ദുബായ്: പശ്ചിമേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരിൽ ഒന്നാമനെന്ന പട്ടം ചൂടി പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. ദുബായിലെ പ്രമുഖ വാണിജ്യ മാഗസിനായ അറേബ്യൻ ബിസിനസ് തയ്യാറാക്കിയ പട്ടികയിൽ ചോയിത്ത് റാം ഗ്രൂപ്പ് ചെയർമാൻ എൽ.ടി. പഗറാണിയാണ് രണ്ടാം സ്ഥാനത്ത്.
ദുബായ് ഇസ്ളാമിക് ബാങ്ക് സി.ഇ.ഒ അദ്‌നാൻ ചിൽവാൻ, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്‌ടറും മലയാളിയുമായ അദീബ് അഹമ്മദ്, സ്‌റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് സി.ഇ.ഒ സുനിൽ കൗശൽ എന്നിവരാണ് യഥാക്രമം മൂന്നുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ. ഗസാൻ അബൂദ് ഗ്രൂപ്പ് സി.ഇ.ഒ സുരേഷ് വൈദ്യനാഥൻ, ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനും മലയാളിയുമായ ഡോ. ഷംസീർ വയലിൽ, ഇമാമി ഗ്രൂപ്പ് ഡയറക്ടർ പ്രശാന്ത് ഗോയങ്ക എന്നിവരും ആദ്യ പത്തിലുണ്ട്.
ഗൾഫ് വാണിജ്യ, വ്യവസായരംഗത്തെ നിർണായകശക്തിയായ അബുദാബി ചേംബറിന്റെ വൈസ് ചെയർമാനുമാണ് എം.എ.യൂസഫലി. യു.എ.ഇയിൽ ഒരു സർക്കാർ സ്ഥാപനത്തിന്റെ ഉന്നതപദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ എന്ന പട്ടവും ഇതുവഴി അദ്ദേഹം ചൂടി. യു.എ.ഇയുടെ വാണിജ്യ, ജീവകാരുണ്യമേഖലയിലെ സംഭാവനകൾ മാനിച്ച് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി അടുത്ത സുഹൃദ്ബന്ധവും യൂസഫലിക്കുണ്ട്. ഗൾഫ്, ഈജിപ്ത്, ഇൻഡോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 247 ഹൈപ്പർമാർക്കറ്റുകളുള്ള ലുലു ഗ്രൂപ്പിൽ 43 രാജ്യങ്ങളിൽ നിന്നുള്ള 65,000ലേറെ ജീവനക്കാരുണ്ട്. അമേരിക്ക, യു.കെ., സ്പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഫിലിപ്പൈൻസ്, തായ്‌ലൻഡ് തുടങ്ങി 23 രാജ്യങ്ങളിൽ ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമുണ്ട്.
ഫോബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഏറ്റവും സമ്പന്നൻ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയാണ്. 43,200 കോടി രൂപ ആസ്തിയുമായി പട്ടികയിൽ 35–ാം സ്ഥാനമാണ് യൂസഫലിക്ക്. മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ്– 32,400 കോടി രൂപ, സ്ഥാനം 45. ബൈജൂസ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽനാഥ്– 2,8800 കോടി രൂപ, സ്ഥാനം 54. ജോയ് ആലുക്കാസ്– 24,800 കോടി രൂപ, സ്ഥാനം 69. ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ– 24,400 കോടി രൂപ, സ്ഥാനം 71 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്ഥാനവും ആസ്തിയും.
ഗൗതം അദാനിയാണ് ഇന്ത്യയിൽ ഏറ്റവും സമ്പന്നൻ. ആസ്തി 15,000 കോടി ഡോളർ (12 ലക്ഷം കോടി രൂപ). രണ്ടാം സ്ഥാനത്ത് മുകേഷ് അംബാനി. ആസ്തി 7.04 ലക്ഷം കോടി രൂപ. രാജ്യാന്തര പട്ടികയിൽ ഗൗതം അദാനി നാലാം സ്ഥാനത്തും മുകേഷ് അംബാനി ഒൻപതാം സ്ഥാനത്തുമാണ്. ഇലോൺ മസ്ക് ആണ് പട്ടികയിൽ ഒന്നാമത്. ഇന്ത്യയിലെ 3,4,5 സ്ഥാനക്കാർ ആസ്തിയുടെ കാര്യത്തിൽ ആദ്യ രണ്ടു സ്ഥാനക്കാരേക്കാൾ വളരെ താഴെയാണ്. ഫാഷൻ റീറ്റെയിൽ മേഖലയിൽ പ്രവർത്തിക്കുന്ന രാധാകിഷൻ ധമാനിയും കുടുംബവും (ആസ്തി 2.20 ലക്ഷം കോടി രൂപ), ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൈറസ് പൂനാവാല (1.72 ലക്ഷം കോടി), സാങ്കേതിക വിദ്യാ രംഗത്തു പ്രവർത്തിക്കുന്ന (എച്ച്സിഎൽ) ശിവ് നാടാർ (1.71 ലക്ഷം കോടി) എന്നിവരാണ് യഥാക്രമം ആ സ്ഥാനങ്ങളിൽ.
അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടേഴ്സ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ ഇന്ത്യക്കാർക്ക് അഭിമാനമായി ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം. എ. യൂസഫലി വൈസ് ചെയർമാനായി നിയോഗിതനായിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ പദവിയിലെത്തുന്നത്. അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്തു നിന്നുള്ളവരടങ്ങിയ 29 അംഗ കമ്മിറ്റിയിൽ യൂസഫലിയെ കൂടാതെ മറ്റു ഇന്ത്യക്കാർ ആരുമില്ല.
ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയായ അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്ത് നിർണായക സ്വാധീനം ചെലുത്തുന്ന സ്ഥാപനമാണ് അബുദാബി ചേംബർ. അബുദാബിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും അംഗങ്ങളായിട്ടുള്ള അബുദാബി ചേംബർ, ഗവണ്മെന്റിനും വാണിജ്യ സമൂഹത്തിനും ഇടയിൽ ചാലകശക്തിയായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമാണ്. അബുദാബിയിൽ പ്രവർത്തിക്കുന്ന ഏതൊരു സ്ഥാപനത്തിനും ചേംബറിന്റെ അനുമതി ആവശ്യമാണ്.
അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ രംഗത്ത് നൽകുന്ന മികച്ച പിന്തുണയ്ക്കുമുള്ള അംഗീകാരമായി യുഎഇയുടെ ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് നൽകി അബുദാബി സർക്കാർ യൂസഫലിയെ ആദരിച്ചിരുന്നു. അതിനു തൊട്ടുപിറകെയാണ് പുതിയ അംഗീകാരം. 28,000-ലധികം മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 58,000 പേരാണ് ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നത്.
ഗൾഫ് രാജ്യങ്ങൾ ഈജിപ്ത്, ഇന്തൊനീഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവയുള്ള ലുലു ഗ്രൂപ്പിന് യുഎസ്എ, യുകെ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈൻസ്, തായ്‍ലൻഡ് എന്നിവയടക്കം 14 രാജ്യങ്ങളിൽ ഭക്ഷ്യസംസ്കരണ-ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമുണ്ട്. കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിച്ച് ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്