പിടിവാശി ഉപേക്ഷിച്ച് ട്രംപ്; ആദ്യമായി മാസ്‌ക് ധരിക്കാനൊരുങ്ങുന്നു

ന്യൂസ് ബ്യൂറോ, യു എസ്
Friday, July 10, 2020

വാഷിംഗ്ടണ്‍: മാസ്‌ക് ധരിക്കില്ലെന്ന് തന്റെ നയം തിരുത്താനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശനിയാഴ്ച മേരിലാന്‍ഡിലെ വാള്‍ട്ടര്‍ റീഡ് മിലിട്ടര്‍ ഹോസ്പിറ്റലില്‍ മാസ്‌ക് ധരിച്ച് ട്രംപ് സന്ദര്‍ശനം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാസ്‌ക് ധരിക്കുന്നതിലുള്ള വിയോജിപ്പ് കഴിഞ്ഞ മാര്‍ച്ചില്‍ ട്രംപ് അറിയിച്ചിരുന്നു. ‘തനിക്ക് അതിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെ’ന്നായിരുന്നു അന്ന് ട്രംപ് മാസ്‌ക് ധരിക്കാത്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെ കാണാനാണ് ട്രംപ് ശനിയാഴ്ച മിലിട്ടറി ഹോസ്പിറ്റല്‍ സന്ദര്‍ശിക്കുന്നത്.

അതേസമയം, അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 32.74 ലക്ഷമായി ഉയര്‍ന്നു. 136434 പേരാണ് ഇതുവരെ യുഎസില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

×