റോഡിനു നടുവിലെ കുഴിയിൽ പി. ഡബ്ലൂ.ഡി. സ്ഥാപിച്ച 'വീപ്പമാല'യിൽ 'മരണമാല്യം' ചാർത്തി പുതിയ സമര രീതി. സമരത്തിനിടെത്തന്നെ ബൈക്ക് കുഴിയിൽ വീണു. യാത്രക്കാരനായ മുൻ മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സി.വി. ജോൺ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉടൻ സമരക്കാർ തന്നെ മറിഞ്ഞ ബൈക്ക് ഉയർത്തിക്കൊടുത്തു !

New Update

പാലാ:  ഇന്നലെ വൈകിട്ട് അഞ്ചരയോടെ ടൗൺ ബസ് സ്റ്റാൻഡിനു സമീപത്തു നിന്ന് റിവർവ്യൂറോഡിലേക്കുള്ള കവാടത്തിലെ കുഴി നന്നാക്കണമെന്നാവശ്യപ്പെട്ട് , പാലാ പൗരാവകാശ സമിതിയുടെയും സി. പി. എം. എൽ-ന്റെയും നേതാക്കളാണ് സമരം നടത്തിയത്.

Advertisment

വീപ്പമാലയിൽ പൂമാലകൾ ചാർത്തി "മരണമാല്യം" അർപ്പിച്ചായിരുന്നു സമരം. കുഴിക്കു മുന്നിൽ നിരത്തിയ വീപ്പയ്ക്ക് ചുറ്റും "മരണ മാല" ചാർത്തിയ ശേഷം പാലാ പൗരാവകാശ സമിതി പ്രസിഡൻറ് ജോയി കളരിക്കൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ചുകൊണ്ടിരിക്കെ ഇതു വഴിയെത്തിയ പൊതുപ്രവർത്തകൻ സി.വി. ജോണിന്റെ ബൈക്ക് കുഴിയിലേക്ക് മറിയുകയായിരുന്നു.

publive-image

ഉടൻ സമരക്കാർ ചേർന്ന് സി.വി. ജോണിനെ പിടിച്ചെഴുന്നേൽപ്പിച്ച്, ബൈക്കുമുയർത്തിക്കൊടുത്തു. കാൽമുട്ടിൽ തൊലി പോയതൊഴിച്ച് ഭാഗ്യവശാൽ മറ്റ് പരിക്കുകളൊന്നും ഇദ്ദേഹത്തിനുണ്ടായില്ല.

"ഇരുചക്രവാഹനങ്ങൾ ഈ കുഴിയിൽ വീണാൽ യാത്രക്കാരുടെ ജീവൻ പോലും നഷ്ടപ്പെട്ടേക്കാമെന്ന് " സമരം ഉദ്ഘാടനം ചെയ്ത ജോയി കളരിക്കൽ പ്രസംഗിക്കുന്നതിനിടെത്തന്നെയാണ് ബൈക്ക് അപകടത്തിൽപ്പെട്ടത് എന്നതും യാദൃശ്ചികതയായി.

മൂന്നു ദിവസത്തിനുള്ളിൽ ഈ കുഴി മൂടിയില്ലെങ്കിൽ പാലാ മുനിസിപ്പൽ ചെയർപേഴ്സണെ ഓഫീസിൽ ഉപരോധിക്കുമെന്ന് സി. പി. എം. എൽ. നേതാക്കൾ മുന്നറിയിപ്പു നൽകി. മരണമാല്യം ചാർത്തൽ സമരത്തിന് ബിജോ ജോർജ്, ഔസേപ്പച്ചൻ ടി., എം. കെ. ശശി തുടങ്ങിയവർ നേതൃത്വം നൽകി.

റോഡിനു നടുവിലെ കുഴി വീപ്പമാല വെച്ച് മറച്ച കാര്യം " കേരള കൗമുദി " കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

പാലാമുനിസിപ്പാലിറ്റി വക റോഡിൽ പി. ഡബ്ലൂ. ഡി. യാണ് അപകട സൂചകമായി വീപ്പമാല സ്ഥാപിച്ചിരുന്നത്.

.പാലാ നഗരഹൃദയത്തിൽ മെയിൻ റോഡിൽ നിന്നും റിവർവ്യൂ റോഡിലേക്കുള്ള ഇട റോഡിന്റെ കവാടത്തിലായിരുന്നൂ ഈ അപകട സൂചക വീപ്പ വലയം!

ഇട റോഡിന്റെ തുടക്കത്തിലുള്ള ഓടയ്ക്കു മുകളിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ ഗ്രില്ലുകൾ വളഞ്ഞൊടിഞ്ഞതിനെ തുടർന്നാണിവിടെ അപകട ഭീഷണി ഉയർന്നത്.

ദിവസേന നൂറുകണക്കിനു വാഹനങ്ങളും ആയിരക്കണക്കിനു കാൽ നടയാത്രക്കാരും സഞ്ചരിക്കുന്ന വഴിയിലെ ഈ അപകടക്കുഴി നന്നാക്കാൻ പാലാ നഗരസഭാധികൃതർ തയ്യാറായതേയില്ല.

publive-image

തങ്ങളുടെ റോഡ് അല്ലാതിരുന്നിട്ടുപോലും ഇവിടെ വീപ്പകൾ നിരത്തി അപകടസൂചനയെങ്കിലും നൽകിയത് പാലാ പി.ഡബ്ലൂ .ഡി.റോഡ്സ് വിഭാഗം അധികാരികളാണ്.

ഇതിപ്പോൾ ഇവർക്ക് പാരയുമായി; എന്തായാലും അപകട സൂചകമൊരുക്കിയില്ലേ, ഇനി നിങ്ങൾ തന്നെ പുതിയ ഗ്രില്ല് കൂടി സ്ഥാപിച്ച് അപകടമൊഴിവാക്കണം എന്നാണിപ്പോൾ പി. ഡബ്ലൂ. ഡി. അധികാരികളോടുള്ള പാലാ നഗരസഭാധികാരികളുടെ പരിദേവനം.

പുതിയ സ്റ്റീൽ കമ്പിയൊക്കെയിട്ട് ഗ്രില്ല് സ്ഥാപിക്കണമെങ്കിൽ ചുരുങ്ങിയത് മുപ്പതിനായിരം രൂപയെങ്കിലും വേണ്ടി വരും. അത്രയും തുക മുടക്കാനുള്ള ശേഷി ഇപ്പോൾ തങ്ങൾക്കില്ലെന്നാണ് പാലാ നഗരസഭാധികാരികളുടെ നിലപാട്.

പല ന്യായങ്ങൾ നിരത്തി ബന്ധപ്പെട്ടവർ റോഡ് നന്നാക്കാതെ ഒഴിഞ്ഞു മാറുമ്പോൾ യാത്രക്കാരുടെയും വാഹന ഡ്രൈവർമാരുടെയും ദുരിതം കാണാൻ ആർക്കും കാഴ്ചയില്ല എന്നതാണ് അവസ്ഥ!

ഇന്നലെ സമരത്തിനിടെത്തന്നെ നൂറു കണക്കിനാളുകൾ നോക്കി നിൽക്കെ ബൈക്ക് കുഴിയിൽ വീണ് അപകടമുണ്ടായത് അറിഞ്ഞെങ്കിലും അധികാരികൾ കണ്ണു തുറന്നെങ്കിൽ എന്നാശിക്കുകയാണ് സമരക്കാർ.

Advertisment