എന്റെ മെയില്‍ ഐഡിയിലേക്ക് ദൃശ്യം 3ന്റെ കഥ ആരും അയയ്ക്കണ്ട, വാര്‍ത്ത വ്യാജം’;  മറ്റാരുടെയും കഥ വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ജീത്തു ജോസഫ്

ഫിലിം ഡസ്ക്
Sunday, February 28, 2021

ദൃശ്യം 3യുടെ കഥ തന്റെ മെയില്‍ ഐഡിയിലേക്ക് അയച്ച് കൊടുക്കാമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് സംവിധായകൻ ജീത്തു ജോസഫ്. കുറച്ച് ദിവസമായി ദൃശ്യം 3ന്റെ കഥ അയച്ചുകൊടുക്കുക. ഇഷ്ടപ്പെട്ടാല്‍ താനത് സിനിമയാക്കുമെന്ന വ്യാജ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

ആ മെയില്‍ ഐടി വേറെ കഥകള്‍ക്കും, അഭിനയിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും വേണ്ടിയായിരുന്നു. . ഒരുപാട് മെയില്‍ വന്നതിനെ തുടര്‍ന്ന് ആ ഐഡി ഉപയോഗിക്കാനാവുന്നില്ല. ദൃശ്യം 3ന്റെ കഥ ആരും അയക്കേണ്ട. നിലവില്‍ ആ സിനിമയെ കുറിച്ച് ചിന്തിക്കുന്നില്ല. ചെയ്യുകയാണെങ്കില്‍ മറ്റാരുടെയും കഥ വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

×