പാലാ: കേരളാ കോൺഗ്രസ് - എമ്മിലെ രൂക്ഷമായ അഭിപ്രായ ഭിന്നതകൾക്കിടയിലും വിമത വിഭാഗത്തെ ഒപ്പം നിർത്തി പാലാ നഗരഭരണം ജോസ് കെ മാണി വിഭാഗം നിലനിർത്തി. ജോസ് കെ മാണി നിർദ്ദേശിച്ച മേരി ഡൊമിനിക് പുതിയ നഗരസഭാ ചെയർപേഴ്‌സണായി ഇന്ന് രാവിലെ തെരഞ്ഞെടുക്കപ്പെട്ടു. മേരി ഡൊമിനിക് സത്യപ്രതിജ്ഞ ചൊല്ലി പദവി ഏറ്റെടുക്കുകയും ചെയ്തു.
/sathyam/media/post_attachments/vnpMvhKvLw4ygTGjHOlw.jpg)
കേരളാ കോൺഗ്രസ് - എം കൗൺസിലറായ കുര്യാക്കോസ് പടവൻ നേതൃത്വം നൽകുന്ന വിമത വിഭാഗവും മേരി ഡൊമിനിക്കിനെ പിന്തുണയ്ക്കുകയായിരുന്നു. നേരത്തെ പടവനും അനുയായികളും ജോസഫ് ഗ്രൂപ്പിൽ ചേർന്നതായി പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും ജോസഫ് ഗ്രൂപ്പിന്റെ തന്ത്രങ്ങൾ പാലായിൽ വിലപ്പോയില്ല.
പകരം ജയിച്ചത് തങ്ങളുടെ നോമിനിയാണെന്ന് സ്ഥാപിക്കുന്നതിന് ഇന്നലെ രാത്രി തന്നെ മേരി ഡൊമിനിക്കിന്റെയും പി ജെ ജോസഫിന്റെയും കെ എം മാണിയുടെയും ഫോട്ടോ പതിച്ച ഫ്ളക്സ് ബോർഡുകൾ നഗരത്തിലുടനീളം സ്ഥാപിക്കുകയായിരുന്നു ജോസഫ് വിഭാഗം ചെയ്തത്.
രാഷ്ട്രീയത്തിൽ ഏത് കോലവും കെട്ടാൻ മാനം ഒരു പ്രശ്നമായി കാണാത്ത 'പുതിയ' ജോസഫ് വിഭാഗം നേതാവിന്റെ നേതൃത്വത്തിലായിരുന്നു അർദ്ധരാത്രിയിലെ 'ഫ്ളക്സ് പ്രചരണം'.
അതിനിടെ മുമ്പ് ജോസഫ് ഗ്രൂപ്പിൽപ്പോയ നഗരസഭാ കൗൺസിലർമാർ ഉൾപ്പെടെ ചിലർ ജോസ് കെ മാണി വിഭാഗത്തിലേക്ക് മടങ്ങുകയാണെന്ന് സൂചനകളുണ്ട്. പാലാ രൂപതയിലെ ചില പ്രമുഖ വൈദികരുടെ ഇടപെടലാണ് പുതിയ നീക്കത്തിന് പിന്നിൽ.
വിമത നേതാവ് ഉൾപ്പെടെയുള്ളവരോട് തൊടുപുഴയിൽ പോയി കാര്യങ്ങൾ നടത്തുന്നതല്ല പാലായുടെ പാരമ്പര്യമെന്നു വൈദിക പ്രമുഖർ ഉപദേശിച്ചതായാണ് റിപ്പോർട്ട്.
കേരളാ കോൺഗ്രസിലെ പ്രശ്നങ്ങളെ തുടർന്ന് നഗരഭരണത്തിലെ വീതംവയ്‌പ്പ് പ്രതിസന്ധിയിലാകുമോ എന്ന ആശങ്ക യു ഡി എഫിനുണ്ടായിരുന്നു. മുൻ ചെയർപേഴ്‌സൺ ബിജി ജോജോ രാജിവച്ചാൽ പുതിയ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ് അവതാളത്തിലാകുമോ എന്ന ആശങ്ക ശക്തമായിരുന്നു.
എന്നാൽ ജോസ് കെ മാണിയുടെ ഇടപെടൽ ഇക്കാര്യത്തിൽ ഫലം കാണുകയായിരുന്നു. വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ ഉൾപ്പെടെയുള്ളവരെ നേരിൽകണ്ടുതന്നെ ജോസ് കെ മാണി ചർച്ച നടത്തിയിരുന്നു.
ബിജി ജോജോ രാജിവച്ചാൽ മാണിസാറിന്റെ കാലത്ത് ഉണ്ടാക്കിയ ധാരണ പ്രകാരം മേരി ഡൊമിനിക്കിന് അവസാന ടേ൦ അനുവദിച്ചാൽ വിജയം ഉറപ്പിക്കാം എന്ന് വ്യക്തമായ ശേഷമായിരുന്നു പഴയ ചെയർപേഴ്‌സന്റെ രാജിയും പുതിയ തെരഞ്ഞെടുപ്പും നടന്നത്.