വാഷിംഗ്ടണ്‍: മലേറിയക്കെതിരായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മരുന്ന് ലഭിക്കാന്‍ ഇന്ത്യയ്ക്കു മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നില്‍ സാമ്പത്തിക താത്പര്യങ്ങളാണെന്ന ആരോപണം ശക്തമാകുന്നു.
ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊറോണയ്‌ക്കെതിരെ ഫലപ്രദമാകില്ലെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിറകേയാണ് ഇത്തരത്തിലൊരു ആരോപണം ശക്തമാകുന്നത്. ഈ മരുന്നിന്റെ ബ്രാന്‍ഡ് പേരായ പ്ലാക്വനില്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് മരുന്ന് കമ്പനിയായ സനോഫിയില്‍ ട്രംപിന് സാമ്പത്തിക താത്പര്യം ഉള്ളതായി ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ചികിത്സ അംഗീകരിച്ചാല്‍ വന്‍കിട മരുന്നു കമ്പനികള്‍ക്കായിരിക്കും ലാഭമെന്നും ഇവരില്‍ പലര്‍ക്കും ട്രംപുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സനോഫിയില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുള്ള കമ്പനിയുടെ ഉടമയായ കെന്‍ ഫിഷര്‍ എന്നയാളാണ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ ആരോപണം കമ്പനി നിഷേധിച്ചു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമാണോയെന്ന കാര്യത്തില്‍ വിവിധ അഭിപ്രായങ്ങള്‍ നിലനില്‍ക്കെ കൊവിഡിനെതിരായി ഇത് ഉപയോഗിക്കണമെന്ന ഉറച്ച നിലപാടിലാണ് ട്രംപ്. എന്നാല്‍ ചില ഡോക്ടര്‍മാര്‍ ഇത് കൊവിഡിനെതിരെ ഫലപ്രദമായി ഉപയോഗിക്കാമെന്നും പറയുന്നു.
ഒറാക്കിള്‍ സ്ഥാപകരില്‍ ഒരാളായ എലിസണുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നിനെ പിന്തുണയ്ക്കുന്നതെന്നാണ് ട്രംപിന്റെ നിലപാട്. വിശദമായ പഠനങ്ങള്‍ നടത്തി സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ധന്‍ ഡോ. ആന്തണി ഫൗസിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ട്രംപിനെ പിന്തുണച്ച് ബ്രൂക്ക്‌ലിന്‍ ഹോസ്പിറ്റല്‍ സെന്ററിലെ ഡോ. ജോഷ്വ റോസെന്‍ബര്‍ഗ് രംഗത്തെത്തി. പ്രതീക്ഷകള്‍ നശിച്ച അമേരിക്കന്‍ ജനതക്ക് ട്രംപിന്റെ നിലപാട് പ്രത്യാശ പകരുന്നതാണെന്നാണ് ജോഷ്വ പറയുന്നത്.