Advertisment

നാട്ടിൽ വായനയുടെ വെളിച്ചം വിതറി 68 ആണ്ടുകൾ പിന്നിട്ട് ഏഴാച്ചേരി നാഷണൽ ലൈബ്രറി, ഒരു താളുപോലും ഇളകാതെ ആദ്യ പുസ്തകവും

author-image
സുനില്‍ പാലാ
Updated On
New Update

ഏഴാച്ചേരി: നാട്ടിൽ വായനയുടെ വെളിച്ചം വിതറിയ അറിവിന്റെ കവാടം തുറന്നു ചെല്ലുമ്പോൾ നാഷണൽ ലൈബ്രറിയിൽ ഇപ്പോഴും ആ പുസ്തകമുണ്ട്; പൂർവ്വസൂരികൾ തലമുറകൾക്കായി കാത്തു വച്ച അക്ഷര നിധിക്കൂട്ടിലെ ആദ്യ പുസ്തകം - "മഹാത്മാഗാന്ധി" ജീവചരിത്രം എന്ന പുസ്തകം.

Advertisment

പ്രായം കൊണ്ട് സപ്തതിയുടെ പടി ചവിട്ടാനൊരുങ്ങുന്ന ഏഴാച്ചേരി നാഷണൽ ലൈബ്രറിയിലെ ആദ്യ പുസ്തകമാണിത്.!

publive-image

പിടിയരിയും അണകളും തുട്ടുകളും പിരിച്ച് പണിതുയർത്തിയ വായനശാലയിലേക്കുള്ള പുസ്തകങ്ങളും അന്ന് സംഭാവനയായി സ്വീകരിക്കുകയായിരുന്നു.

1951-ആന്ന് കാലം. അന്ന് പുലിതൂക്കിലെ പൊന്നമ്മ എന്ന യുവതിയാണ് ആദ്യത്തെ പുസ്തകം ലൈബ്രറിക്കു സംഭാവന നൽകിയത്; അത് മഹാത്മാഗാന്ധിയുടെ ജീവചരിത്രമായത് യാദൃശ്ചികമാവാം.

എന്തായാലും 68 ആണ്ടുകൾ കൊഴിഞ്ഞു പോയെങ്കിലും ഒരു താളുപോലും ഇളകാതെ നാഷണൽ ലൈബ്രറിയിലെ ''നമ്പർ വൺ"പുസ്തകമായി ഇന്നുമിത് ലൈബ്രറി ഭാരവാഹികൾ സ്നേഹാദരങ്ങളോടെ സൂക്ഷിക്കുന്നു.

സ്വന്തം കൈപ്പടയിൽ "പൊന്നമ്മ പുലിതൂക്കിൽ " എന്ന് പൊന്നമ്മ തന്നെ നീല മഷിക്കെഴുതിയ പേരിന് , കാലപ്പഴക്കം കൊണ്ട് അൽപ്പം മങ്ങലുണ്ടെങ്കിലും നാഷണൽ ലൈബ്രറിയുടെ സുവർണ്ണ സ്മരണകൾക്ക് നാടിന്റെ മനസ്സിലിപ്പോഴും മിഴിവാർന്ന വർണ്ണങ്ങളാണ്. ആദ്യ പുസ്തകം സംഭാവന ചെയ്ത പൊന്നമ്മ, പിന്നീട് നാടിന്റെ പ്രിയപ്പെട്ട പൊന്നമ്മ ടീച്ചറും, ഇംഗ്ലീഷ് ടീച്ചറുമൊക്കെ ആയതിന് പിന്നിൽ നാഷണൽ ലൈബ്രറിയുടെ അറിവാഴമുണ്ട്.

publive-image

പൊന്നമ്മ ടീച്ചർ മാത്രമല്ല, മലയാളത്തിന്റെ സാഹിത്യ വേദിയിലേക്ക് പാട്ടും കഥകളും, ചരിത്രവുമൊക്കെയായെത്തി ഇരിപ്പിടം നേടി പ്രസിദ്ധരായ ഏഴാച്ചേരി രാമചന്ദ്രനും, പൊന്നമ്മ ടീച്ചറിന്റെ നേരാങ്ങള കൂടിയായ അമ്പാടി ബാലകൃഷ്ണനും, വി.എസ്. കുമാരനും തുടങ്ങിയ സാഹിത്യ പ്രതിഭകളും,നൂറോളം അധ്യാപകരും, ഒരു ഡസനോളം പത്രപ്രവർത്തകരുമൊക്കെയായി നാഷണലിന്റെ മൊട്ടിൽ വിടർന്ന് അക്ഷരം കൊണ്ട് അന്നം തേടുന്നവർ ഇന്ന് എത്രയെത്ര .....വയലാറും, വെട്ടൂരും, സാംബശിവനുമുൾപ്പെടെ നാഷണലിന്റെ പടികടന്നെത്തിയ പ്രഗത്ഭരെത്ര .....

