കാണുമ്പോള്‍ പുല്ലുപോലെ, ‘ഞാൻ കഴിച്ചുനോക്കിയപ്പോൾ അതിന്‍റെ രുചി അസഹനീയമായിരുന്നു, മണ്ണിന്‍റെ രുചിയായിരുന്നു; ശേഷം എനിക്ക്​ വയറിളക്കവും ബാധിച്ചു; ചാണ​കകേക്കിന്​ വന്ന റിവ്യൂ !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, January 21, 2021

ഡൽഹി: ആമസോണില്‍ വില്‍പ്പനക്കെത്തിയ ചാണ​കകേക്കിന്​ വന്ന ഒരു റിവ്യൂവാണ്​ ഇപ്പോൾ വൈറൽ. അസഹനീയ രുചിയാണെന്നും കടിച്ചുപൊട്ടിക്കാൻ പ്രയാസമാണെന്നുമായിരുന്നു അഭിപ്രായം. എന്നാൽ ചാണക കേക്കിൽ കേക്ക്​ എന്ന പേരുണ്ടെങ്കിലും കഴിക്കാനുള്ള കേക്കല്ല എന്ന്​ പറഞ്ഞുകൊടുക്കുകയാണ്​ സമൂഹമാധ്യമങ്ങൾ.

‘ഞാൻ കഴിച്ചുനോക്കിയപ്പോൾ അതിന്‍റെ രുചി അസഹനീയമായിരുന്നു. കാണുമ്പോള്‍ പു​ല്ലുപോലെ ആയിരുന്നുവെങ്കിലും കഴിച്ചപ്പോൾ മണ്ണിന്‍റെ രുചിയായിരുന്നു. ശേഷം എനിക്ക്​ വയറിളക്കവും ബാധിച്ചു. അതിനാൽ ദയവായി ഇനി വൃത്തിയായി നിർമിക്കണം. കൂടാതെ ഉൽപ്പന്നത്തിന്‍റെ രുചിയിലും കടുപ്പത്തിലും ശ്രദ്ധ നൽകുകയും വേണം’ -പേര്​ വെളിപ്പെടുത്താത്ത ഉപഭോക്താവ്​ ആമസോൺ റിവ്യൂവിൽ കുറിച്ചു. കൂടാതെ റേറ്റിങ്ങായി ഒരു സ്റ്റാർ നൽകുകയും ചെയ്​തു.

ഡോ. സജ്ഞയ്​ അറോറയാണ്​ തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ വ്യത്യസ്​തമായ റിവ്യൂവിന്‍റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചത്​. ‘ഇതാണ്​ എന്‍റെ ഇന്ത്യ, ഇന്ത്യയെ ഞാൻ സ്​നേഹിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ്​ സ്​ക്രീൻ ഷോട്ടുകൾ പങ്കുവെച്ചത്​.

ദൈനംദിന പൂജകൾക്കും ഹോമങ്ങൾക്കും മറ്റു മതപരമായ ചടങ്ങുകൾക്കും ഉപയോഗിക്കാവുന്ന 100 ശതമാനം പരിശുദ്ധമായ ചാണക കേക്കാണെന്നാണ്​ പരസ്യത്തിൽ പറയുന്നത്​.  യന്ത്ര സഹായമില്ലാതെയാണ്​​ നിർമിച്ചിരിക്കുന്നതും. പൂർണമായും ഉണങ്ങിയതും ഈർപ്പമില്ലാത്തതും കത്തുന്നതുമാണ്​.

അന്തരീക്ഷം ശുദ്ധീകരിക്കാനും പ്രാണികളെയും കീടങ്ങളെയും അകറ്റാനും ഉപയോഗിക്കാം. അഞ്ച്​ ഇഞ്ച്​ വ്യാസത്തിൽ വൃത്തത്തിലാണ്​ ആകൃതി. അതിനാൽ കൈകാര്യം ചെയ്യാനും ദീർഘകാലം സൂക്ഷിച്ചുവെക്കാനും എളുപ്പമാണെന്നും ആമസോണിൽ പറയുന്നു.

 

×