പച്ചക്കറി

മുരിങ്ങയിലസത്ത് കൊണ്ട് വിളകളുടെ വളർച്ച വേഗത്തിലാക്കാം

Wednesday, June 16, 2021

കേരളത്തിലെ ഏതു ഭാഗത്തും നന്നായി വളരുന്ന ചെടിയാണ് മുരിങ്ങ. മനുഷ്യനെന്നപോലെ വിളകൾക്കും മുരിങ്ങ ഏറെ ഗുണങ്ങൾ നൽകും. മുരിങ്ങയിലയിൽ നിന്നു തയാറാക്കുന്ന സത്ത് വിത്തുകൾ മുളയ്ക്കാനും ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താനും സഹായിക്കും. അടുക്കളത്തോട്ടത്തിൽ മികച്ച ജൈവവളമായി ഉപയോഗിക്കാവുന്ന മുരിങ്ങയില സത്ത് തയാറാക്കുന്ന വിധം പരിശോധിക്കാം.

മുരിങ്ങയിലസത്ത് ചെടികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഹോർമോണായി ഉപയോഗിക്കാം. സൈറ്റോകൈനുകൾ എന്ന ഹോർമോൺ മുരിങ്ങയുടെ ഇലകളിൽ ധാരാളമുണ്ട്. ചെടികളുടെ വളർച്ച വേഗത്തിലാക്കുന്ന ഹോർമോണുകാണിവ.

തയാറാക്കുന്ന വിധം

40 ദിവസം മൂപ്പുള്ള ഇലകൾ വേണം സത്ത് തയാറാക്കാനായി ഉപയോഗിക്കാൻ. ഇലകൾ പറിച്ച് കുറച്ച് വെള്ളം ചേർത്ത് മിക്‌സിയിൽ ജ്യൂസ് തയാറാക്കുന്നതു പോലെ അടിക്കുക. തുടർന്ന് തുണിയിൽ കിഴികെട്ടി സത്തും ചണ്ടിയും വേർതിരിച്ചെടുക്കാം. ഈ സത്ത് 32 ഇരട്ടി വെള്ളത്തിൽ നേർപ്പിക്കുക. ഇവ വിളകളുടെ ഇലകളിൽ തളിക്കാം. സ്‌പ്രെയർ ഉപയോഗിച്ച് തളിക്കുന്നതാണ് നല്ലത്. ഇലകളിൽ മാത്രം തളിക്കാൻ ശ്രദ്ധിക്കുക. വിത്ത് മുളച്ച് പത്ത് ദിവസം കഴിഞ്ഞും ഒരുമാസം കഴിഞ്ഞും കായ്ക്കാൻ തുടങ്ങുമ്പോഴും സത്ത് തളിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സത്ത് തയാറാക്കി അഞ്ച് മണിക്കൂറിനുള്ളിൽ തളിക്കുന്നതാണ് നല്ലത്. ഫ്രീസറിൽ വയ്ക്കുകയാണെങ്കിൽ കൂടുതൽ ദിവസം ഉപയോഗിക്കാം. 30 മുതൽ 10 ശതമാനം വരെ വിളവർധന മുരിങ്ങയില സത്ത് തളിച്ചാൽ ഉണ്ടാകുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.

×