ടി.വി.യും മൊബൈൽ ഫോണും വാട്സപ്പും ഫെയ്സ് ബുക്കുമൊക്കെ കൂടെപ്പാർക്കാൻ തുടങ്ങും മുമ്പത്തെ തലമുറകളുടെ കൗമാരവും യൗവ്വനവും ഈ അക്ഷര ശ്രീകോവിലിലായിരുന്നു. വായനശാലയിൽ "റേഡിയോ കേൾക്കാൻ പോയ " കാലമൊക്കെ തുമ്പയിൽ രാമകൃഷ്ണൻ നായരെപ്പോലെ ലൈബ്രറിയുടെ പ്രായമുള്ളവരിൽ ഇപ്പോഴുമുള്ള നല്ലോർമ്മകളാണ്.

publive-image

പുലി തൂക്കിൽ പൊന്നമ്മ സംഭാവന ചെയ്ത ലൈബ്രറിയിലെ ആദ്യ പുസ്തകം "മഹാത്മാഗാന്ധിയുടെ ജീവചരിത്രവുമായി ലൈബ്രറി സെക്രട്ടറി സനൽകുമാർ

<പുലി തൂക്കിൽ പൊന്നമ്മ സംഭാവന ചെയ്ത ലൈബ്രറിയിലെ ആദ്യ പുസ്തകം "മഹാത്മാഗാന്ധിയുടെ ജീവചരിത്രവുമായി ലൈബ്രറി സെക്രട്ടറി സനൽകുമാർ>

2019-ലെ ഈ വായനവാരാചരണത്തിലേക്ക് വരാം.; ചിറ്റേട്ട് എൻ. എസ്.എസ് ഗവ. എൽ.പി.സ്കൂളിലെ കുട്ടികൾ കഴിഞ്ഞ ദിവസം വായനവാരാചരണ ഭാഗമായി നാഷണൽ വായനശാല ആദ്യമായി ''കാണാനെത്തി" . കുട്ടികളെ സ്വീകരിച്ച സെക്രട്ടറി ചീങ്കല്ലേൽ സനൽകുമാറും ലൈബ്രേറിയൻ രാമചന്ദ്രൻ തേരുന്താനവും പൊന്നമ്മയുടെ ആ ആദ്യ പുസ്തകം കുരുന്നുകൾക്ക് പരിചയപ്പെടുത്തി. കഴിഞ്ഞ വർഷത്തെ പാഠപുസ്തകം പോലും ഈ വർഷം കണി കാണാൻ ബാക്കി വെയ്ക്കാത്ത പുതുതലമുറയ്ക്ക് ഏഴു പതിറ്റാണ്ടു മുമ്പത്തെ ഈ " ചരിത്ര പുസ്തകം" തന്നെ അത്ഭുതമായി.

ആദ്യ പുസ്തക സംഭാവനക്കാരി പൊന്നമ്മ ടീച്ചറിന്റെ ഇളയ മകൻ പാലാ കോടതിയിലെ എ.പി.പി.യും പ്രമുഖ അഭിഭാഷകനുമായ അഡ്വ. വി.ജി. വേണുഗോപാലാണിപ്പോൾ നാഷണൽ ലൈബ്രറിയുടെ പ്രസിഡന്റ്. അമ്മ നട്ട അക്ഷര മരക്കൊമ്പിലിരുന്ന് പുതു തലമുറയ്ക്ക് അറിവിന്റെ തണൽ വീശാൻ മകനുമൊരു നിയോഗം.

ഒരു നാടിന്റെ അറിവിന്റെ ഖനിയായി പതിനയ്യായിരത്തോളം പുസ്തകങ്ങളുമേന്തി നാഷണൽ ലൈബ്രറി ഇപ്പോഴും കാത്തു നിൽക്കുകയാണ്; എ ക്ലാസ്സ് ലൈബ്രറിയായി പുതു തലമുറയ്ക്ക് അറിവിന്റെ വെളിച്ചമേകാൻ. അക്ഷരമുത്തശ്ശിയുടെ എഴുപതാം പിറന്നാൾ ആഘോഷമാക്കാനൊരുക്കം തുടങ്ങിക്കഴിഞ്ഞൂ, ഏഴാച്ചേരി ഗ്രാമം.

 

Advertisment