ബവ്റിജസിൽ നിന്നും ലഭിച്ച വിദേശ മദ്യത്തിനൊപ്പം വാറ്റ് ചാരായവും കഴിച്ചു; ലഹരി തലക്കുപിടിച്ചതോടെ തടാകത്തില്‍ ഇറങ്ങി; യുവാവിന് ദാരുണാന്ത്യം

ന്യൂസ് ബ്യൂറോ, കൊല്ലം
Monday, June 1, 2020

ശാസ്താംകോട്ട : തടാകതീരത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിന്റെ മരണകാരണം മദ്യലഹരിയിൽ വെള്ളത്തിൽ മുങ്ങിയത് മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുതുപിലാക്കാട് പടിഞ്ഞാറ് വിളയിൽ വീട്ടിൽ രാഘവന്റെ മകൻ ലാൽ എന്ന രഞ്ജിത്ത് (31) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

പൊലീസ് പറയുന്നത്:

ഊക്കൻ മുക്ക് ഷാപ്പ് മുക്കിനു സമീപം തടാകതീരത്ത് ഇരുന്ന് കൽപണിക്കാരനായ രഞ്ജിത്ത് സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നു. ബവ്റിജസിൽ നിന്നും ലഭിച്ച വിദേശ മദ്യത്തിനൊപ്പം വാറ്റ് ചാരായവും വലിയ തോതിൽ കഴിച്ചിരുന്നു. പിന്നീട് നാലംഗ സംഘം തടാകത്തിൽ ഇറങ്ങി.

ഇതിനിടയിലാണ് രഞ്ജിത്ത് വെള്ളത്തിൽ മുങ്ങിപ്പോയത്. സുഹൃത്തുക്കൾ ചേർന്ന് കരയിൽ എത്തിച്ചപ്പോഴേക്കും അബോധാവസ്ഥയിലായി. തുടർന്ന് നാട്ടുകാർ എത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മദ്യ ലഹരിയിലായിരുന്ന സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മ‍‍ൃതദേഹം സംസ്കരിച്ചു. ശരീരത്തിൽ വലിയ തോതിൽ മദ്യം എത്തിയിരുന്നതായും മദ്യ ലഹരിയിൽ മുങ്ങിയതാണ് മരണ കാരണമെന്നും സിഐ എ. അനൂപ് പറഞ്ഞു.

×