Advertisment

ഒരു മുത്തച്ഛനും ഒന്നര വയസ്സുകാരി പേരക്കുട്ടിയും ചേർന്ന് വീട്ടുമുറ്റത്തു നടത്തിയ "മഴക്കുളിയും കളിയും" കണ്ടത് പത്തുലക്ഷത്തിലധികം പേർ ! സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ 30 സെക്കന്റ് വീഡിയോയിലെ "താരങ്ങൾ" പാലാക്കാരാണ്.!

author-image
സുനില്‍ പാലാ
Updated On
New Update

ഫേസ്ബുക്കിൽ ഒരു ഗ്രൂപ്പിലെ മാത്രം കാഴ്ചക്കാരുടെ എണ്ണം ബുധനാഴ്ച വരെ 1,042, 730 വരും. ഈ ഗ്രൂപ്പിൽ മാത്രം 18621 പേർ ഈ വീഡിയോ ഷെയർ ചെയ്തു. പതിനായിരത്തിലധികം ലൈക്ക് കിട്ടി. ഇതിനു പുറമേ മറ്റു ഗ്രൂപ്പുകളിലും വാട്സപ്പിലും, ഇൻസ്റ്റാഗ്രാമിലുമൊക്കെയായി കാണികളുടെ എണ്ണം കോടിയോടടുത്തു കാണുമെന്നാണ് സമൂഹമാധ്യമങ്ങളിലെ സ്ഥിരം ഉപയോക്താക്കൾ പറയുന്നത്.

Advertisment

പാലായ്ക്കടുത്ത് വെള്ളിയേപ്പള്ളിയിലെ പുരാതന ക്രൈസ്തവ കുടുംബമായ മേനാമ്പറമ്പിൽ തറവാട്ടിലെ റിട്ട. എസ്.ബി. ഐ. ഉദ്യോഗസ്ഥൻ 63- കാരൻ അലക്സ് മേനാമ്പറമ്പിലും കൊച്ചുമകൾ അൻസു മോളും മഴയിൽ കുളിച്ചതും കളിച്ചതുമാണിപ്പോൾ തോരാമഴ പോലെ സമൂഹമാധ്യമങ്ങളിൽ പെയ്തു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ജൂൺ 23-ന് ഉച്ചകഴിഞ്ഞു കനത്ത മഴ പെയ്തതോടെയാണ് അലക്സും അൻസു മോളും മുറ്റത്തേയ്ക്ക് ചാടിയത്. മഴവെള്ളത്തിൽ ചാടിച്ചാടി ഓടിയ മുത്തച്ഛനൊപ്പം വെള്ളം ചവിട്ടിത്തെറിപ്പിച്ച് ഉത്സാഹത്തോടെ അൻസുവും കൂട്ടുകൂടി. ഇരുവരും നന്നായി നനഞ്ഞു കുളിച്ചു ..... മഴയിൽ ഓടിക്കളിച്ചു.... അലക്സിന്റെ ഇളയ മകൾ സിസി മുപ്പതു നിമിഷത്തോളം ഈ മഴക്കുളിയും കളിയും മൊബൈൽ ഫോണിൽ ഷൂട്ടു ചെയ്തു. അന്ന് വൈകിട്ടോടെ ഫേസ് ബുക്കിൽ വീഡിയോ പോസ്റ്റുചെയ്തു. അപ്പോൾത്തുടങ്ങി കാഴ്ചക്കാരുടെ പേമാരി.

ദില്ലിയും, മുംബൈയും കടന്ന് ഖത്തറിലും, ലണ്ടനിലും അമേരിക്കയിലുമൊക്കെ കുളിക്കാഴ്ച നിമിഷങ്ങൾക്കകം പറന്നെത്തി.

പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ കുഞ്ഞിന് പിന്തുണ നൽകിയ മുത്തച്ഛന് അഭിനന്ദനങ്ങൾ പല വാക്കുകളിൽ ചൊരിഞ്ഞവർ ഒരുപാട് . മഴയും വെയിലും കൊള്ളിക്കാതെ ബോയിലർ കോഴിക്കുഞ്ഞുങ്ങളെപ്പോലെ കുട്ടികളെ വളർത്തുന്ന മാതാപിതാക്കൾക്കു മുന്നിലെ താരമാണ് മുത്തച്ഛാ നിങ്ങൾ എന്ന് കമന്റ് ചെയ്തവരുമുണ്ട്.

publive-image

എടോ, കിളവാ ' ആ കുട്ടിക്ക് പനി പിടിക്കും, ഒരു ടവ്വലെങ്കിലും തലയിട്ടുകൂടാരുന്നോ എന്ന് ചീത്ത വിളിച്ചവരുമുണ്ടെന്ന് പറഞ്ഞ് അലക്സ് പൊട്ടിച്ചിരിച്ചു. അവർക്കറിയില്ലല്ലോ, മേനാമ്പറമ്പിലെ പൊടിക്കുഞ്ഞുങ്ങൾ എപ്പോൾ മഴ കണ്ടാലും കളിക്കാൻ മുറ്റത്തേയ്ക്ക് ഓടുന്നവരാണെന്നും വീട്ടുകാർ അവരെ തടയാറില്ലെന്നും.

എഞ്ചിനീയറിംഗ് കോളജ് അധ്യാപകരായ ചെറി- മീര ദമ്പതികളുടെ മക്കളാണ് 4 വയസ്സുകാരൻ അലക്സ് കുട്ടനും, ഇളയവൾ അൻസു മോളും. അലക്സിന്റേയും അന്നമ്മയുടെയും മൂന്നു മക്കളുടെയും കൊച്ചു മക്കൾ പാടത്തും പറമ്പിലുമൊക്കെ നടക്കാനിറങ്ങുമ്പോൾ ചെരിപ്പു പോലുമിടാറില്ല. വീട്ടിലും പറമ്പിലും നടക്കുമ്പോൾ ചെരിപ്പ് വേണ്ടെന്ന മുത്തച്ഛന്റെ നിർദ്ദേശം കുട്ടികൾക്കുമേറെയിഷ്ടം.

" അവർ മണ്ണിൽ നടക്കട്ടെ, ചെളിയിൽ കളിക്കട്ടെ, മരത്തിൽ കയറട്ടെ, ഓടട്ടെ, ചാടട്ടെ, വീഴട്ടെ, വളരട്ടെ എന്നതാണ് എന്റെ അഭിപ്രായം."

അലക്‌സ് നയം വ്യക്തമാക്കുമ്പോൾ ഭാര്യ അന്നമ്മയും ഉന്നത വിദ്യാഭ്യാസം നേടിയ മക്കൾ ചെറിയും, അന്നയും, സിസിയും ശരിവെയ്ക്കുന്നു. "ഇച്ചാച്ചാ, ദേണ്ടെ മഴ വരുന്നൂ ...." സന്തോഷം കൊണ്ട് തുള്ളിച്ചാടി ഉടുപ്പൂരിയെറിഞ്ഞ് അലക്സ് കുട്ടനും അൻസുമോളും മുറ്റത്തേയ്ക്കോടി, പിന്നാലെ അലക്സ് മുത്തച്ഛനും ......

Advertisment