച്ചിരുന്നു.

1987ല്‍ ലോകകപ്പിന് ശേഷം ഫിഡല്‍ കാസ്ട്രോയുമായി തുടങ്ങിയ സൗഹൃദം 2000വരെ തുടരാന്‍ മറഡോണയ്ക്ക് സാധിച്ചു. പിന്നീട് ലഹരി മരുന്നിന്റെ ലോകത്ത് അകപ്പെട്ട താരത്തിന് ഫിഡലുമായി അടുക്കാന്‍ കഴിഞ്ഞില്ല. സൗഹൃദത്തിനപ്പുറം ഫിഡലിനോട് അടങ്ങാത്ത ആരാധനയായിരുന്നു കാല്‍പ്പന്തിന്റെ രാജകുമാരന്.

‘അര്‍ജന്റീനയില്‍ മരിക്കണമെന്ന് ആഗ്രഹമില്ലാത്തതിനാല്‍ ക്യൂബയുടെ വാതില്‍ ഫിഡല്‍ തുറന്നു തന്നെന്നാണ്’ മറഡോണ പറഞ്ഞിരുന്നത്. രാഷ്ട്രീയവും, ഫുട്ബോളും അവരുടെ കൂടിക്കാഴ്ചകളിലെല്ലാം ചര്‍ച്ചയായി.തന്റെ അച്ഛന്റെ മരണത്തിന് ശേഷം, കാസ്ട്രോ വിടവാങ്ങിയപ്പോഴാണ് താന്‍ പൊട്ടിക്കരഞ്ഞതെന്ന് മറഡോണ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

കാസ്‌ട്രോ, അമേരിക്കയേയും ബ്രിട്ടണേയും വെറുത്തിരുന്നത് പോലെ മറഡോണയും വെറുത്തിരുന്നു. 2005ലെ ഒരു ടെലിവിഷന്‍ പരിപാടിക്കിടെ, അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് ഡബ്യൂ. ബുഷിനെ വഞ്ചകനെന്നാണ് കാസ്ട്രോ വിശേഷിപ്പിച്ചത്. അന്ന് ആ പരിപാടിയുടെ അവതാരകന്‍ മറഡോണയായിരുന്നു.

ഇന്നും ലോകം ഇവരെ ഓര്‍ക്കുന്നുണ്ടെങ്കില്‍ അതുതന്നെയാണ് അവരുടെ മഹത്വവും. ഫിഡല്‍ പറഞ്ഞ വിപ്ലവം പന്തുകൊണ്ട് കാട്ടിത്തന്ന പ്രതിഭയാണ് മറഡോണ. വിപ്ലവം തോക്കിലൂടെ മാത്രമല്ല, കാല്‍പ്പന്തിലൂടെയും സാധ്യമാകുമെന്ന് , 1986ല്‍ ഇംഗ്ലണ്ടിനെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തകര്‍ത്ത് അര്‍ജന്റീന കാട്ടിത്തന്നിരുന്നു. മറഡോണയെ സംബന്ധിച്ച് അത് യുദ്ധമായിരുന്നു.

×