താമരശ്ശേരി: ചുങ്കം ജംഗ്ഷന് വീതി കൂട്ടി ഇന്റർലോക്ക് കട്ടകൾ പാകുന്നതിനായുള്ള പ്രവൃത്തികളാണ് ഇഴഞ്ഞു നീങ്ങുന്നത്. പ്രവൃത്തി ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും പണി എവിടെയും എത്തിയിട്ടില്ല. ആദ്യപടിയായി നടത്തുന്നത് വീതി കൂട്ടിയ ഭാഗത്ത് അഴുക്ക് ചാൽ നിർമ്മാണമാണ്.
എന്നാൽ അഴുക്ക് ചാൽ കീറിയ ഭാഗത്ത് 'ഭിത്തികളുടെ കോൺക്രീറ്റിനായി കരാറുകാരുടെ കൈവശമുള്ളത് ഏതാനും തകിട് ഷീറ്റുകൾ മാത്രം. ഓരോ ദിവസവും ഏതാനും മീറ്ററുകൾ മാത്രം കോൺക്രീറ്റ് ചെയ്ത് അടുത്ത ദിവസം ഈ ഷീറ്റുകൾ പൊളി ച്ചെടുത്താണ് തുടർന്നുള്ള ഏതാനും മീറ്റർ ഭാഗത്ത് കോൺക്രീറ്റ് ചെയ്യുന്നത്.
തിരക്കേറിയ ജംഗ്ഷനിൽ രാത്രികാലങ്ങളിൽ പണി നടത്തിയാൽ ഗതാഗത സ്തംഭനം ഒരു പരിതി വരെ ഒഴിവാക്കാൻ സാധിക്കും, പൊതുവെ തിരക്കും, ഗതാഗത കുരുക്കും കൂടിയ ഭാഗത്ത് പണി നടക്കുംമ്പോൾ കുരുക്ക് രൂക്ഷമാവുകയാണ്.
കൂടാതെ പൊടിപടലം മൂലം കച്ചവട സ്ഥാപനങ്ങൾ തുറക്കാനും, റോഡിലൂടെ നടക്കാനും പറ്റാത്ത അവസ്ഥയാണ്. അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ഇല്ലാത്ത കരാറുകാർക്ക് പ്രവൃത്തി നൽകിയതു കാരണമാണ് പണി ഇഴഞ്ഞു നീങ്ങുന്നതെന്നാണ് നാട്ടുകാരുടെ പരാതി.