പാലാ ജനറൽ ആശുപത്രിക്ക് മാണി സി കാപ്പനും നൽകുന്നു 45 ലക്ഷം രൂപ

New Update

* ഡയാലിസിസ് യൂണിറ്റിന് 15 ലക്ഷം

* ഇല്ലാതിരുന്ന ഫയർ ആൻ്റ് സേഫ്റ്റി റൂം നിർമ്മിക്കാൻ  5 ലക്ഷം

* പുതുതായി വിട്ടുകൊടുക്കുന്ന സ്ഥലം ഉപയോഗിച്ച് റോഡ് നവീകരിക്കാൻ  25 ലക്ഷം

Advertisment

പാലാ:  പാലാ ജനറൽ ആശുപത്രിയിൽ അടിയന്തിര നവീകരണ പ്രവർത്തനങ്ങൾക്കുവേണ്ടി എം എൽ എ ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.

publive-image

ജനറൽ ആശുപത്രിക്കു സർക്കാർ പുതുതായി പത്ത് ഡയാലിസിസ് യൂണിറ്റുകൾ അനുവദിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പാലായിൽ എത്തിച്ച ഈ യൂണിറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് വേണ്ട അടിയന്തിര നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടിയാണ് ഇതിൽ 15 ലക്ഷം രൂപ.

ജനറൽ ആശുപത്രിക്കു ബഹുനില മന്ദിരം നിലവിലുണ്ടെങ്കിലും നിബന്ധനകൾ അനുസരിച്ചുള്ള ഫയർ ആൻ്റ് സേഫ്റ്റി റൂം നിലവിൽ സ്ഥാപിക്കപ്പെട്ടിരുന്നില്ല.

ഇതുമൂലം പല അനുമതികൾക്കും തടസ്സം നേരിട്ടിരുന്നു. അതിനാൽ ഫയർ ആൻ്റ് സേഫ്റ്റി റൂമിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കാൻ 5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

പുതിയമന്ദിരം ആശുപത്രി സ്ഥാപിച്ചിട്ടും അവിടേയ്ക്കുള്ള റോഡിന് വീതിയില്ലാത്തത് ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രിയുമായി എം എൽ എ തിരുവനന്തപുരത്ത് നടത്തിയ ചർച്ചയെത്തുടർന്ന് ആശുപത്രിയുടെ ഉടമസ്ഥതയിൽ ഉള്ള 2. 75 സെൻ്റ് സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ തീരുമാനമായി.

സ്ഥലം അടിയന്തിരമായി കൈമാറാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച ഡി എച്ച് എസ് ഇന്നലെ സ്ഥലം കൈമാറാനുള്ള അനുമതി നൽകിയിട്ടുണ്ട്‌. ഇവിടെ റോഡിന് വീതികൂട്ടി ടാർ ചെയ്യുന്നതിനും സംരക്ഷണ ഭിത്തി കെട്ടി നവീകരിക്കുന്നതിനുമായി 25 ലക്ഷം രൂപയും എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചു.

അടിയന്തിര പ്രാധാന്യം നൽകി നടപടികൾ ആരംഭിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായും മാണി സി കാപ്പൻ അറിയിച്ചു.

Advertisment