ജീർണിച്ച മൃതദേഹത്തിൽ നിന്ന് ലഭിച്ച ഒരൊറ്റ മുടിനാരിൽ നിന്ന് മുഖരൂപം; വിസ്മയിപ്പിച്ച് ദുബായ് പൊലീസ്

ഗള്‍ഫ് ഡസ്ക്
Monday, March 8, 2021

ദുബായ് :ജീർണിച്ച മൃതദേഹത്തിൽ നിന്ന് ലഭിച്ച ഒരൊറ്റ മുടിനാരിനാൽ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുഖരൂപം സൃഷ്ടിച്ചെടുത്ത് ദുബായ് പൊലീസ്. ഒരുമാസം മുൻപ് കടലിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആളുടെ മുഖമാണ് ത്രി ഡി ഫേഷ്യൽ റി കൺസണ്‍ട്രക്ഷനിലൂടെ തയ്യാറാക്കിയത്.

കുറ്റാന്വേഷണത്തിൽ നിർമിതബുദ്ധിയടക്കം നവീന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ദുബായ് പൊലീസ് വീണ്ടും വിസ്മയിപ്പിക്കുകയാണ്. മുഖമടക്കം പൂർണമായും ജീർണിച്ച മൃതദേഹമാണ് ഒരുമാസംമുൻപ് പൊലീസ് കടലിൽ നിന്ന് കണ്ടെടുത്തത്.

വിരലടയാളമോ ഡിഎൻഎയോ ലഭിക്കാത്ത മൃതദേഹത്തിൻ്റെ മുഖരൂപമാണ് ദുബായ് പൊലീസ് സൃഷ്ടിച്ചെടുത്തതെന്ന് ഫോറൻസിക് ആൻഡ് ക്രിമിനോളജി ജനറൽ വിഭാഗം ഡെപ്യുട്ടി ഡയറക്ടർ ബ്രി.അഹമദ് മത്തർ അൽ മുഹൈരി പറഞ്ഞു.

ഏറെ നാളുകൾ വെള്ളത്തിൽ കിടന്നതിനാൽ മൃതദേഹത്തിൽ ചർമത്തിൻ്റെ നിറവും സ്വഭാവവും നഷ്ടപ്പെട്ടിരുന്നു. ഡിജിറ്റൽ ഫോറൻസിക് വിദഗ്ധര്‍, ആർടിഫിഷ്യൽ ഇൻ്റലിജൻസ് ജനറൽ വിഭാഗം എന്നിവരുടെ പരിശ്രമത്തിലൂടെയാണ് മുഖം സൃഷ്ടിച്ചത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച ഒരൊറ്റ മുടിനാര് ഉപയോഗിച്ചായിരുന്നു തുടർ പരിശോധന.

മരിച്ചയാൾക്ക് മൂന്ന് സെൻ്റി മീറ്റർ നീളംവരുന്ന ബലമുള്ള മുടിയാണ് ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞു. 35 മുതൽ 45 വരെ പ്രായമാണ് കണക്കാക്കിയത്. തലയോട്ടിയുടെ രൂപവും വലിപ്പവും കണക്കാക്കി ഇയാൾ മധ്യപൂർവദേശക്കാരനായ ഏഷ്യൻ വംശജനാണെന്നും മനസിലാക്കി.

മരിച്ചയാളുടെ മുഖത്തിൻ്റെ ചിത്രം സഹിതം പൊലീസ് അന്വേഷണം തുടങ്ങി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04-901 എന്ന നമ്പരിൽ ബന്ധപ്പെടണമെന്നും പൊലീസ് അഭ്യർഥിക്കുന്നു.

×