കോവിഡ് ലോക്ക് ഡൗണിന്റെ ഒന്നര മാസത്തിനിടെ സാംജി പഴേപറമ്പനും പാലാ വിനയകുമാറും ചേർന്ന് തയ്യാറാക്കിയത് അഞ്ച് ഷോർട്ട് ഫിലിമുകൾ ; എല്ലാം കോവിഡിനെതിരെയുള്ള ജനകീയ സന്ദേശങ്ങളും ആശയങ്ങളും ഉൾച്ചേർന്നത്

New Update

പാലാ:  ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് സാംജിയും വിനയനും ചേർന്ന് സ്വന്തം മൊബൈൽ ഫോണിൽ ചിത്രീകരിച്ചതാണ് "വീട്ടിലിരിക്കൂ" എന്ന ഹ്രസ്വചിത്രം. ലോക്ക് ഡൗണിൽ വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതായിരുന്നു ഇതിവൃത്തം.

Advertisment

മൊബൈൽ ഫോണിലെ ഷൂട്ടിംഗ് മികച്ചതായതോടെ ഇരുവരുടേയും സുഹൃത്തുക്കളുടേയും ആത്മവിശ്വാസം വർധിച്ചു.

publive-image

തുടർന്ന് ലോക്ക് ഡൗൺ കാലത്ത് ടൗണിൽ പോയ ആളുടെ അനുഭവവും, ലോക്ക് ഡൗണിൽ മദ്യം കിട്ടാതെ ബുദ്ധിമുട്ടുന്ന മദ്യപാനിയുടെ മനോവിചാരങ്ങളും, നിയമം പാലിക്കാനുള്ള ജനങ്ങളുടെ വൈമനസ്യവുമെല്ലാം കഥാ തന്തുവാക്കിയ നാലു ടെലിഫിലിമുകൾ കൂടി ഇവർ പുറത്തിറക്കി. ഇവയെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നാട്ടിൽ ഇവർക്ക് താരപരിവേഷവും.

അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രങ്ങളെ വീട്ടിലിരുന്ന് മൊബൈൽ ഫോണിൽ ഷൂട്ട്‌ ചെയ്ത് എഡിറ്ററായ അലൻ മാത്യുവിന് ഇന്റർ നെറ്റ് വഴി അയച്ചു കൊടുക്കുകയായിരുന്നു. സാംജിയുടെ ഭാര്യ റാണിയും , വിനയകുമാറിന്റെ ഭാര്യ ആതിരയുമായിരുന്നു പ്രധാന ക്യാമറവുമൺമാർ.

പൂവരണി ഡിയാനാ മീഡിയായുടെ ബാനറിൽ സാംജി പഴേപറമ്പിൽ നിർമിച്ച അഞ്ച് ഷോർട്ട് ഫിലിമുകളുടേയും സംവിധാനം പാലാ വിനയകുമാറാണ് നിർവ്വഹിച്ചത്.

publive-image

പൊതുപ്രവർത്തകനും സ്റ്റുഡിയോ ഉടമയുമായ സാംജിയും, വീഡിയോഗ്രാഫറായ വിനയനും ചേർന്ന് ഇതിനു മുമ്പ് നിരവധി ടെലിഫിലിമുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴത്തെ ചിത്രങ്ങളെല്ലാം പക്ഷേ മൊബൈൽ ഫോണിലാണ് ചിത്രീകരിച്ചത്.

ഇരുവർക്കും പുറമെ മന്ത്രി എ. കെ. ശശീന്ദ്രന്റെ ഓഫീസ് സ്റ്റാഫ് കൂടിയായ പ്രൊഫഷണൽ നാടക നടൻ സതീഷ് കല്ലക്കുളം, വൈശാഖകൻ, പ്രദീപ് എന്നിവരുമായിരുന്നു അഞ്ചു ഷോർട്ട് ഫിലിമുകളിലേയും അഭിനേതാക്കൾ.

അഞ്ചു ചിത്രങ്ങളും ഞായറാഴ്ച ജോസ്. കെ. മാണി എം. പി, മാണി. സി. കാപ്പൻ എം. എൽ. എ., പാലാ നഗരസഭാ ചെയർപേഴ്സൺ മേരി ഡൊമിനിക്, പാലായിലെ മാധ്യമ പ്രവർത്തകർ എന്നിവരുടെ മുമ്പിൽ പ്രദർശിപ്പിക്കുമെന്ന് സംവിധായകൻ വിനയകുമാർ പറഞ്ഞു.

Advertisment