മഹാത്മാ ഗാന്ധി ഇന്നു ജീവിച്ചിരുന്നെങ്കിൽ പൗരത്വ നിയമത്തിനെതിരെ ഷഹീൻ ബാഗിൽ നിരാഹാര സമരം നടത്തുമായിരുന്നെന്ന് ദിഗ്‍‌വിജയ് സിങ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, January 26, 2020

ഭോപ്പാൽ :  മഹാത്മാ ഗാന്ധി ഇന്നു ജീവിച്ചിരുന്നെങ്കിൽ പൗരത്വ നിയമത്തിനെതിരെ ഷഹീൻ ബാഗിൽ നിരാഹാര സമരം നടത്തുമായിരുന്നെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‍‌വിജയ് സിങ്. മധ്യപ്രദേശിൽ ഒരു പുസ്തക പ്രകാശന ചടങ്ങിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീർ വിഷയത്തിൽ ഗാന്ധിജി ഡൽഹിയിലെ ലാൽ ക്വില മുതൽ കശ്മീരിലെ ലാൽ ചൗക്ക് വരെ പദയാത്ര നടത്തുമായിരുന്നെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.

ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ഇന്ന് അദ്ദേഹം പദയാത്ര തുടങ്ങുമായിരുന്നു. കശ്മീരിലെ ജനങ്ങളുടെ ആശങ്കയെക്കുറിച്ചു സംസാരിക്കേണ്ടതു ‘നാനാത്വത്തിൽ ഏകത്വം’ എന്നതിൽ വിശ്വസിക്കുന്ന എല്ലാവരുടെയും ചുമതലയാണെന്നും ദിഗ്‍വിജയ് സിങ് പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേന്ദ്രസർക്കാർ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്. ‘പോഹ’ ഭക്ഷിക്കുന്നവര്‍ ബംഗ്ലദേശികളാണെന്ന ബിജെപി നേതാവ് കൈലാസ് വിജയ്‍‌വർഗിയയുടെ പരാമർശത്തിനെതിരെയും കോൺഗ്രസ് നേതാവ് രംഗത്തെത്തി.

വസ്ത്രവും പ്രവൃത്തികളും നോക്കി ആൾക്കാരെ തിരിച്ചറിയുന്ന പ്രധാനമന്ത്രിക്കും ഒരു പടി മുകളിലാണ് കൈലാസ് വിജയവർഗിയ. പ്രധാനമന്ത്രി നരേന്ദ്ര മോദി വസ്ത്രം നോക്കി ഒരാൾ ഹിന്ദുവാണോ, ഇസ്‍ലാം ആണോ എന്നു മനസ്സിലാക്കും. വിജയവർഗീയ അതിനേക്കാൾ മുകളിലാണ്. പോഹ കഴിക്കുന്നുണ്ടോയെന്നു നോക്കിയാൽ അദ്ദേഹത്തിനു ഒരാളുടെ പൗരത്വം മനസ്സിലാക്കാൻ സാധിക്കും– ദിഗ്‍വിജയ് സിങ് പരിഹസിച്ചു.

×