പാലാ: രക്തം ദാനം ചെയ്യാൻ എല്ലാവരും മുന്നോട്ടു വരണമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആഹ്വാനം ഉൾകൊണ്ടുകൊണ്ട് പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ്ബ് മുരിക്കനും കൂടെ അൻപതോളം വൈദികരും രക്തം ദാനം ചെയ്തു.
ബിഷപ്പിന്റെ നേതൃത്വത്തിൽ അൻപതോളം വൈദികരുടെ രക്തദാനം എല്ലാവർക്കും മാതൃകയായി.
പാലാ ബ്ലഡ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ഇന്ന് പാലാ ശാലോം പാസ്റ്ററൽ സെന്ററിൽ വച്ച് രക്തദാനം നടന്നത്. ബ്ലഡ് ഫോറത്തിൻ്റെ ജനറൽ കൺവീനറായ ഷിബു തെക്കേമറ്റവും മാണി സി കാപ്പൻ എം എൽ എയും ബിഷപ്പ് മുരിക്കനെ രക്തദാനത്തിനായി പ്രത്യേകം തയ്യാർ ചെയ്ത ബ്ലഡ് മൊബൈലിലേക്ക് ക്ഷണിച്ചു.
മാർ മുരിക്കന്റെ ഇരുപത്തി ആറാമത്തെ രക്തദാനമാണ് ഇന്ന് നടന്നത്. ഈ പ്രത്യേക കാലഘട്ടത്തിൽ രക്തദാനത്തിന്റെ ആവശ്യകതയിലേക്ക് ബിഷപ്പ് മുരിക്കൻ വിരൽ ചൂണ്ടി.
അവയവദാനത്തിന്റെ മാഹാത്മ്യം വിളിച്ചോതിക്കൊണ്ട്, നേരത്തേ തന്റെ ഒരു കിഡ്‌നി ഹൈന്ദവ സഹോദരന് ദാനം ചെയ്ത് മനുഷ്യ സ്‌നേഹത്തിന്റെ മഹനീയത ജീവിതത്തിൽ പ്രവർത്തികമാക്കിയ വ്യക്തിയാണ് പാലാ രൂപതാ സഹായ മെത്രാൻ ജേക്കബ്ബ് മുരിക്കൻ.
അവയവം ദാനം ചെയ്ത ഒരു വ്യക്തി തുടർച്ചയായി എല്ലാ മൂന്നാം മാസത്തിലും രക്തം ദാനം ചെയ്യുന്നത് ലോകത്തിൽ തന്നെ മറ്റാരും കാണുകയില്ലയെന്ന് മാണി സി കാപ്പൻ എം എൽ എ അഭിപ്രായപ്പെട്ടു.
ജോസ് കെ. മാണി എം. പി, ഷിബു തെക്കേമറ്റം, പാലാ എസ്. ഐ. ഷാജി സെബാസ്റ്റ്യൻ, കെ. ആർ. സൂരജ് പാലാ, ഡോ. പി. ഡി. ജോർജ് തുടങ്ങിയവർ രക്തദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us