കേരളം

വണ്ടിയ്ക്ക് പിന്നിൽ കെട്ടിയിട്ട നായയുമായി യുവാവ് കാറോടിച്ചത് കിലോമീറ്ററുകൾ; ടാറിട്ട വഴിയിലൂടെ വേ​ഗത്തിൽ സഞ്ചരിച്ച വണ്ടിയ്ക്കു പിന്നിൽ നിരങ്ങി ​ഗുരുതരമായി പരുക്കേറ്റ നായ ചത്തു; അച്ഛൻ വണ്ടിയിൽ നായയെ കെട്ടിയത് അറിഞ്ഞില്ലെന്ന് യുവാവ്

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, July 26, 2021

കോട്ടയം; വണ്ടിയ്ക്ക് പിന്നിൽ കെട്ടിയിട്ട നായയുമായി യുവാവ് കാറോടിച്ചത് കിലോമീറ്ററുകൾ. ടാറിട്ട വഴിയിലൂടെ വേ​ഗത്തിൽ സഞ്ചരിച്ച വണ്ടിയ്ക്കു പിന്നിൽ നിരങ്ങി ​ഗുരുതരമായി പരുക്കേറ്റ നായ ചത്തു. സംഭവം കണ്ട നാട്ടുകാരാണ് പരാതിയുമായി പൊലീസിൽ സമീപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയർക്കുന്ന സ്വദേശിയായ ജെഹു കുര്യൻ തോമസ് അറസ്റ്റിലായി. എന്നാൽ നായയെ പിന്നിൽ കെട്ടിയിട്ടിരുന്ന വിവരം താൻ അറിഞ്ഞില്ലെന്നാണ് യുവാവ് പറയുന്നത്.

ഞായറാഴ്ച പുലർച്ചെ അയർക്കുന്നം- ചേന്നാമറ്റം റോഡിൽ പുലർച്ചെ ആറരയോടെയാണ് സംഭവം. നാട്ടുകാരാണ് കാറിനു പിന്നിൽ കെട്ടിവലിച്ച നിലയിൽ കാർ പോകുന്നതു കണ്ടത്. സിസിടിവിയിലും ഇത് കണ്ടെത്തിയതോടെ സംഭവം പൊലീസിൽ അറിയിച്ചു. ദൃശ്യങ്ങളിൽ വാഹന നമ്പർ വ്യക്തമായിരുന്നില്ല. തുടർന്ന് ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷത്തിലാണ് യുവാവ് അറസ്റ്റിലാവുന്നത്.

എന്നാൽ ഞായറാഴ്ച രാവിലെ അയർക്കുന്നത്തു നിന്ന് പണമെടുക്കാൻ പോയ താൻ എടിഎമ്മിന് മുന്നിൽ വാഹനം നിർത്തിയപ്പോഴാണ് നായ കയറിൽ കുരുങ്ങിയ നിലയിൽ ചത്തു കിടക്കുന്നതു കണ്ടത് എന്നാണ് ഇയാൾ പറയുന്നത്.

തലേദിവസം രാത്രി മഴ പെയ്തപ്പോൾ യുവാവിന്റെ അച്ഛൻ നായയെ വാഹനത്തിനു പിന്നാൽ കെട്ടിയിടുകയായിരുന്നു. ഇത് അറിയാതെയാണ് താൻ പുലർച്ചെ വാഹനമെടുത്തതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

×