സീറ്റ് വിഭജനത്തില്‍ തുടങ്ങിയ പുതുമയും യൗവ്വനത്വവും മന്ത്രിസഭയിലുമുണ്ടാകും – ഇനിയൊരു ഡ്രീം കാബിനറ്റ് !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, May 4, 2021

തിരുവനന്തപുരം: ഇനിയൊരു ഡ്രീം കാബിനറ്റ്. മുഖ്യമന്ത്രി പിണറായി വിജയന് പൂര്‍ണ വിശ്വാസമുള്ള മന്ത്രിസഭ. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് കേരളത്തെ സ്വന്തം ലക്ഷ്യത്തിലേയ്ക്കെത്തിക്കാന്‍ ശേഷിയുള്ള മന്ത്രിസഭ.

ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ നാരായണ മൂര്‍ത്തിയോട് ഒരിക്കല്‍ ഒരാള്‍ ചോദിച്ചു: ഒന്നുമില്ലായ്മയില്‍ നിന്ന് ഇന്‍ഫോസിസ് എന്നൊരു സ്ഥാപനം വളര്‍ത്തിയെടുത്ത അങ്ങ് ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍ രാജ്യത്തെ ഒരു വന്‍കിട രാജ്യമാക്കാന്‍ കഴിയില്ലേ ?

ഇന്‍ഫോസിസില്‍ രാജ്യത്തെ ഏറ്റവും വിദഗ്ദ്ധരും സാങ്കേതിക യോഗ്യതകളുള്ളവരുമായ യുവാക്കളെയാണ് ഉദ്യോഗസ്ഥരായി തെരഞ്ഞെടുക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

അദ്ദേഹം പറഞ്ഞതിങ്ങനെ: “അവരെക്കൊണ്ട് മികച്ച രീതിയില്‍ ജോലി ചെയ്യിപ്പിച്ച് നല്ല നിലയിലുള്ള ഫലമുണ്ടാക്കാനാകും. രാജ്യത്ത് ജനപ്രതിനിധികളായി വരുന്നവര്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവരാണ്. അവര്‍ ഒരു സ്വകാര്യ സ്ഥാപനം മികവു മാത്രം നോക്കി തെരഞ്ഞെടുക്കുന്നവരെപ്പോലെയാകണമെന്നില്ല.”

പക്ഷേ തുടര്‍ മുഖ്യമന്ത്രിയാകാന്‍ പോകുന്ന പിണറായി വിജയന് ഒരു സ്വപ്ന മന്ത്രിസഭ രൂപീകരിക്കാനുള്ള സാധ്യതകളൊക്കെ തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്നവരാരും പുതിയ മന്ത്രിസഭയില്‍ വേണ്ടന്നുതന്നെയാണ് ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ ഉയര്‍ന്നു വന്നിരിക്കുന്ന ആദ്യ നിര്‍ദ്ദേശം.

ആരോഗ്യ മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഏറെ തിളങ്ങിയ ശൈലജ ടിച്ചര്‍ പോലും പുതിയ മന്ത്രിസഭയില്‍ വേണ്ടാ എന്ന നിര്‍ദ്ദേശമാണ് വന്നിരിക്കുന്നത്. അങ്ങനെയെങ്കില്‍ എല്ലാംകൊണ്ടും പുതുപുത്തന്‍ മന്ത്രിസഭയായിരിക്കും പിണറായിയുടെ നേതൃത്വത്തില്‍ വരിക.

കഴിഞ്ഞ തെരഞ്ഞെടുപ്പിനു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍തന്നെ ഇതിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരുന്നു. രണ്ടുവട്ടം തുടര്‍ച്ചയായി നിയമസഭാംഗങ്ങളായ എംഎല്‍എമാരാരും മത്സരിക്കേണ്ട എന്ന കടുത്ത തീരുമാനം പലര്‍ക്കും അരോചകമായി.

മന്ത്രിമാരായ ജി സുധാകരന്‍, ഡോ. തോമസ് ഐസക്ക് എന്നിങ്ങനെ പ്രമുഖര്‍ക്കുപോലും മത്സരത്തിനു സാധ്യതയില്ലാതായി. പ്രമുഖരില്ലാതിരുന്നിട്ടും 99 സീറ്റുമായി ഇടതുപക്ഷം തുടര്‍ ഭരണത്തിലേയ്ക്ക് കുതിച്ചതോടെ പിണറായി പറഞ്ഞതാണ് ശരിയെന്നുവന്നു.

എല്ലാവരും പുതുമുഖങ്ങളാണെങ്കില്‍ തികച്ചും യൗവ്വനത്തിലെത്തിയ മന്ത്രിസഭയാകും പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നിലവില്‍ വരിക. അതില്‍ത്തന്നെ മുതിര്‍ന്നയാള്‍ എംവി ഗോവിന്ദന്‍ മാസ്റ്ററാകും. പിന്നെ കളമശ്ശേരിയില്‍ നിന്നു ജയിച്ച പി രാജീവ്. കൊട്ടാരക്കരയില്‍ നിന്നു ജയിച്ച കെഎന്‍ ബാലഗോപാലും മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണനും ഉണ്ടാകും. കാനത്തില്‍ ജമീല, വീണാ ജോര്‍ജ് എന്നിങ്ങനെ രണ്ടു വനിതകള്‍ ഉണ്ടാകാം.

ഘടകകക്ഷികള്‍ക്ക് എങ്ങനെയൊക്കെ മന്ത്രിസ്ഥാനം നല്‍കണമെന്ന കാര്യത്തിലും ഇന്നുതന്നെ ധാരണയുണ്ടാകും. സിപിഎമ്മിലെ ബാക്കി മന്ത്രിമാരൊക്കെയും ചെറുപ്പക്കാര്‍ തന്നെയാകും. ആദ്യമായി നിയമസഭയിലെത്തുന്നവരും മന്ത്രിസഭയില്‍ ഇടം കണ്ടേക്കാം. സ്വപ്നത്തിലെ മന്ത്രിസഭയാകുമോ വരിക ?

×