/sathyam/media/post_attachments/bK2MuJeoBtge280sXAK1.jpg)
തിരുവനന്തപുരം: ടെലഗ്രാമിലൂടെ ആവശ്യക്കാരെ കണ്ടെത്തി പാര്‍സലായി ലഹരിമരുന്ന് വേണ്ട സ്ഥലത്തെത്തിക്കും. ബെംഗളൂരുവില്‍ മയക്ക് മരുന്നുകേസില്‍ പിടിക്കപ്പെട്ട അനൂപ് മുഹമ്മദ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയാണിത്. വാങ്ങുന്നതിനെക്കാള്‍ ഇരട്ടിയിലധികം വിലയ്ക്കായിരുന്നു ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നത്.
സീരിയല്‍ നടി അനിഘയെ വലയിലാക്കിയതും അനൂപിന്റെ മൊഴികളായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ജിമ്രീന്‍ ആഷി എന്ന സുഹൃത്ത് വഴിയാണ് അനിഘയുമായി അനൂപ് ബന്ധപ്പെട്ടത്. തുടര്‍ന്ന് ടെലഗ്രാമിലൂടെ ലഹരിമരുന്ന് വില്‍പന ഉറപ്പിക്കുകയായിരുന്നു.
ബെംഗളൂരുവിലെ റോയല്‍ സ്യൂട്ട്‌സ് അപ്പാര്‍ട്ടുമെന്റില്‍ വച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റു ചെയ്തത്. മലയാള സിനിമാ പ്രവര്‍ത്തകരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ബിനീഷ് കോടിയേരി പ്രതിരോധത്തില്‍
അനൂപുമായി നടനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായ ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന പി.കെ. ഫിറോസിന്റെ ആരോപണം ബിനീഷ് കോടിയേരിയെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുകയാണ്.
2015ല്‍ ബിനീഷ് കോടിയേരിയുടെ സഹായത്തോടെ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങിയെന്ന അനൂപിന്റെ മൊഴിയും ബിനീഷ് കോടിയേരിയെ കുരുക്കിലാക്കി. ഇക്കാര്യം റിമാന്‍ഡ് റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടുന്നുണ്ട്.
അനൂപ് തന്റെ അടുത്ത സുഹൃത്താണെന്ന് സമ്മതിച്ച ബിനീഷ് കോടിയേരി എന്നാല്‍ ലഹരിമരുന്ന് കച്ചവടത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us