ഒന്നര മാസം മുൻപാണ് ഒരു ഹൃദയ ചികിൽസ കഴിഞ്ഞു ഇവിടെ നിന്നു ഇറങ്ങിയത്. ജീവിതം, അതിന്റെ സ്വാഭാവിക ഹൃദയമിടിപ്പും താളവും വീണ്ടെടുത്തു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു; അപ്പോഴേക്കും വീണ്ടും തിരിച്ചു ഇവിടേയ്ക്ക് തന്നെ…കൊവിഡ് ബാധിച്ച ഡോക്ടര്‍ ആശുപത്രി വാര്‍ഡില്‍ നിന്ന് എഴുതുന്നു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, August 1, 2020

തിരുവനന്തപുരം: കോവിഡ് ബാധിതയായ വിവരം തുറന്നു പറഞ്ഞുകൊണ്ടുള്ള ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. എറണാകുളം മെഡിക്കൽ കോളേജിലെ അഡീഷണൽ പ്രൊഫസറും ഐഎംഎ വനിതാ ഡോക്ടർമാരുടെ കേരളത്തിലെ ചെയർപേഴ്സണുമായ ഡോ. കവിത രവിയാണ് കോവിഡ് ബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.

ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

കോവിഡ് കവർന്നെടുത്ത എന്റെ രാപ്പകലുകൾ

അടുത്ത പത്തു ദിവസത്തേക്ക് എന്റെ വീടും മേൽവിലാസവും മാറുകയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോവിഡ് ബ്ലോക്കിലെ C 5 എന്ന മുറിയിൽ ആണ് അടുത്ത പത്തു ദിവസം ഞാൻ.

ഏകാന്ത വാസമാണ്.

കോവിഡ് പോസിറ്റിവ് ആയി, വ്യാഴാഴ്ച.

കഴിഞ്ഞ ആഴ്ച തൊഴിൽപരമായ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്ത് എത്തിയതാണ്.

തിരുവനന്തപുരത്തെ ഒരു കോണ്ടാക്റ്റിൽ നിന്നാണ് രോഗ ബാധ ഉണ്ടായത് എന്നാണ് കരുതുന്നത്.
ബിനോയിയുടെ പരിശോധന ഫലം നെഗറ്റീവ് ആണ് എന്നത് ആശ്വാസകരമാണ്.

വ്യാഴാഴ്ച രാവിലെ ഉണർന്നപ്പോൾ മുതൽ കടുത്ത തൊണ്ട വേദനയും തലവേദനയും മൂക്കടപ്പും.
കോവിഡ് ആയിരിക്കുമോ എന്ന് വെറുതെ സംശയം തോന്നി.
പിന്നെ സമാധാനിച്ചു, പനി ആയിരിക്കാം.

രോഗ ലക്ഷണങ്ങൾ പറഞ്ഞപ്പോൾ കോവിഡ് നോഡൽ ഓഫീസറായ ഡോക്ടർ അരവിന്ദ് ആണ് പരിശോധന നടത്തണമെന്ന് നിർദ്ദേശിച്ചത്.
ഉച്ചയോടെ സ്വാബ് ടെസ്റ്റിന് കൊടുത്തു.

എനിക്ക് ആശങ്കകൾ ഒന്നുമില്ലായിരുന്നു.
കാരണം, ആവശ്യമായ മുൻകരുതലുകൾ എല്ലാം ഞാൻ എടുത്തിരുന്നു.
എപ്പോഴും മാസ്ക് ധരിച്ചു, സാനിട്ടയ്‌സർ ഉപയോഗിച്ചു, സാമൂഹിക അകലം പാലിച്ചു.
വീട്ടിനു പുറത്തേക്കു പോകുന്നത് ആശുപത്രിയിൽ ജോലിക്കു പോകാൻ വേണ്ടി മാത്രമായിരുന്നു.

