/sathyam/media/post_attachments/rkW4DrFBUTsWUA4gzpQB.jpg)
കൊച്ചി: സംസ്ഥാനത്ത് 38,586 പേര്‍ക്ക് ഇരട്ടവോട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഈ വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ബിഎല്‍ഒമാര്‍ ബന്ധപ്പെട്ട പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കു കൈമാറുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചതിനാല്‍ ഇനി വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താനാകില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.
പട്ടികയില്‍ ഇവരുടെ പേര് പ്രത്യേകം അടയാളപ്പെടുത്തും. ഇരട്ടവോട്ടുള്ള വ്യക്തിയെ കയ്യിലെ മഷി ഉണങ്ങിയതിനു ശേഷം മാത്രമേ ബൂത്തിന് പുറത്തിറങ്ങാന്‍ സമ്മതിക്കുകയുള്ളൂവെന്നും കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി.
ഒരേ പേരും ഒരേ മേല്‍വിലാസവുമുള്ളവര്‍ നിരവധി ഉണ്ടാവുമെന്നും എന്നാല്‍ ഇവരെല്ലാം ഇരട്ടവോട്ടുള്ളവരല്ലെന്നും കമ്മീഷൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്.
ഹര്‍ജിയില്‍ നാളെ കോടതി വിധി പറയും 3,16,671 ഇരട്ടവോട്ടുകള്‍ ഉണ്ടെന്നായിരുന്നു രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടിയിരുന്നതെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്‍റെ സംശുദ്ധി കാത്തുസൂക്ഷിച്ചു നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മിഷന്‍ ഉറപ്പ് നല്‍കി.