Advertisment

ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് സ്വപ്‌നയോട് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത് ഞാന്‍ കേട്ടു. ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഇടയ്ക്കിടെ ഫോണ്‍കോളുകള്‍ വരികയും ഹിന്ദിയില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു; സ്വപ്നയെ ചോദ്യം ചെയ്യുന്ന സമയത്ത് ഇ ഡി ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലും സ്വപ്നയെ ഫോഴ്‌സ് ചെയ്ത് ചീഫ് മിനിസ്റ്ററുടെ പേര് പറയിക്കുന്ന തരത്തിലുള്ളതായിരുന്നു; ഞാനുള്ള സമയങ്ങളില്‍ സ്വപ്‌നയെ ഇത്തരത്തില്‍ പ്രഷര്‍ കൊടുത്ത് ചോദ്യം ചെയ്തിരുന്നത് രാധാകൃഷ്ണന്‍ സാര്‍ ആയിരുന്നു; വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി

New Update

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്-ഡോളര്‍ കടത്ത് കേസുകളിലെ പ്രതിയായ സ്വപ്‌ന സുരേഷിനേക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയിക്കുന്ന തരത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ രാധാകൃഷ്ണനാണെന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി.

Advertisment

publive-image

സ്വപ്നയുടെ ശബ്ദരേഖ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ മൊഴി നല്‍കിയത്. സ്വപ്നയെ ചോദ്യം ചെയ്യുന്ന സമയത്ത് ഇ ഡി ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലും സ്വപ്നയെ ഫോഴ്‌സ് ചെയ്ത് ചീഫ് മിനിസ്റ്ററുടെ പേര് പറയിക്കുന്ന തരത്തിലുള്ളതായിരുന്നു.

ഉദ്യോഗസ്ഥയുടെ മൊഴി പൂര്‍ണരൂപം

“ഞാന്‍ 2020 ഏപ്രില്‍ 15 മുതല്‍ പാലാരിവട്ടം സ്റ്റേഷനില്‍ ജോലി ചെയ്തുവരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വാങ്ങിയ സമയം 06-08-20 തീയതി മുതല്‍ ഇടവിട്ട ദിവസങ്ങളില്‍ ഞാന്‍ പ്രൊട്ടക്ഷന്‍ ഡ്യൂട്ടിക്ക് പോയിരുന്നു. രണ്ട് ടേണ്‍ ആയി നാലുപേരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഞാന്‍ ഓഗസ്റ്റ് ആറ്, എട്ട്, 10, 12, 14, 16 തീയതികളില്‍ ഡ്യൂട്ടി ചെയ്തിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ദീപ എന്ന വനിതാ പൊലീസും സ്വപ്‌നയുടെ പ്രൊട്ടക്ഷന്‍ ഡ്യൂട്ടിക്ക് അവിടെയുണ്ടായിരുന്നു. ദീപ വീട്ടില്‍ പോകുന്ന സമയത്തും ഇല്ലാതിരിക്കുന്ന സമയത്തുമൊക്കെ സ്വപ്നയെ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഞങ്ങള്‍ കൂടെയുണ്ടാകാറുണ്ട്. എന്നെ ഇപ്പോള്‍ കേള്‍പ്പിച്ച വോയ്‌സ് ക്ലിപ്പിലെ ശബ്ദം സ്വപ്‌നയുടേതായിട്ടാണ് മനസിലാകുന്നത്. കേള്‍പ്പിച്ച വോയ്‌സ് ക്ലിപ്പില്‍ പറയുന്ന കാര്യങ്ങള്‍ സ്വപ്‌ന എന്നോടും പറഞ്ഞിട്ടുണ്ട്.