ആരോഗ്യ പ്രവർത്തക എന്ന നിലയിൽ കഴിയുന്നത്ര സാമൂഹിക അവബോധം സൃഷ്ടിക്കാൻ വേണ്ട പരിശ്രമങ്ങളിൽ ഏർപ്പെടുക കൂടി ചെയ്തു.

എങ്കിലും…

ഇന്നലെ വൈകുന്നേരം ആറു മണിയോടെ ഫോണിൽ ഡോ. അരവിന്ദ് വിളിച്ചു.

ഫോൺ ബെല്ലിനെക്കാൾ ഉച്ചത്തിൽ എന്റെ നെഞ്ചിടിപ്പ് ഉയർന്നു.

“മാഡം, ടെസ്റ്റ് പോസിറ്റിവ് ആണ്!”

അയ്യോ!

ഭയന്നില്ല എന്നു പറഞ്ഞാൽ അത് നുണയാകും.

എനിക്ക് ചുറ്റിലും ഉള്ള വസ്തുക്കൾ എല്ലാം കറങ്ങുന്നതു പോലെ തോന്നി.

ഭയം ഒരു ഇഴജന്തുവിനെ പോലെ മേലാകെ അരിച്ചു കയറി.

എന്റെ കാലുകൾ ദുർബലമാകുന്നതും കൈകൾ വിറയ്ക്കുന്നതും എനിക്ക് അനുഭവപ്പെട്ടു.

കണ്ണിലാകെ ഇരുട്ട് കയറുന്നതു പോലെ.

അരവിന്ദ് ഫോണിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

എനിക്ക് ഒന്നും വ്യക്തമായില്ല.

ഒരു നിമിഷം ഞാൻ പെട്ടന്ന് ഈ ലോകത്ത് ഒറ്റയ്ക്കായതു പോലെ.

ഇത്രയേറെ ശ്രദ്ധിച്ചിട്ടും എനിക്ക് ഇങ്ങനെ…

എന്റെ കരച്ചിലിന് ശബ്ദമില്ലായിരുന്നു.

ഒന്നുറക്കെ കരയാൻ പോലും എനിക്കപ്പോൾ ശക്തിയില്ലായിരുന്നു.

ഞാൻ ഒറ്റയ്ക്കായിരുന്നു അപ്പോൾ.
തീർത്തും അശരണയും ദുർബലയും.

ഡോക്‌ടർമാരായ, മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്യുന്ന ഞാനും ബിനോയിയും തൊഴിൽപരമായ കാരണങ്ങളാൽ തന്നെ അസുഖ ബാധിതർ ആകാൻ സാധ്യത ഉള്ളവർ ആകയാൽ ആകുന്നത്ര മുൻകരുതലുകൾ എടുത്തിരുന്നു.

സർക്കാരും ആരോഗ്യ വകുപ്പും നിർദ്ദേശിച്ച മുൻകരുതലുകൾ,
മാസ്‌ക് ധരിക്കൽ, സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ നിർബന്ധമായും പാലിച്ചു.

ഇനി എന്ത്?

അരവിന്ദിന്റെ കോൾ വരുമ്പോൾ ബിനോയ് വീട്ടിൽ ഇല്ല.

ചങ്ങാതിമാരിൽ ചിലരെയും, അമ്മയെയും, അനുജന്മാരിൽ മുതിർന്നവനായ സൂരജിനെയും വിളിച്ചു വിവരം പറഞ്ഞു.

വിങ്ങി കരഞ്ഞു കൊണ്ടാണ് സൂരജ് പ്രതികരിച്ചത്. അമ്മയും നിലവിളിക്കുന്നുണ്ടായിരുന്നു.

നമ്മുടെ പ്രിയപ്പെട്ടവരുടെ നിസ്സഹായതയാണ് നടുക്കമായും നിലവിളികളായും മുഴങ്ങിയത് എന്ന് ഞാൻ അപ്പോൾ തിരിച്ചറിഞ്ഞു.

