കോവിഡ് വായുവിലൂടെയും പകരും: അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല: ഡോ. രണ്‍ദീപ് ഗുലേറിയ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 18, 2021

ന്യൂഡല്‍ഹി: കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് ഡയറക്ടറും, കൊവിഡ് ദൗത്യസംഘാംഗവുമായ ഡോ. രണ്‍ദീപ് ഗുലേറിയ. അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല. അവ വലിയ വ്യാപനത്തിന് കാരണമാകുമെന്നും അദ്ദഹം പറയുന്നു. എന്‍-95 മാസ്‌കാണ് ആദ്യം നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും സര്‍ജിക്കല്‍ മാസ്‌കും ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്നു.

രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം അതിതീവ്രമാകുകയാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിന കേസുകള്‍ രണ്ടരലക്ഷത്തിലേറെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് ബാധിതരായ 1501 പേര്‍ ഇതേസമയം മരണപ്പെട്ടു.

ഇന്നത്തെ കണക്കോടെ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. പല സംസ്ഥാനങ്ങളിലും ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങള്‍പോലുമില്ല. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നുമാണ് ആരോഗ്യവകുപ്പുകളുടെ നിര്‍ദ്ദേശം.

×