പാലാ: ഇന്നലെ പാലാ രാമപുരം ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രസന്നിധിയിൽ നടന്ന വിവാഹവേദിയിലാണ് മാസ്ക്കുകളുമായി രാമപുരം പോലീസെത്തിയത്.
പൂഞ്ഞാർ ചന്ദനപ്പാറയിൽ തങ്കച്ചൻ - മോളി ദമ്പതികളുടെ മകൻ സന്തോഷും രാമപുരം വെള്ളിലാപ്പിള്ളി പുതുക്കളത്തിൽ രാജു - മിനി ദമ്പതികളുടെ മകൾ മീനുവിന്റേയും വിവാഹമായിരുന്നു ഇന്നലെ.
തിരക്കിട്ട് പോന്നതിനാൽ നേരത്തേ എടുത്തു വെച്ച മാസ്ക്കെടുക്കാൻ ഇരുവരും മറന്നു. ക്ഷേത്ര സന്നിധിയിലെത്തിയപ്പോഴാണ് ഇക്കാര്യം ഓർത്തത്.
കാവിൻ പുറം ക്ഷേത്രത്തിൽ വിവാഹം നടക്കുന്ന കാര്യം ഇരു കുടുംബക്കാരും ക്ഷേത്രാധികാരികളും നേരത്തേ തന്നെ രാമപുരം പോലീസിൽ അറിയിച്ചിരുന്നു.
ഇതേ തുടർന്ന് മുഹൂർത്തത്തിനു തൊട്ടു മുമ്പേ രാമപുരം എസ്. ഐ. സെബാസ്റ്റ്യൻ, എ. എസ്. ഐ. ആന്റണി, ജനമൈത്രി ബീറ്റ് ഓഫീസർ പ്രശാന്ത് കുമാർ എന്നിവരുൾപ്പെട്ട പോലീസ് സംഘവും ക്ഷേത്രത്തിലെത്തിയിരുന്നു.
ഇതിനിടെ വരനും വധുവും മാസ്ക്കെടുക്കാൻ മറന്ന വിവരം ചടങ്ങിനെത്തിയ രാമപുരം പഞ്ചായത്തു മെമ്പർ സോണി ജോണി പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി.
അങ്ങനെയെങ്കിൽ പോലീസിന്റെ വിവാഹ സമ്മാനമായി മാസ്ക്കിരിക്കട്ടെ എന്നാശംസിച്ച് എസ്. ഐ. സെബാസ്റ്റ്യനും, ജനമൈത്രി ഓഫീസർ പ്രശാന്ത് കുമാറും കതിർ മണ്ഡപത്തിലെത്തി വധൂവരന്മാർക്ക് മാസ്ക്കുകൾ കൈമാറുകയായിരുന്നു. പോലീസ് ''സമ്മാനം" കൈമാറിയപ്പോൾ കാഴ്ചക്കാരായവർ കയ്യടിച്ചു.
ഇരു കുടുംബത്തിൽ നിന്നുമായി പതിമൂന്നു പേരേ ഈ മംഗള മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാനെത്തിയിരുന്നുള്ളൂ. സാമൂഹ്യ അകലം പാലിച്ചാണ് എല്ലാവരും ചടങ്ങിൽ പങ്കെടുത്തത്. അര മണിക്കൂറിനുള്ളിൽ വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി എല്ലാവരും പിരിഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us