മക്കളുടെ അമ്പരന്ന മുഖങ്ങൾ കണ്ടില്ലെന്ന് നടിച്ച് അവരെ സമാധാനിപ്പിച്ചു.

കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും ബിനോയ് തിരിച്ചു വീട്ടിൽ എത്തി.

ആശുപത്രിയിൽ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുക എളുപ്പമായിരുന്നില്ല.

കരച്ചിൽ ഒന്നടങ്ങിയിട്ടു വേണമല്ലോ, മനസ്സ് ഒന്നടങ്ങിയിട്ടു വേണമല്ലോ ബാഗിൽ സാധനങ്ങൾ അടുക്കി വെക്കാൻ.

മെഡിക്കൽ കോളജിൽ നിന്ന് കോളുകൾ വന്നു തുടങ്ങി.

റൂം ഒഴിവില്ല. കുറച്ചു നേരം കാത്തിരിക്കേണ്ടി വരും.
റൂം തയ്യാറാകുമ്പോൾ ഞങ്ങൾ വിളിക്കാം, അവർ പറഞ്ഞു.

രാത്രി ഒമ്പതര മണിയോടെ ആശുപത്രിയിൽ എത്തുമ്പോൾ അമ്പരപ്പും സങ്കടവും അടങ്ങിയിരുന്നില്ല.

ഒന്നര മാസം മുൻപാണ് ഒരു ഹൃദയ ചികിൽസ കഴിഞ്ഞു ഇവിടെ നിന്നു ഇറങ്ങിയത്.

ജീവിതം, അതിന്റെ സ്വാഭാവിക ഹൃദയമിടിപ്പും താളവും വീണ്ടെടുത്തു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു.
അപ്പോഴേക്കും വീണ്ടും തിരിച്ചു ഇവിടേയ്ക്ക് തന്നെ…

ആശുപത്രിയിൽ എന്നെ കണ്ട മെഡിക്കൽ പിജി വിദ്യാർഥികൾ ഓടി വന്നു രോഗവിവരങ്ങൾ തിരക്കി.

ഒന്നും പേടിക്കാൻ ഇല്ല മാഡം, അവർ സമാധാനിപ്പിച്ചു മടങ്ങി.

ഇല്ല. ഒന്നും പേടിക്കാനില്ല.
ഞാൻ എന്നെ തന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ആശുപത്രി ബഞ്ചിൽ കാത്തിരിക്കുമ്പോഴാണ് ആ യുവ ദമ്പതികളെ കണ്ടത്.

കോവിഡ് മുക്തരായ ഇരുവരും ആശുപത്രിയിൽ നിന്നു അവരുടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

എനിക്ക് അറിയില്ല നിങ്ങൾ ആരാണ് എന്ന്.

പക്ഷേ, ആ നിമിഷത്തിൽ നിങ്ങൾ ഒരു വലിയ വരമായിട്ടാണ് എന്റെ മുന്നിൽ എത്തിയത്.

രോഗ ബാധിതയായ, ഭയഗ്രസ്തയായ, മനംമടുത്ത് ആശുപത്രിയിൽ എത്തിയ എനിക്ക്, ഞാൻ ചികിത്സ തേടുന്ന അതേ രോഗത്തിൽ നിന്നു മുക്തി നേടിയ രണ്ടു പേരെ കണ്മുന്നിൽ കാണുമ്പോൾ തോന്നുന്ന ആശ്വാസം…

തൊട്ടു പിന്നാലെ ഒരു നാൽവർ സംഘം..

അവരുടെ സംസാര ശൈലി കേട്ടപ്പോൾ ജില്ലയുടെ തീരദേശത്തു നിന്നു വന്നവർ ആണെന്ന് ഉറപ്പായിരുന്നു.

ആശുപത്രി വാസം കഴിഞ്ഞു മടങ്ങിപ്പോവുകയാണ് അവരും.

കോവിഡിനെ തോൽപ്പിച്ചു തന്നെയാണ് അവരും മടങ്ങുന്നത്.

