താമരശ്ശേരി: മൂന്നു മാസത്തിലധികമായി താമരശ്ശേരി ചുങ്കത്ത് റോഡരികിൽ അന്തിയുറങ്ങിയിരുന്ന മയിലമ്മയും, ബാലുച്ചാമിയും സ്വന്തം ഭൂമിയിലേക്ക് മടങ്ങി. മയിലമ്മക്ക് അമ്പായത്തോട് മിച്ചഭൂമിയിൽ ഉണ്ടായിരുന്ന സ്ഥലത്ത് അയൽവാസി ചന്ദ്രൻ ഷെഡ് ഉണ്ടാക്കി താമസമാക്കിയതിനെ തുടർന്നാണ് ഇവർക്ക് റോഡരികിൽ കഴിയേണ്ടിവന്നത്.
https://www.facebook.com/sathyamonline/videos/167572331326978/
സംഭവം മാധ്യമങ്ങൾ വാർത്തയാക്കുകയും കലക്ടറുടെ ശ്രദ്ധയിൽപ്പെടുകയും, റവന്യൂ അധികൃതർ ഇടപെടുകയും ചെയ്തതിനെ തുടർന്നാണ് ചന്ദ്രൻ മയിലമ്മയുടെ ഭൂമിയിൽ കെട്ടിയ ഷെഡ് പൊളിച്ചുമാറ്റി ഒഴിഞ്ഞു പോയത്.
ഇരുപത് വർഷത്തിലധികമായി മയിലമ്മ ഇവിടെ താമസക്കാരിയാണെങ്കിലും, ഇടക്കാലത്ത് ചികിത്സാർത്ഥം മെഡിക്കൽ കോളേജിൽ ആവുകയും തുടർന്ന് 5 വർഷത്തോളം ഭിക്ഷാടനത്തിനായി ഊരുകൾ ചുറ്റലുമായിരുന്നു.
തന്റെ കൂര നിലനിന്നിരുന്ന തറയിൽ ചെറുമകന്റെ സമ്മതത്തോടെ മയിലമ്മ തിരിച്ചെത്തിയാൽ ഒഴിഞ്ഞു കൊടുക്കാമെന്ന ഉറപ്പിലാണ് ചന്ദ്രൻ ഷെഡ് കെട്ടിയെതെന്ന് പറയുന്നു.
മൂന്നു മാസം മുൻപ് മയിലമ്മ തിരിച്ചെത്തി ഭൂമിയിൽ നിന്നും ചന്ദ്രനെ ഒഴിവാക്കി തന്റെ ഭൂമി തിരിച്ചേൽപ്പിക്കണമെന്നാവശ്യപ്പെട്ടെങ്കിലും ചന്ദ്രൻ ഒഴിഞ്ഞിരുന്നില്ല. തുടർന്നാണ് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് മയിലമ്മയുടെ ഭൂമി തിരികെയേൽപ്പിക്കാൻ ചന്ദ്രന് നിർദ്ദേശം നൽകിയത്.
ഭൂമി തിരികെ ലഭിച്ചെങ്കിലും അവിടെ ഒരു ഷെഡ് പോലും നിലവിലില്ല. തനിക്ക് ഒരു കൂര നിർമ്മിക്കാൻ എല്ലാവരും സഹായിക്കണമെന്നതാണ് മയിലമ്മയുടെ ആവശ്യം. ഇന്നു രാവിലെ ഓട്ടോറിക്ഷയിലാണ് മയിലമ്മ ചുങ്കം റോഡരികിൽ നിന്നും സ്വന്തം ഭൂമിയിലേക്ക് മടങ്ങിയത്.