താമരശ്ശേരി: മോഷ്ടിച്ച ബൈക്കുമായി 20 കാരൻ പോലീസ് പിടിയിൽ. പേരാമ്പ്ര പുറ്റംപൊയില്‍ കണിക്കുങ്ങര അഫ്‌നാജ് (20) ആണ് വാഹന പരിശോധനക്കിടെ പോലീസിന്റെ പിടിയിലായത്.
അഫ്‌നാജ് എത്തിയ കെ എല്‍ 11 ബി എഫ് നമ്പര്‍ ബുള്ളറ്റിന്റെ രേഖകള്‍ പരിശോധനക്ക് ആവശ്യപ്പെട്ടപ്പോള്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചതിനെ തുടര്‍ന്ന് വാഹനത്തിന്റെ നമ്പര്‍ പരിശോധിക്കുകയും കോഴിക്കോട് മാങ്കാവ് സ്വദേശി സെയ്ദിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റിന്റേതാണെന്ന് കണ്ടെത്തുകയുമായിരുന്നു.
തന്റെ ബുള്ളറ്റ് വീട്ടിലുണ്ടെന്ന് ഉടമ പോലീസിനെ അറിയിച്ചതോടെ അഫ്‌നാജിനെ കസ്റ്റഡിയിലിടെത്ത് ചോദ്യം ചെയ്യുകയായിരുന്നു. തച്ചംപൊയിലില്‍ നിന്നും മോഷ്ടിച്ചതാണെന്നും നമ്പര്‍പ്ലേറ്റ് മാറ്റിയതാണെന്നും പ്രതി പോലീസിന് മൊഴി നല്‍കി.
കഴിഞ്ഞ ഒക്ടോബര്‍ 12 ന് തച്ചംപൊയിലില്‍ നിന്നും കാണാതായ ചാലക്കര മുഹമ്മദ് ഷംസീറിന്റെ ബുള്ളറ്റാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിക്കപ്പെടാതിരിക്കാന്‍ ബുള്ളറ്റിന്റെ നിറവും മാറ്റിയിരുന്നു.
ഇയാള്‍ക്കെതിരെ വിവിധ സ്‌റ്റേഷനുകളിലായി ഏഴ് മോഷണക്കേസുകള്‍ നിലവിലുണ്ടെന്നും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
എസ് ഐ. പി എന്‍ മുരളീധരന്‍, സി പി ഒ മാരായ പി വി ബഷീര്‍, ടി സുരേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.