നന്ദി, ചങ്ങാതിമാരേ നന്ദി.

ചില നേരങ്ങളിൽ ജീവിതത്തിൽ ഇങ്ങനെ പ്രത്യക്ഷപ്പെടുന്ന ചിലരുണ്ട്.

ഏതോ ചില ജന്മനിയോഗങ്ങൾ നിർവഹിക്കാൻ എത്തുന്ന ചില അജ്ഞാതർ.

ജീവിതം വഴിമുട്ടി എന്നു കരുതി അമ്പരന്നു നിൽക്കുമ്പോൾ അവർ വന്നു കൈപിടിച്ചു മുന്നോട്ടു നടത്തും.

അതായിരുന്നു എനിക്കപ്പോൾ അവർ.

ചില അറിവുകളും അനുഭവങ്ങളും അനുഭവിച്ചു തന്നെ അറിയണം അതിന്റെ വ്യാപ്തിയും ആഴവും തീവ്രതയും അറിയാൻ. വാക്കുകൾ തോറ്റുപോകും ആ വികാരങ്ങൾ പകർത്താനാകാതെ.

അത്തരം ഒരു അറിവും പ്രകാശവും ആയിരുന്നു അവർ.

രാത്രി വൈകിയിരുന്നു എല്ലാം ഒന്ന് അടങ്ങിയപ്പോൾ.

ബിനോയ് വീട്ടിലേക്കു തിരികെ പോയിരുന്നു.

ഒറ്റക്കാണല്ലോ കോവിഡ് രോഗി കഴിയേണ്ടത്.
ഉറ്റവർക്കു വന്നൊന്നു കാണുവാനോ, ഒന്ന് സമാധാനിപ്പിക്കാനോ പോലും കഴിയില്ല.

മുറിയിലെ ട്യൂബ് ലൈറ്റിനു കടുത്ത പ്രകാശം.
തലവേദന എടുക്കുന്നതു പോലെ.

കിടക്കയിൽ ഡിസ്പോസിബിൾ ഷീറ്റും തലയണ കവറും.

കിടക്കയിൽ കിടന്നു കൊണ്ട് ജനാലയിലൂടെ നോക്കിയാൽ പുറത്ത് തെരുവ് കാണാം.
വാഹനങ്ങൾ ഒഴിഞ്ഞു വിജനമായിരിക്കുന്നു.

ഇടക്കിടക്ക് ആശുപത്രി വാസം ഉണ്ടായിരുന്നുവെങ്കിലും
ആദ്യമായാണ് ഒറ്റക്ക് ഒരു ആശുപത്രിയിൽ ഇങ്ങനെ.

മനസ്സിൽ സങ്കടം ഇരച്ചു വരുന്നുണ്ടായിരുന്നു.

പെട്ടന്ന് ഫോൺ ബെല്ലടിച്ചു.

വീട്ടിൽ നിന്ന് വീഡിയോ കോൾ.

ബിനോയിയും, മകൻ കുക്കുവും മകൾ അക്കുമ്മയുമാണ്.

അമ്മാ…

അവർ വിളിച്ചു.

പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ സംസാരിക്കാൻ അവർ ശ്രമിക്കുന്നുണ്ടായിരുന്നു.

അമ്മയുടെ മുറി എങ്ങനെയുണ്ട്?
വൃത്തിയുണ്ടോ, ഭക്ഷണം കഴിച്ചോ, അവർ തിരക്കി.

പിന്നാലെ, ചില സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും കോളുകൾ, ആശ്വാസ വാക്കുകൾ.

രാത്രി വൈകി നേഴ്‌സ് വന്നു.
പിപിഈ ധരിച്ചു കൊണ്ടാണ് ഇവിടെ എല്ലാവരും എത്തുന്നത്. അവരുടെയും രോഗിയുടെയും സുരക്ഷ കരുതിയാണ് ആ മുൻകരുതൽ.

