ബാംഗ്ലൂര്‍: മന്ത്രിപദവി ലഭിക്കാത്ത ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതിനിടെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് നടത്തിയ ചര്‍ച്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറുന്നു. മുന്‍ മന്ത്രി ഷമീര്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള നേതാക്കളും സിദ്ധരാമയ്യക്കൊപ്പം രാഹുലിനെ സന്ദര്‍ശിച്ചിരുന്നു.
ഇരുപത്തിയഞ്ചോളം ബിജെപി എംഎല്‍എമാരാണ് കര്‍ണാടകയില്‍ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്നത്. യെദ്യൂരപ്പ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച മുതിര്‍ന്ന നേതാക്കളാണ് ഇവരിലേറെയും. മന്ത്രിസ്ഥാനം മോഹിച്ച് കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തി ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചവര്‍ പോലും ഇപ്പോള്‍ ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്.
ഈ സാഹചര്യത്തില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും അട്ടിമറി സാധ്യതകള്‍ നിലനില്‍ക്കുന്നു എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. മാത്രമല്ല, ജെഡിഎസ് മുഖ്യമന്ത്രി പദവിക്ക് അവകാശവാദം ഉന്നയിക്കാതെ മന്ത്രിസഭയില്‍ ഭാഗഭാക്കാകാന്‍ തയ്യാറായേക്കും എന്നും അഭ്യൂഹമുണ്ട്.
ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പദവി ഉറപ്പാക്കിയ സിദ്ധരാമയ്യ ഏതു കരുനീക്കങ്ങള്‍ക്കും മടിക്കില്ല. തന്ത്രങ്ങളില്‍ അഗ്രഗണ്യനായ സിദ്ധരാമയ്യ, യെദ്യൂരപ്പയെ താഴെയിറക്കി അധികാരം പിടിക്കാനുള്ള ചരടുവലികള്‍ സജീവമാക്കിയതായി സൂചനകളുണ്ടായിരുന്നു.
അതിനിടെ അനുയായികളെ കൂട്ടി അദ്ദേഹം രാഹുലിനെ സന്ദര്‍ശിച്ചത് നിര്‍ണായക കരുനീക്കങ്ങള്‍ക്ക് പിന്തുണ തേടിയാണെന്ന അഭ്യൂഹം ശക്തമാകുകയാണ്. പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിന്‍റെ പിന്തുണയും പുതിയ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.