സ്ത്രീധനം വാങ്ങുന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചെടുക്കണമെന്ന് സര്‍വകലാശാലാ ചാന്‍സലര്‍മാരോട് ഗവര്‍ണര്‍

New Update

publive-image

തിരുവനന്തപുരം: സ്ത്രീധനം വാങ്ങുന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചെടുക്കണമെന്ന് സര്‍വകലാശാലാ ചാന്‍സലര്‍മാരോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധന വിവാഹങ്ങളില്‍ പങ്കെടുക്കാതിരിക്കാനുള്ള ധൈര്യം ജനപ്രതിനിധികള്‍ കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീധനത്തിനെതിരെയുള്ള സമരത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

Advertisment

സ്ത്രീധനത്തിനെതിരേയുള്ള സത്യാഗ്രഹത്തിന്റ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ എട്ടുമണിക്ക് രാജ്ഭവനില്‍ തുടങ്ങിയ സത്യാഗ്രഹം വൈകിട്ട് ആറിന് തൈക്കാട് ഗാന്ധിഭവനില്‍ നാരങ്ങാ നീര് കുടിച്ച് ഗവര്‍ണര്‍ അവസാനിപ്പിച്ചു.

കേരളത്തിലെ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന വേളയില്‍ തന്നെ വിദ്യാര്‍ഥികളില്‍ നിന്ന് തങ്ങള്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വാങ്ങണം. ഇത് പാലിക്കാത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്തയക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. വിദ്യകൊണ്ട് നേടേണ്ടത് വിദ്യാഭ്യാസമാണ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹ കമ്പോളത്തില്‍ മൂല്യം ഉയര്‍ത്താനല്ല ഉപയോഗിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ സ്ത്രീധനത്തിനെതിരെ ശക്തമായി മുന്നോട്ടുവരണം. സ്ത്രീധനം ആവശ്യപ്പടുന്ന വിവാഹം വേണ്ടെന്നു പറയാന്‍ തയാറാകണം. അമ്മമാര്‍ മക്കളെ സ്ത്രീധനം വാങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കണം. നിയമത്തിനോ പോലീസിനോ മാത്രമല്ല, സമൂഹമാണ് ഇക്കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ടത്. സമൂഹത്തില്‍ ബോധവത്കരണമുണ്ടാകണം. അതിന് ജനങ്ങള്‍ തന്നെ മുന്നോട്ടു വരണം. സാമൂഹിക അവബോധമില്ലാത്തതു കൊണ്ടല്ല, കേരളത്തില്‍ ഇതെല്ലാം സംഭവിക്കുന്നത്. സാമൂഹിക സൂചികകളില്‍ രാജ്യത്തിനു തന്നെ മാതൃകയാണ് കേരളം. സ്ത്രീധന വിഷയത്തിലും കേരളം അവസരത്തിനൊത്ത് ഉയരണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Advertisment