ഭരണം കിട്ടുമെന്ന പ്രതീക്ഷ സജീവമായതോടെ തുടർചർച്ചകളിൽ യുഡിഎഫ് ! രമേശ് ചെന്നിത്തല മുഖ്യമന്ത്രി കസേര ഉറപ്പിച്ചതോടെ ഇനി ഉമ്മൻ ചാണ്ടിയുടെ പദവിയിലും ചർച്ച. ഭരണപരിഷ്ക്കാര കമ്മീഷന് പകരം വരിക സർക്കാരിനെ ഉപദേശിക്കാനുള്ള സമിതി. ഉമ്മൻ ചാണ്ടി അധ്യക്ഷനായ സമിതിയിൽ മൂന്നംഗങ്ങൾ മാത്രം ! വേണു രാജാമണി, ജിജി തോംസൺ എന്നിവരും സമിതിയംഗങ്ങളാകാൻ പരിഗണനയിൽ. സി പി ജോണിന് സുപ്രധാന പദവി. അടുത്ത സർക്കാർ തങ്ങളുടേതെന്ന് ഉറപ്പിച്ച് ഭാവി പരിപാടികളുമായി കോൺഗ്രസ് മുന്നോട്ട് !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, April 17, 2021

തിരുവനന്തപുരം: മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഭരണമാറ്റമുണ്ടാകുമെന്ന ആത്മവിശ്വാസത്തിൽ തുടർച്ചർച്ചകളുമായി കോൺഗ്രസ്. ഇക്കുറി മുഖ്യമന്ത്രി സ്ഥാനത്തിനായി ശ്രമിക്കില്ലെന്ന് ഉമ്മൻ ചാണ്ടി നേരത്തെ തന്നെ വ്യക്തമാക്കിയുന്നു. ഇതോടെ നിലവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട് .

മുഖ്യമന്ത്രി സ്ഥാനം ഏറെകുറെ ഉറപ്പിച്ച ചെന്നിത്തല മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയെ എങ്ങനെ കൂടെ നിർത്തുമെന്നതാണ് പ്രധാന ചോദ്യം. ഉമ്മൻ ചാണ്ടിക്ക് ഏതു പദവിയാകും നൽകുക എന്ന ചോദ്യം പാർട്ടിയിൽ ഇപ്പോൾ തന്നെ സജീവ ചർച്ചയാണ്. വി എസിനെ കുടിയിരുത്തിയ തരത്തിലുള്ള നടപടികൾ വേണ്ട എന്നു തന്നെയാണ് ഗ്രൂപ്പു വ്യത്യാസമില്ലാതെ നേതാക്കൾ പറയുന്നത്.

അതു കൊണ്ടു തന്നെ ഭരണപരിഷ്കാര കമ്മീഷൻ ഇക്കുറി ഉണ്ടാക്കില്ല. പകരം ഒന്നാം യുപിഎ സർക്കാർ മോഡലിൽ സർക്കാരിനെ നയപരമായ കാര്യങ്ങളിൽ ഉപദേശിക്കാൻ പ്രത്യേക സമിതിയാകും വരിക. ക്യാബിനറ്റ് പദവിയില്‍ ഈ ഉപദേശക സമിതിയുടെ അധ്യക്ഷനാകും ഉമ്മൻ ചാണ്ടി.

ഉമ്മൻ ചാണ്ടിയുടെ ഭരണമികവും കഴിവും പ്രാപ്തിയും പരമാവധി പ്രയോജനപ്പെടുത്താനാണ് ചെന്നിത്തലയും ആഗ്രഹിക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് പുറമെ ഈ സമിതിയിൽ 2 മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടാകും. മുൻ നെതർലാൻ്റ് അംബാസിഡർ വേണു രാജാമണി, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവരാണ് ഈ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.

കോൺഗ്രസിൽ നിന്നും ഒരു മുതിർന്ന നേതാവും ഉപദേശ സമിതിയിൽ ഉണ്ടാകും. മൂന്നംഗ സമിതിയാകും ഇത്. ഇതിനു പുറമെ സിഎംപി നേതാവ് സിപി ജോൺ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആകും. ഇത്തരത്തിലുള്ള ആലോചനകളാണ് പാർട്ടിയിൽ ഇപ്പോൾ സജീവമായുള്ളത്. തെരെഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്ന ഫോര്‍വേഡ് ബ്ലോക് നേതാവ് ജി ദേവരാജനും ഭരണത്തില്‍ മാന്യമായ പദവി ഉറപ്പാണ്.

×