ചൈനയെ ആശ്രയിക്കുന്നത് ദേശസുരക്ഷയ്ക്കു തന്നെ അപകടമാണെന്ന് 2014ല്‍ തന്നെ അജിത് ഡോവല്‍ പറഞ്ഞിരുന്നു ; മരുന്നുകള്‍ക്കായി ഇന്ത്യ ചൈനയെ ആശ്രയിക്കരുതെന്ന് അന്ന് ഡോവല്‍ പറഞ്ഞതിന് പിന്നിലെ കാരണം ഇന്ത്യ തിരിച്ചറിയുന്നത് ഇപ്പോള്‍

New Update

ഡല്‍ഹി : 2014-ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കേന്ദ്ര സര്‍ക്കാരിന് ഒരു റിപ്പോര്‍ട്ട് നല്‍കി- മരുന്നുല്‍പാദനത്തിന് ഉപയോഗിക്കുന്ന സജീവ മരുന്നു ഘടകങ്ങള്‍ക്കായി  ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കണം . കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ അന്നത്തെ ആ റിപ്പോര്‍ട്ടിന് പ്രസക്തിയേറുകയാണ്. ചൈനയെ ആശ്രയിക്കുന്നത് ദേശസുരക്ഷയ്ക്കു തന്നെ അപകടമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Advertisment

publive-image

ഇന്ത്യയില്‍ മരുന്നു ലഭ്യത കുറയുന്നത് ഒഴിവാക്കാന്‍ നിര്‍മാണ രംഗത്ത് സ്വയംപര്യാപ്ത കൈവരിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്നു ഡോവല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രാലയം വിദഗ്ധ സമിതി രൂപീകരിച്ച് നടപടികള്‍ സജീവമാക്കിയിരുന്നു. മരുന്നു നിര്‍മാണത്തിന് ആവശ്യമുള്ള 90 ശതമാനം എപിഐയും ഇന്ത്യ ചൈനയില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

സജീവ മരുന്നു ഘടകങ്ങള്‍ക്കായി (എപിഐ) അഥവാ ബള്‍ക്ക് ഡ്രഗ്‌സിനു വേണ്ടി ചൈനയെ അമിതമായി ആശ്രയിക്കുന്നതിന്റെ പ്രതിസന്ധി കോവിഡ് കാലത്താണ് ഇന്ത്യ ശരിക്കും അനുഭവിച്ചറിയുന്നത്. ആവശ്യത്തിന് എപിഐ ഇപ്പോള്‍ ചൈനയില്‍നിന്നു ലഭിക്കുന്നില്ല എന്നത് ഭരണകൂടത്തെ തന്നെ ആശങ്കയിലാക്കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിനായി ദീര്‍ഘകാല ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ അനിവാര്യമായി വന്നാല്‍ എപിഐ രംഗത്ത് സ്വയംപര്യാപ്തത ഇല്ലാത്തത് ഇന്ത്യക്കു തിരിച്ചടിയാകും. മരുന്നുകള്‍ക്കു വേണ്ടി ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു മുന്നില്‍ കൈനീട്ടി നില്‍ക്കേണ്ട അവസ്ഥയുണ്ടാകും.

പ്രതിസന്ധി മുന്നില്‍ കണ്ട് ആവശ്യത്തിന് എപിഐ ലഭ്യമാക്കാനുള്ള നടപടികള്‍ 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ജോയിന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഈശ്വര റെഡ്ഡിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു.

രാജ്യത്തെ എപിഐ വ്യവസായം പുനരുജ്ജീവിപ്പിക്കാനുള്ള പാക്കേജും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ മേഖല ലോകത്തു തന്നെ മൂന്നാം സ്ഥാനത്താണ്. ഇന്ത്യക്ക് ആവശ്യമുള്ള സജീവ മരുന്നു ഘടകങ്ങളുടെ മൂന്നില്‍ രണ്ടു ഭാഗവും ചൈനയില്‍നിന്നാണ് എത്തുന്നതെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഫെബ്രുവരില്‍ ലോക്‌സഭയെ അറിയിച്ചിരുന്നു.

എപിഐ നിര്‍മാണ മേഖലയ്ക്ക് വന്‍തോതില്‍ ഇളവുകള്‍ അനുവദിച്ച് ചൈന കളംപിടിച്ചു. സൗജന്യമായി സ്ഥലം, കുറഞ്ഞ വിലയ്ക്ക് വൈദ്യുതി, വെള്ളം, തൊഴിലാളികള്‍ എന്നിവ സര്‍ക്കാര്‍ തന്നെ കമ്പനികള്‍ക്കു ലഭ്യമാക്കി. തുടര്‍ന്ന് പെന്‍സിലിന്‍ ജി ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന കാഴ്ചയാണു കണ്ടത്.

ഇന്ത്യയില്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ്, സ്വകാര്യ മേഖലയിലെ ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, അലെംബിക് ഫാര്‍മ, സതേണ്‍ പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍, ജെകെ ഫാര്‍മാകെം തുടങ്ങി പെന്‍സിലിന്‍ ജി നിര്‍മാണ രംഗത്തുള്ള എല്ലാ കമ്പനികളെയും ചൈനീസ് കമ്പനികള്‍ മറികടന്നു. മലിനീകരണ പ്രശ്‌നമാണ് എല്ലാ കമ്പനികളും നേരിടുന്ന പ്രധാന വെല്ലുവിളി.

ajith dovel corona drugs
Advertisment