കിട്ടുന്നതിൽ പാതി ശമ്പളത്തോളം പാവപ്പെട്ട രോഗികൾക്ക് - സിന്ധു പി നാരായണൻ എന്ന ആരോഗ്യ പ്രവർത്തകയെ സംബന്ധിച്ച് കാരുണ്യ പ്രവർത്തനം ജീവിത തപസ്യയാണ്. ഈ രാമപുരംകാരി പാവപ്പെട്ട രോഗികൾക്ക് നഴ്സ് എന്നതിലപ്പുറം കാവൽ മാലാഖയാണ്

New Update

പാലാ:  രാമപുരം ഗവ. ആശുപത്രിയിലെ ഗ്രേഡ് വൺ സ്റ്റാഫ് നേഴ്സും ഉഴവൂർ ബ്ലോക്ക് തലത്തിൽ മൂന്നു പഞ്ചായത്തുകളിലെ പാലിയേറ്റീവ് പരിചരണ വിഭാഗം ചുമതലയും വഹിക്കുന്ന സിന്ധുവിന് ഈ ലോക്ക് ഡൗൺ കാലത്ത് നിന്നുതിരിയാൻ സമയമില്ല. പാവപ്പെട്ട രോഗികളുടെ ബന്ധുക്കളോ, അയൽവാസികളോ സിന്ധുവിന്റെ കാരുണ്യ പ്രവർത്തികളെക്കുറിച്ച് അറിയാവുന്ന സംഘടനക്കാരോ ജനപ്രതിനിധികളോ ഒക്കെ വിളിച്ചു കൊണ്ടേയിരിക്കും, വിവിധ സഹായങ്ങൾക്കായി.

Advertisment

publive-image

രാമപുരം ആശുപത്രിയിലെ ദൈനം ദിന ജോലികൾക്കൊപ്പം വെളിയന്നൂർ, ഉഴവൂർ, രാമപുരം പഞ്ചായത്തുകളിലെ മുപ്പതോളം കിടപ്പു രോഗികളുടെ പരിചരണച്ചുമതലയും സിന്ധു നേഴ്സിന്റെ ചുമതലയിലാണ്. ഈ ആതുര ശുശ്രൂഷയ്ക്കിടയിലാണ് കാരുണ്യ പ്രവർത്തികൾക്കും സമയം കണ്ടെത്തുന്നത്.

ലോക് ഡൗൺ കാലത്ത് ഡയാലിസിനു പോകാൻ നിവൃത്തിയില്ലാതെ വന്ന രണ്ട് കിഡ്നി രോഗികൾക്ക് ആദ്യം സ്വന്തം കയ്യിൽ നിന്ന് ടാക്സിക്കൂലി നൽകിയ സിന്ധു പിന്നീട് ഇക്കാര്യം പൊതുപ്രവർത്തകർ വഴി മാണി സി കാപ്പൻ എം. എൽ. എയുടെ അടുത്തെത്തിച്ച് തുടർ സഹായങ്ങൾ ഉറപ്പാക്കി.

മരുന്നു വാങ്ങാൻ നിവൃത്തിയില്ലെന്ന് അറിയിച്ച പത്തോളം പേർക്ക് മരുന്നു വാങ്ങി നൽകുകയും രോഗത്താൽ കാലുകൾ മുറിച്ച് മാറ്റിയ രണ്ടു പേർക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കൃത്രിമ കാൽവെച്ചു കൊടുക്കാനും ഈ ലോക് ഡൗൺ കാലത്ത് സിന്ധുവിനു കഴിഞ്ഞു.

ലോക് ഡൗൺ കാരണം കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലും മറ്റും പോയി മരുന്ന് വാങ്ങാൻ കഴിയാതിരുന്ന ഇരുപതോളം രോഗികൾക്ക് അവരവരുടെ വീടുകളിൽ മരുന്നെത്തിച്ചു നൽകാനും ഇവർക്കു കഴിഞ്ഞു.

