കോടികള്‍ പിടിച്ചെടുത്ത് വെല്ലൂര്‍ മോഡലില്‍ ഇലക്ഷന്‍ റദ്ദാക്കാനായി കനിമൊഴിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് ഇളിഭ്യരായി ? ഒന്നും കിട്ടിയില്ല , തൊട്ടുപിന്നാലെ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് എം കെ സ്റ്റാലിനും രംഗത്ത്

ന്യൂസ് ബ്യൂറോ, ചെന്നൈ
Tuesday, April 16, 2019

ചെന്നൈ∙ ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടിൽ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് ഇളിഭ്യരായി . തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതരും ഒപ്പമുണ്ടായിരുന്നു. തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല സംഭവം പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ഡിഎം കെ തിരിച്ചു വിടുകയും ചെയ്തു .

കോടിക്കണക്കിനു രൂപ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ബിജെപി നേതാക്കളുടെ വീട് കാണിച്ചുതരാമെന്നും റെയ്ഡ് നടത്താന്‍ ധൈര്യമുണ്ടോ എന്നും ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ വെല്ലുവിളിച്ചു. റെയ്ഡിനു നിര്‍ദേശം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.

ദക്ഷിണേന്ത്യയില്‍ ഉള്‍പ്പെടെ ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ കോടികളാണ് തെരഞ്ഞെടുപ്പിന്‍റെ പേരില്‍ ഒഴുകുന്നതെന്ന ആരോപണം ശക്തമാണെങ്കിലും നടപടിയില്ലെന്ന് ആരോപണമുണ്ട്  .

കനിമൊഴിയുടെ വീടിന്റെ ഒന്നാം നിലയിൽ കണക്കിൽപെടാത്ത പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധനയെന്നും എന്നാൽ വിവരം തെറ്റായിരുന്നുവെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ‌ അറിയിച്ചു.

നിലവിൽ രാജ്യസഭാംഗമായ കനിമൊഴി, തൂത്തുക്കുടി മണ്ഡലത്തിൽ നിന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നടപടി രാഷ്ട്രീയപ്രതികാരമാണെന്നു ഡിഎംകെ പ്രതികരിച്ചു. പരിശോധനയ്ക്കു നിർദേശം നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു കനിമൊഴിയുടെ സഹോദരനും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജന്റെ വീട്ടിൽ കോടികളാണ് സൂക്ഷിച്ചിട്ടുള്ളതെന്നും എന്തുകൊണ്ടാണ് അവിടെ റെയ്ഡില്ലാത്തതെന്നും സ്റ്റാലിൻ ചോദിച്ചു. ആദായ നികുതി വകുപ്പ്, സിബിഐ പോലുള്ള സ്ഥാപനങ്ങളെ ഉപയോഗിച്ചിരുന്ന മോദി ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷനെയും ഉപയോഗിക്കുകയാണെന്നു സ്റ്റാലിൻ പറഞ്ഞു.

അതേസമയം, തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷൻ‌ ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. തിരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അംഗീകരിക്കുകയായിരുന്നു.

വെല്ലൂർ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർഥി കതിർ ആനന്ദിന്റെ ഓഫിസിൽ നിന്നു കണക്കിൽ‌പെടാത്ത പണം കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഏപ്രിൽ 18–നാണ് തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പ്.

×