പാലാ: പ്രസിദ്ധമായ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലും ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിലും വ്യാഴാഴ്ച മുതൽ പുലർച്ചെയുള്ള പ്രഭാതഭേരി കീർത്തനങ്ങൾ ഉണ്ടാകില്ല; പകരം മൈക്കിലൂടെ മുഴങ്ങുക കൊറോണാ ബോധവൽക്കരണ സന്ദേശങ്ങൾ !
/sathyam/media/post_attachments/qB8zSfvDtdbnfMupnN2R.jpg)
ആരോഗ്യ വകുപ്പിന്റെ ജനബോധവൽക്കരണ നിർദ്ദേശങ്ങളുടെ റെക്കോഡ് പുലർച്ചെ 5.30 നും വൈകിട്ട് ദീപാരാധനയ്ക്കു മുമ്പായും മൈക്കിലൂടെ പ്രക്ഷേപണം ചെയ്യുമെന്ന് കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം ദേവസ്വം പ്രസിഡൻറ് സി. പി. ചന്ദ്രൻ നായരും, കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രം ദേവസ്വം പ്രസിഡന്റ് ടി.എൻ. സുകുമാരൻ നായരും അറിയിച്ചു.
ഇരു ക്ഷേത്രങ്ങളുടെയും മാതൃകാപരമായ ഈ തീരുമാനത്തിന് കോട്ടയം ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യ വകുപ്പും എല്ലാ വിധ പിന്തുണയും നൽകിയിട്ടുണ്ട്.
ഇരു ക്ഷേത്രങ്ങളിലും ഇപ്പോൾ ഭക്തജനങ്ങൾ എത്തുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
ഇതോടൊപ്പം താഴെത്തട്ടിലേക്ക് രോഗ പ്രതിരോധ ബോധവൽക്കരണ നടപടികൾ എത്തിക്കുന്നത് ദൈവീക കാര്യമായിത്തന്നെയാണ് തങ്ങൾ കാണുന്നതെന്ന് ഇരു ക്ഷേത്രങ്ങളുടെയും ഭാരവാഹികൾ പറഞ്ഞു.
മീനച്ചിൽ താലൂക്കിൽ ചെറുതും വലുതുമായ മുന്നൂറോളം ക്ഷേത്രങ്ങളുണ്ട്. എല്ലാ ക്ഷേത്രങ്ങളും ഈ മാതൃക സ്വീകരിച്ചാൽ ആരോഗ്യ വകുപ്പിന്റെ സന്ദേശങ്ങൾ ദിവസവും പുലർച്ചയിലും സന്ധ്യയിലും ലക്ഷക്കണക്കിനു ഭക്തരുടെ കാതുകളിലെത്തും.
കടപ്പാട്ടൂർ ക്ഷേത്രത്തിൽ നിത്യവും നൂറുകണക്കിനു ഭക്തർ എത്തിക്കൊണ്ടിരുന്നതാണ്. അത്യപൂർവ്വ പ്രതിഷ്ഠയുള്ള കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ തിങ്കൾ, വ്യാഴം , ശനി, ഞായർ ദിവസങ്ങളിലായിരുന്നു ഭക്തജനത്തിരക്കേറെ.
രണ്ടു ക്ഷേത്രങ്ങൾക്കും സ്വന്തമായി വാട്സപ്പ് ഗ്രൂപ്പുമുണ്ട്. "കടപ്പാട്ടുരപ്പൻ " ഗ്രൂപ്പിലും, "കാവിൻ പുറത്തമ്മ " ഗ്രൂപ്പിലും ആരോഗ്യ വകുപ്പിന്റെ ബോധവൽക്കരണ സന്ദേശങ്ങൾ തുടർച്ചയായി പ്രചരിപ്പിക്കുമെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us