തീർന്നില്ല; ചില സംഘടനകളുമായി ചേർന്ന് അരയ്ക്ക് താഴേയ്ക്ക് തളർന്ന രോഗികളുടെ സംഗമം, കിടപ്പു രോഗികളുടെ വീടുകളിൽ കോട്ടയത്തെ ദന്തൽ കോളജിൽ നിന്നുള്ള ഡോക്ടർമാരെ എത്തിച്ച് കൊണ്ടു നടത്തിയ പാലിയേറ്റീവ് ദന്ത സംരക്ഷണ വാരാചരണം, കാൻസർ രോഗിക്ക് വീൽചെയർ , തയ്യൽ മെഷീൻ വിതരണം, പാവപ്പെട്ട രോഗികളുടെ വീടുകളിൽ ബാത്ത് റൂം നിർമ്മാണം, വാട്ടർ ടാങ്ക് നൽകൽ എന്നു വേണ്ട സിന്ധു നേഴ്സിന്റെ ഇടപെടലിലൂടെയും ചുമതലയിലും നടപ്പാക്കിയ കാര്യങ്ങൾ എണ്ണിയാൽ തീരില്ല.

കഴിഞ്ഞ പ്രളയകാലത്ത് സിന്ധു ഡ്യൂട്ടി കഴിഞ്ഞു സന്ധ്യയോടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വെള്ളം കയറി വീട് നഷ്ടപ്പെട്ട രണ്ടു കുടുംബങ്ങൾ ഏഴാച്ചേരിയിൽ ഒരു സ്കൂളിൽ അഭയം തേടിയത് കണ്ടത്.

അവർക്ക് പേസ്റ്റും ബ്രഷും തുടങ്ങി പിറ്റേന്ന് രാവിലത്തേയ്ക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ കൂടി വാങ്ങി നൽകിയിട്ടാണ് സിന്ധു വീട്ടിലേക്കുള്ള യാത്ര തുടർന്നത്.

ആരോരുമില്ലാതെ ദേഹത്തെ മുറിവുകളിൽ പുഴുവരിച്ചു കിടന്ന ഒരു വയോധികനെ ആശുപത്രിയിലെത്തിച്ച് പരിചരിച്ച സിന്ധുവിന് ജനമൈത്രി പോലീസ് പുരസ്ക്കാരം നൽകി ആദരിച്ചിരുന്നു.

" കേവലം രോഗീപരിചരണം എന്നതിനപ്പുറം പാവങ്ങളെ സഹായിക്കുക എന്നതാണ് എന്റെ ആതുരസേവന മന്ത്രം. അതിന് മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെ എല്ലാ മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും ജനപ്രതിനിധികളും പൊതുജനങ്ങളുമൊക്കെ എനിക്ക് എല്ലാ വിധ പിന്തുണയും നൽകുന്നു"- സിന്ധു പറഞ്ഞു.

ഏഴാച്ചേരി താമരമുക്ക് കവളംമാക്കൽ കുടുംബാംഗമായ സിന്ധുവിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് കെ. എസ്. ഇ .ബി. പാലാ ഓഫീസിൽ സബ് എഞ്ചിനീയറായ ഭർത്താവ് ജയപാലും മക്കളായ ഗോപികയും ദേവികയും കൈത്താങ്ങാണ്.

നഴ്സിംഗിൽ ബിരുദം .. സോഷ്യോളജിയിൽ പി ജി

ബാംഗ്ലൂരിൽ നഴ്സിംഗ് പഠനം നടത്തിയ സിന്ധു അന്നവിടെ പല വിഭാഗങ്ങളിൽ ബെസ്റ്റ് നഴ്സായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  ഇഗ്നോ യൂണിവേഴ്സിറ്റിയിൽ നിന്ന് നഴ്സിംഗിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും നേടി.

2005 ൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ച സിന്ധു, പാലാ ജനറൽ ആശുപത്രി, കടനാട്, ഉള്ളനാട് ആശുപത്രികളിലും പ്രവർത്തിച്ച ശേഷം 2016ൽ ആണ് രാമപുരം ആശുപത്രിയിൽ എത്തിയത്.

വിവിധ സ്ഥലങ്ങളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകളുമെടുത്തിട്ടുണ്ട്. രാമപുരം കോളജിലെ എം. എസ്. ഡബ്ലൂ, വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സിന്ധു നടത്തിയ 3 ദിവസത്തെ പാലിയേറ്റീവ് രോഗീ പരിചരണ ക്യാമ്പും പ്രത്യേകം ശ്രദ്ധ നേടിയിരുന്നു.

Advertisment