സ്വപ്നയെ ചോദ്യം ചെയ്യുന്ന സമയത്ത് ഇ ഡി ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലും സ്വപ്നയെ ഫോഴ്‌സ് ചെയ്ത് ചീഫ് മിനിസ്റ്ററുടെ പേര് പറയിക്കുന്ന തരത്തിലുള്ളതായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. എനിക്ക് ഹിന്ദിയും ഇംഗ്ലീഷും മനസിലാകുന്നതുകൊണ്ട് അവര്‍ പറയുന്നതൊക്കെ എനിക്ക് മനസിലായിരുന്നു. ഇപ്പോള്‍ കേള്‍പ്പിച്ച വോയ്‌സ് ക്ലിപ്പിലെ സംസാരം ആരാണ് റെക്കോഡ് ചെയ്തതെന്നോ എവിടെ വെച്ചാണ് റെക്കോഡ് ചെയ്തതെന്നോ എനിക്കറിയില്ല. ഞാന്‍ സ്വപ്‌നയോടൊപ്പം ചോദ്യം ചെയ്യുന്ന മുറിയില്‍ ഉള്ള സമയം വോയ്‌സ് ക്ലിപ്പില്‍ സ്വപ്‌ന പറയുന്നതുപോലെ നിര്‍ബന്ധിച്ച് മൊഴി പറയിപ്പിക്കുന്നതും കണ്ടിട്ടുണ്ട്.

ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് സ്വപ്‌നയോട് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത് ഞാന്‍ കേട്ടു. ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഇടയ്ക്കിടെ ഫോണ്‍കോളുകള്‍ വരികയും ഹിന്ദിയില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സ്വപ്‌നയെ ഓഗസ്റ്റ് 14-ാം തീയതി കസ്റ്റഡി നീട്ടിക്കിട്ടുന്നതിന് വേണ്ടി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഡ്വക്കേറ്റ് മുഖാന്തിരം കസ്റ്റഡിയില്‍ പീഡിപ്പിക്കുകയാണെന്നും ഉറങ്ങാന്‍ സമ്മതിക്കുന്നില്ലെന്നും പരാതിപ്പെട്ടിരുന്നു.

ആ ദിവസങ്ങളില്‍ ഒക്കെ കൂടുതല്‍ സമയം രാത്രിയിലാണ് സ്വപ്നയെ ചോദ്യം ചെയ്തിരുന്നതും, പുലര്‍ച്ചെയാണ് ചോദ്യം ചെയ്യല്‍ അവസാനിക്കാറ്. ഞാനുള്ള സമയങ്ങളില്‍ സ്വപ്‌നയെ ഇത്തരത്തില്‍ പ്രഷര്‍ കൊടുത്ത് ചോദ്യം ചെയ്തിരുന്നത് രാധാകൃഷ്ണന്‍ സാര്‍ ആയിരുന്നു.

എന്റെ ഡ്യൂട്ടി സമയത്തൊന്നും തന്നെ സ്വപ്ന ഫോണ്‍ ഉപയോഗിച്ച് കണ്ടിട്ടില്ല. സ്വപ്നയെ കസറ്റഡിയിലുള്ള സമയം ഭര്‍ത്താവും മകനും വന്നിട്ടുണ്ടായിരുന്നു. സരിത്തിന്റെ ചില ബന്ധുക്കളും സ്വപ്നയെ കാണാന്‍ വന്നിരുന്നു. സന്ദര്‍ശകരുള്ള സമയം ഞങ്ങള്‍ മാറി നില്‍ക്കുമായിരുന്നു. ഓഗസ്റ്റ് 14ന് കോടതിയില്‍ ഹാജരാക്കിയ സമയത്തും ഭര്‍ത്താവും മകനും മാമന്‍ എന്ന് വിളിച്ചയാളും മറ്റും വന്നിരുന്നു. വോയ്‌സ് ക്ലിപ്പിലെ സംഭാഷണത്തില്‍ സ്വപ്‌ന ആരോടാണ് സംസാരിക്കുന്നത് എന്ന് എനിക്കറിയില്ല.

dollar smuggling case
Advertisment