മനസ്സു വായിച്ച് കുട്ടി മജീഷ്യന്‍ കണ്ണൻ മോൻ. അമ്പരന്ന് സദസ്സ് !

ന്യൂസ് ബ്യൂറോ, പാലാ
Thursday, February 20, 2020

പാലാ:  പ്രമുഖർ മനസ്സിലോർത്ത ഇരുപതിൽപ്പരം വാക്കുകൾ “മനസ്സു വായിക്കൽ വിദ്യയിലൂടെ” വെളിപ്പെടുത്തി മജീഷ്യൻ കണ്ണൻ മോൻ താരമായി.

വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്സ് യു.പി. സ്കൂളിലെ പഠനോത്സവ ഉദ്ഘാടന വേദിയിലാണ് വിശിഷ്ട വ്യക്തികളെയും കാണികളെയും, അമ്പരപ്പിച്ചു കൊണ്ട് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി കൂടിയായ മജീഷ്യൻ കണ്ണൻ മോൻ എന്ന എസ്. അഭിനവ് കൃഷ്ണ വിസ്മയ പ്രകടനം നടത്തിയത്.

പഠനോത്സവ ഉദ്ഘാടകൻ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ, പഞ്ചായത്ത് മെമ്പർ ഷൈനി സന്തോഷ്, രാമപുരം ബി. ആർ. സി. ഓഫീസർ ജി. അശോക്, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി സെബാസ്റ്റ്യൻ, പി.ടി. എ. പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിൽ, എന്നിവർക്ക് ഏതാനും പുസ്തകങ്ങൾ നൽകിയിട്ട് ഇതിലെ ഇഷ്ടമുള്ള വാക്കുകൾ ഓർത്തു വെയ്ക്കാൻ മജീഷ്യൻ നിർദ്ദേശിച്ചു.

തുടർന്ന് എല്ലാവരുടെയും മുഖ ചലനങ്ങളിലേക്ക് സൂക്ഷിച്ച് നോക്കി അവർ ഓർത്ത വാക്കുകൾ അണുവിട തെറ്റാതെ കണ്ണൻ മോൻ പരസ്യമാക്കുകയായിരുന്നു.

ശാസ്ത്ര- സാങ്കേതിക അറിവുകൾ പങ്കുവെച്ച ഇരുപതോളം പ്രോജക്ടുകൾ അണിനിരത്തിയ തണൽമരച്ചുവട്ടിലെ ശാസ്ത്ര മേളയും, കലാമത്സരങ്ങളും പഠനോത്സവത്തിനു മാറ്റുകൂട്ടി. സ്കൂളിൽ പുതുതായി ആരംഭിച്ച ബാൻഡ്സെറ്റിന്റെ ഉദ്ഘാടനവുമുണ്ടായിരുന്നു.

അധ്യാപകരായ ഡൊമിനിക് ജോസഫ്, ജോബി ജോസഫ്, ഷാന്റി അൽഫോൻസ്, സിസ്റ്റർ വിമൽ റോസ്, സിസ്റ്റർ അനീറ്റാ കളരിക്കൽ, സിസ്റ്റർ ലീമാ തുടങ്ങിയവർ സംസാരിച്ചു.

മികച്ച രീതിയിൽ പഠനോത്സവം സംഘടിപ്പിച്ചതിനുള്ള പുരസ്ക്കാരം രാമപുരം ബി.ആർ. സി. ഓഫീസർ ജി.അശോക്, ഹെഡ്മിസ്ട്രസ്സ്‌ സിസ്റ്റർ മേഴ്സി സെബാസ്റ്റ്യന് സമ്മാനിച്ചു.

×