സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ പ്രചാരണത്തില്‍ പങ്കാളിയായി നടി മഞ്ജു പിള്ള. 'വിമുക്തി' ബോധവത്കരണ പദ്ധതിയിലാണ് എറണാകുളം ബ്രോഡ്‌വേയിലെ വീടുകള്‍ കയറിയിറങ്ങാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മഞ്ജു പിള്ളയും എത്തിയത്.
ലഹരി മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യര്‍ഥിച്ച് ഓരോ വീടുകളിലെയും കുട്ടികളെ കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. 'തനിക്കുമുണ്ട് ഒരു മകള്‍, ഉപദേശം ഇഷ്ടമില്ലാത്ത പ്രായമാണ്, നിങ്ങള്‍ തന്നെ കൂട്ടുകാരെ ഇക്കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണം'' എന്ന് കുട്ടികളോട് പറഞ്ഞാണ് മഞ്ജു ലഹരി വിരുദ്ധ പ്രചാരണം തുടര്‍ന്നത്. നമ്മള്‍ വിചാരിച്ചാല്‍ ലഹരി വിമുക്തമായ കേരളം സൃഷ്ടിക്കാനാകുമെന്ന് മഞ്ജു പറഞ്ഞു.
ലഹരി വര്‍ജ്ജന മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഗൃഹസന്ദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ്. രഞ്ജിത്ത് പറഞ്ഞു. ജനുവരിയില്‍ എറണാകുളം ജില്ലയില്‍ മാത്രം ലഹരി മരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് 70 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
സംസ്ഥാനത്ത് ലഹരി മരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് 'വിമുക്തി' എന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. മൂന്നുമാസം നീണ്ടുനില്‍ക്കുന്നതാണ് ബോധവത്കരണ പരിപാടി.