കൊട്ടാരമറ്റം ബസ് സ്റ്റേഷൻ ടൈലുകൾ പാകി നവീകരിച്ചു. ഇനി യാത്രക്കാരും ബസ്സുകളും കുഴിയിൽ വീഴില്ല, നടുവൊടിയില്ല ! പദ്ധതി ചിലവ് 25 ലക്ഷം, പ്രതിവർഷം ലാഭം: 10 ലക്ഷം !

New Update

പാലാ: നഗരസഭയുടെ കൊട്ടാരമറ്റം ബസ് സ്റ്റേഷന് പുതിയ മുഖം. വെള്ളം കെട്ടി നിൽക്കുന്നതുമൂലം വർഷംതോറും തകരുന്ന ബസ് സ്റ്റേഷൻ മുഴുവനും പേവിംഗ് ടൈലുകൾ പാകി നവീകരിച്ച് യാത്രക്കാരുടെയും ബസ് ഉടമകളുടേയും പരാതിക്ക് ശാശ്വത പരിഹാരം ഉണ്ടാക്കിയിരിക്കുകയാണ് നഗരസഭ.

Advertisment

ഒരു വർഷത്തിൽ കുറഞ്ഞത് രണ്ട് തവണ വെള്ളപ്പൊക്കത്തെ തുടർന്ന് വെള്ളം കയറിയും തുടർച്ചയായുള്ള കനത്ത മഴ മൂലവും ബസ് സ്റ്റേഷനിലെ ടാറിംഗ് നശിച്ച് വലിയ കുഴികൾ രൂപപ്പെട്ട് വെള്ളം കെട്ടി നിൽക്കുന്നത് യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

publive-image

ഓരോ വർഷവും ബസ് സ്റ്റേഷൻ റീടാറിംഗിനായും അറ്റകുറ്റപണികൾക്കായും പത്ത് ലക്ഷം രൂപയാണ് നഗരസഭ ചിലവഴിച്ചുകൊണ്ടിരുന്നത്. ചതുപ്പു പ്രദേശമായിരുന്ന സ്ഥലം മണ്ണിട്ട് ഉയർത്തിയാണ് ബസ് സ്റ്റേഷൻ നിർമിച്ചത്.

മഴക്കാലത്ത് ടാറിംഗ് ഇളകി ബസ് സ്റ്റേഷൻ തകരുകയായിരുന്നു. ബസ് സ്റ്റേഷൻ മുഴുവനായും ഇന്റർലോക്കിംഗ് പേവിംഗ് ടൈലുകൾ പാകി നവീകരിക്കപ്പെട്ടതോടെ ഇനി കുഴി രഹിത സ്റ്റാൻഡ് ആയി മാറുകയാണ് കൊട്ടാരമറ്റം കെ. എം. മാണി നിയമസഭാംഗത്വ സുവർണ്ണ ജൂബിലി സ്മാരക ബസ് സ്റ്റേഷൻ.

ജോസ്. കെ. മാണി എം പിയുടെ നിർദ്ദേശത്തെ തുടർന്ന് മുൻ നഗരസഭാദ്ധ്യക്ഷ ബിജി ജോജോ മുൻകൈയെടുത്ത് നഗരസഭയുടെ 2019 - 2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 28 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ പദ്ധതി നടപ്പാക്കിയത്.

മുൻ നഗരസഭാ ചെയർപേഴ്സണും വാർഡ് കൗൺസിലിലറുമായ ലീന സണ്ണിയും, കൗൺസിലർ ബിജു പാലാ പടവനും നിരന്തരമായി ഇടപെട്ടാണ് മഴക്കാലത്തിനു മുമ്പേ ബസ് സ്റ്റാൻഡ് നവീകരണം സമയബന്ധിതമായി പൂർത്തിയാക്കിയത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇടയ്ക്ക് നിർമ്മാണം നിർത്തിവയ്ക്കപ്പെട്ടിരുന്നുവെങ്കിലും ഇടക്ക് ലഭിച്ച ഇളവുകൾ പ്രയോജനപ്പെടുത്തി പണികൾപൂർത്തിയാക്കുകയായിരുന്നു. ലോക്ക് ഡൗൺ പിൻ വലിക്കുന്ന മുറയ്ക്ക് ബസ് സ്റ്റേഷൻ തുറന്നു നൽകുമെന്ന് ചെയർപേഴ്സൺ മേരി ഡോമിനിക് അറിയിച്ചു.

ഓടയും തണൽമരങ്ങൾക്ക് ചുറ്റുതറകളും നിർമ്മിക്കണം - ജോസ്. കെ. മാണി

കൊട്ടാരമറ്റം ബസ് സ്റ്റേഷനിൽ മഴവെള്ളം കെട്ടി നിൽക്കാതെ ഒഴുകി പോകുന്നതിന് ആഴം കൂടിയ നീർചാൽ കൂടി നിർമ്മിക്കണമെന്നും തണൽമരങ്ങൾക്ക് ചുറ്റും തറ നിർമ്മിച്ച് യാത്രക്കാർക്ക് ഇരിക്കുന്നതിന് സൗകര്യപ്പെടുത്തണമെന്നും നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ ജോസ് കെ. മാണി എം. പി നിർദ്ദേശിച്ചു.

വാട്ടർ അതോറിട്ടറി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ചതു മൂലം തകർന്നു കിടക്കുന്ന പാലാ - കോഴാ റോഡ് മഴക്കാലത്തിനു മുൻപ് റീ ടാർചെയ്യുവാൻ നടപടി സ്വീകരിക്കുവാൻ പൊതുമരാമത്ത് വകുപ്പിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

ബസ് സ്റ്റേഷന്റെ പ്രവേശന കവാടത്തിലെ പൊതുമരാമത്ത് റോഡ് ഭാഗം തകർന്ന് കിടക്കുകയാണ്.

ബസ് സ്റ്റേഷൻ നവീകരിച്ച് ബസ്സുകൾക്കും യാത്രക്കാർക്കും സൗകര്യപ്രദമാക്കിയ നഗരസഭയേയും ജോസ്. കെ. മാണി എം. പിയേയും പാസഞ്ചേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി ചെയർമാൻ ജയ്സൺ മാന്തോട്ടം അഭിനന്ദിച്ചു.

Advertisment