മാസങ്ങളുടെ ജയില്‍വാസത്തിന് ഒടുവില്‍ വിവരാവകാശ പ്രവർത്തകൻ ഡൊമിനിക് സൈമണ്‍ മോചിതനാകുന്നു. എംബസി പരാതി പിന്‍വലിച്ചു,

author-image
admin
New Update

റിയാദിലെ ഇന്ത്യൻ എംബസിയെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ചു എന്ന പരാതിയിൽ സൗദി പോലീസ് അറസ്റ്റ് ചെയ്ത മലയാളിയായ വിവരാവകാശ പ്രവർത്തകൻ ഡൊമിനിക് സൈമണ് മോചനമാകുന്നു..

Advertisment

publive-image

മുന്‍ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെയും സ്വദേശി അഭിഭാഷകരായ നാസർ അൽ ഹുസൈനി, അബ്ദുൽ അസീസ് അൽ അറീനി എന്നിവരുടെ ശ്രമ ഫലമായാണ് ഡൊമിനിക് മാസങ്ങളുടെ ജയിൽ വാസത്തിന് ശേഷം മോചിതനാകുന്നത്. റിയാദിലെ ഇന്ത്യൻ എംബസി ഡൊമിനിക്കിനെതിരായ പരാതിയുടെ കാര്യത്തിൽ നിലപാട് മാറ്റിയതും മോചനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചതും കേസിൽ വഴിത്തിരിവായി.

ഒക്ടോബർ ആറിനായിരുന്നു റിയാദ് ക്രിമിനൽ കോടതിയിൽ ഡൊമിനിക്കിന്റെ കേസിലെ ആദ്യ ഹിയറിങ്. എംബസ്സി അനുകൂല നിലപാട് സ്വീകരിച്ചതോടെ ആദ്യ ഹിയറിങ്ങിൽ തന്നെ മോചനം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കേസ് കോടതി അപ്രതീക്ഷിതമായി ഒക്ടോബർ 21 ലേക്ക് നീട്ടി വെക്കുകയായിരുന്നു.

എംബസ്സിയുടെ പ്രതിനിധി കേസിൽ തങ്ങൾക്ക് പരാതിയില്ല എന്ന നിലപാടെടുത്തിട്ടും കേസ് നീട്ടി വെച്ചത് ഡൊമിനിക്കിനോട് അടുത്ത വൃത്തങ്ങളിൽ ഏറെ നിരാശ സൃഷ്ടിച്ചിരുന്നു. തുടർന്ന് ഇവർ സ്വദേശി അഭിഭാഷകനായ നാസർ അൽ ഹുസൈനിയുമായി ബന്ധപ്പെട്ട് കേസിന്റെ പുരോഗതി ധരിപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം സഹപ്രവർത്തകനായ അബ്ദുൽ അസീസ് അൽ അറീനി നേരിട്ട് കോടതിയിൽ എത്തി.

publive-image

ആദ്യം അറീനിക്ക് കോടതിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടുവെങ്കിലും അദ്ദേഹം പിന്തിരിയാതെ പ്രത്യേക അനുമതി നേടി കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയായിരുന്നു. തുടർന്ന് വിചാരണക്ക് പോലും കാത്തു നിൽക്കാതെ ഡൊമിനിക്കിനെ അടിയന്തിരമായി മോചിപ്പിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. കോവിഡ് മൂലം ഓൺലൈൻ ഹിയറിങ്ങുകൾ മാത്രം അനുവദനീയമായ സാഹചര്യത്തിലാണ് അറീനി പ്രത്യേക താല്പര്യമെടുത്ത് നേരിട്ട് ഹാജരായത്.

കോടതിയിൽ ഡൊമിനിക്കിന് അനുകൂലമായ നിരവധി വിവരങ്ങൾ അഭിഭാഷകർ സമർപ്പിച്ചിരുന്നു. ഡൊമിനിക്കിനെതിരെ പരാതി നൽകിയില്ല എന്ന് കാണിച്ച് ഇന്ത്യൻ എംബസ്സിയിൽ നിന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖയും ഡൊമിനിക്കിനെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കിന്റെ മാതാവ് കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ എതിർകക്ഷിയായ കേന്ദ്ര സർക്കാർ നൽകിയ വിവരങ്ങളും റിയാദിലെ കോടതിയിൽ സമർപ്പിച്ചു.

ഡൊമിനിക്കിനെതിരായ കേസ് നിലനിൽക്കില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇന്ത്യൻ എംബസിക്ക് എതിരെയാണ് ഡൊമിനിക്ക് സമൂഹ മാധ്യമ പരാമർശം നടത്തിയതെന്നും അതിനാൽ ഇത് ഇന്ത്യൻ പൗരനും ഇന്ത്യൻ എംബസിയും തമ്മിലുള്ള വിഷയമാണെന്നും വാദമുണ്ടായി.

ഇതിനാധാരമായി ഒരു രാജ്യവും അതിന്റെ പൗരനും തമ്മിലുള്ള വിഷയത്തിൽ മറ്റൊരു രാജ്യം ഇടപെടാൻ പാടില്ല എന്ന വിയന്ന കൺവെൻഷനിലെ തീരുമാനവും സൗദി അറേബ്യ അതിൽ ഒപ്പു വെച്ച കാര്യവും പരാമർശിക്കപ്പെട്ടു. അതിനാൽ ഡൊമിനിക്കിനെതിരെ കേസ് എടുത്തത് പ്രഥമ ദൃഷ്ട്യാ തെറ്റാണെന്നും അതിനാൽ തന്നെ കേസ് നിലനിൽക്കില്ലെന്നും കോടതിയെ ബോധ്യപ്പെടുത്താൻ ഡൊമിനിക്കിന്റെ അഭിഭാഷകർക്ക് സാധിച്ചു.

തുടർന്നാണ് വിചാരണ പോലും നടത്താതെ ഡൊമിനിക്കിനെ മോചിപ്പിക്കാൻ കോടതി ഉത്തരവായത്. വെള്ളിയാഴ്ച്ച അവധിയായതിനാൽ കോടതി നടപടികൾ പൂർത്തിയാക്കി അവധി ദിവസങ്ങൾക്ക് ശേഷം മാത്രമേ ഡൊമിനിക്കിന്റെ മോചനം സാധ്യമാവൂ എന്നാണ് ഡൊമിനിക്കിനോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

Advertisment