രോഗമുള്ളവരും രോഗമില്ലാത്തവരും ഒരുപോലെ ജാഗ്രത പാലിച്ചേ മതിയാകൂ.
അലംഭാവത്തിനും അലസതക്കും ഇപ്പോൾ സ്ഥാനമില്ല.
രോഗബാധ ആർക്കു എപ്പോൾ ഉണ്ടാകുമെന്നു പറയാൻ ആർക്കും കഴിയാത്ത സ്ഥിതിയാണ്.

സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും ആവർത്തിക്കുന്ന നിർദ്ദേശങ്ങൾ നാം പാലിച്ചേ മതിയാകൂ.
നമ്മുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തമാണ്.
നാം ജാഗ്രത പാലിച്ചേ മതിയാകൂ.

ഈ ആശുപത്രി ബ്ലോക്കിൽ ഇപ്പോൾ ചികിത്സയിൽ ഉള്ളവരിൽ ഏറിയപങ്കും ആരോഗ്യ പ്രവർത്തകരാണ് എന്ന് ആരോ പറഞ്ഞു.

എനിക്കുള്ള ചികിത്സ തുടങ്ങിക്കഴിഞ്ഞു. ആന്റിബയോട്ടിക്ക് കഴിച്ചു തുടങ്ങാൻ ഡോക്ടർ നിർദ്ദേശം നല്‌കിയത് അനുസരിച്ച് അസിത്രോമൈസിൻ ഗുളിക കഴിച്ചു തുടങ്ങി.
ഒപ്പം എന്റെ പതിവ് മരുന്നുകളും.

നേഴ്‌സ് വന്നു രക്ത പരിശോധനക്ക് ഉള്ള ശ്രമം തുടങ്ങി.
പതിവു പോലെ, രക്തം എടുക്കാൻ ഞരമ്പു കിട്ടുന്നില്ല.

ഓരോ തവണയും സൂചി കുത്തുമ്പോൾ വേദന കാരണം കണ്ണു പൂട്ടി ഞാനിരിക്കും.

നേരം പുലരാൻ ഇനി ഏതാനും മണിക്കൂറുകൾ കൂടി ബാക്കിയുണ്ട്.
ഈ മുറിക്കു ഉള്ളിലെ നാല് ചുവരുകൾക്കു ഉള്ളിലുള്ള ലോകത്തിനു പുറത്ത്‌, മറ്റെല്ലാവരും ഉറങ്ങിക്കാണും.

കടുത്ത ക്ഷീണം തോന്നുണ്ട്.

അൽപ്പനേരം കിടക്കട്ടെ.

കോവിഡ് വാർഡിലെ വിശേഷങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ നിങ്ങളോടു പറയാം.

ഇവിടെയുള്ള ദിവസങ്ങളിൽ ഒരു രോഗി, ഒരു ഡോക്ടർ, ഒരു സ്ത്രീ എന്നീ നിലകളിൽ ഞാൻ കടന്നു പോകുന്ന അനുഭവങ്ങൾ എഴുതാം, നിങ്ങൾക്കു വേണ്ടി.

ജാഗ്രത വേണമെന്നും ഒരു നിമിഷത്തെ അലസതക്ക് പോലും ഇപ്പോൾ നമ്മുടെ ജീവിതത്തിൽ ഇടമില്ലെന്നും നിങ്ങൾ അറിയണം.

അതീവ ഗുരുതരമായ ഒരു ഘട്ടത്തിലാണ് നാമെല്ലാവരും.
ജാഗ്രത പാലിച്ചേ മതിയാകൂ.

ഒന്നുറങ്ങാൻ ഒരുങ്ങുകയാണ് ഞാൻ.

അതിനു മുൻപ് ഒന്നുകൂടി ഓർമ്മിപ്പിക്കട്ടെ.

മറക്കരുത്.

മാസ്‌ക്, സാമൂഹിക അകലം പാലിക്കൽ, സോപ്പിട്ടു കൈ കഴുകൽ.

തോൽക്കില്ല നമ്മൾ.

×