ന്യൂഡല്‍ഹി: കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് ദിവസവും കുടുംബാംഗങ്ങളെയും അഭിഭാഷകനെയും കാണാന്‍ പട്യാല ഹൗസ് കോടതി അനുമതി നല്‍കി. എഫ്.ഐ.ആറിന്‍റെ പകര്‍പ്പും ചൂടുകുപ്പായവും ദിശക്ക് ലഭ്യമാക്കാനും കോടതി നിര്‍ദേശിച്ചു.
അറസ്റ്റിലായ ദിശക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇനി ദിവസവും അര മണിക്കൂര്‍ നേരം അഭിഭാഷകനെയും 15 മിനുട്ട് നേരം കുടുംബാംഗങ്ങളെയും കാണാന്‍ കോടതി അനുവദിച്ചു. ദിശയുടെ അഭിഭാഷകന്‍ നല്‍കിയ ഹരജിയിലാണ് അനുമതി.
ഗ്രെറ്റ ടൂള്‍കിറ്റ് കേസില്‍ കഴിഞ്ഞ ദിവസമാണ് കോളജ് വിദ്യാര്‍ഥി കൂടിയായ ദിശ രവിയെ ബംഗളൂരുവില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ദിശ രവി, നികിത ജേക്കബ്, ശന്തനു എന്നിവര്‍ ചേര്‍ന്നാണ് ടൂള്‍ കിറ്റ് ഡോക്യുമെന്‍റ് നിര്‍മിച്ചതെന്നാണ് പൊലീസ് പറയുന്നത്. ദിശയുടെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യമെമ്ബാടും വലിയ പ്രതിഷേധം രൂപപ്പെട്ടിരുന്നു. ദിശയെ പൊലീസ് ലക്ഷ്യമിട്ടിരുന്നെന്നും നേരത്തെ തന്നെ കേസില്‍ പ്രതിചേര്‍ക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
കേസില്‍ ആക്ടിവിസ്റ്റ് ശാന്തനു മുലുകിന് അറസ്റ്റില്‍ നിന്ന് ബോംബൈ ഹൈകോടതി ഇടക്കാല സംരക്ഷണം നല്‍കിയിട്ടുണ്ട്. അറസ്റ്റില്‍ നിന്നു 10 ദിവസത്തെ സംരക്ഷണമാണ് കോടതി നല്‍കിയത്. അതിനിടയില്‍ മുന്‍കൂര്‍ ജാമ്യം തേടി ഡല്‍ഹി കോടതിയെ സമീപിക്കാം.