Advertisment

ഈസ്റ്റർ നമ്മെ ഓർമിപ്പിക്കുന്നതെന്താണ്? ഈസ്റ്റർ നൽകുന്ന രണ്ടു പാഠങ്ങൾ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ഈസ്റ്ററിന്റെ പ്രത്യാശാനിർഭരമായ പുലർച്ചയ്ക്കു പിന്നിൽ നട്ടുച്ചയ്ക്കു സൂര്യൻ ഇരുണ്ടുപോയ ഒരു ദുഃഖവെള്ളിയുടെ മധ്യാഹ്നമുണ്ട്. പക്ഷേ മനുഷ്യപുത്രൻ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റതിന്റെ ആഹ്ലാദം പങ്കിടുന്ന ഈസ്റ്റർദിന ആരവങ്ങൾക്കിടയിൽ ‘എന്റെ ദൈവമേ എന്റെ ദൈവമേ നീയെന്നെ കൈവിട്ടതെന്ത്’എന്ന് ഉറക്കെ നിലവിളിച്ച് കടന്നു പോയ ദുഃഖവെള്ളിയുടെ ഉൾക്കിടിലങ്ങളെ നാം പലപ്പോഴും മറന്നു പോകുന്നു.

Advertisment

publive-image

എങ്കിൽ, ഈസ്റ്റർ ഒന്നാമത് നമ്മെ ഓർമിപ്പിക്കുന്നതെന്താണ്? അത് ലളിതമായ ഈ ഒരു സത്യമാണ്: രാത്രിയില്ലാതെ ഒരു പ്രഭാതമില്ല. ദുഃഖവെള്ളിയെ തുടർന്നാണ് ഈസ്റ്റർ. കുരിശില്ലാതെ കിരീടമില്ല.

നമ്മുടെ ജീവിതത്തോടുള്ള ബന്ധത്തിലും ഇക്കാര്യം ഹൃദയപൂർവം അംഗീകരിക്കുന്നതു നമുക്ക് ഏറെ സ്വസ്ഥത നൽകും. എന്നാൽ ഇത് എങ്ങനെ ഹൃദയപൂർവം അംഗീകരിക്കാൻ ഒരുവനു കഴിയും? ഇരുളും ദുഃഖവും ക്രൂശും സ്വാഗതം ചെയ്യുക സ്വാഭാവികമായി സാധ്യമാണോ?

യേശുവിന്റെ ജീവിതത്തിലെ ഒരു നിലപാട് ഇതിനെക്കുറിച്ചു നമുക്കു വെളിച്ചം നൽകും. യേശുവിനെ ക്രൂശീകരണത്തിനു തൊട്ടു മുൻപുള്ള വിചാരണ എന്ന പ്രഹസനത്തിനു പിടിച്ചുകൊണ്ടുപോകുവാൻ ഗെത്‌സെമനെ തോട്ടത്തിൽ മഹാപുരോഹിതന്റെ പടയാളികൾ വന്ന സമയം.

പത്രോസ് പെട്ടെന്ന് യേശുവിനെ സംരക്ഷിക്കാനായി വാൾ ഊരി പടയാളികൾക്കുനേരെ വീശി.യേശു അപ്പോൾ അവനോട് ഇങ്ങനെ പറയുന്നു: ‘വാൾ ഉറയിൽ ഇടുക. പിതാവ് എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ?’(യോഹന്നാൻ 18: 11). അപ്പോൾ അതാണു കാര്യം. തന്റെ ക്രൂശിനെ യേശു, പിതാവു തന്ന പാനപാത്രമായി കണ്ടു.

അതുകൊണ്ടുതന്നെ പിതാവിന്റെ ഹിതം ചെയ്യുന്നതു ജീവിതത്തിലെ പരമപ്രധാനമായ കാര്യമായി കണ്ടിരുന്ന യേശുവിന് ആ ക്രൂശിനെ സന്തോഷപൂർവം സ്വാഗതം ചെയ്യാൻ കഴിഞ്ഞു!

യേശുവിന്റെ ഈ നിലപാടിന്റെ വിദൂരമായ ഒരു നിഴൽ ബൈബിളിലെ ഒരു പഴയനിയമ കഥാപാത്രമായ ഇയ്യോബിലും നാം കാണുന്നുണ്ട്. ഇയ്യോബിന്റെ ജീവിതത്തിൽ ഒട്ടേറെ ദുരിതങ്ങൾ ഒന്നിനുപിറകെ ഒന്നായി വന്നു.

അപ്പോൾ അവന്റെ ഭാര്യ പോലും ഇത്തരം ദുരനുഭവങ്ങൾ അനുവദിക്കുന്ന ദൈവത്തെ ത്യജിച്ചു പറഞ്ഞു മരിച്ചുകളയാൻ അവനെ പ്രേരിപ്പിക്കുന്നു. ഈ സന്ദർഭത്തിൽ ഇയ്യോബ് അവൾക്കു നൽകുന്ന മറുപടി ഇങ്ങനെ:‘ഒരു പൊട്ടി സംസാരിക്കുന്ന പോലെ നീ സംസാരിക്കുന്നു. നാം ദൈവത്തിന്റെ കയ്യിൽ നിന്നു നന്മ കൈക്കൊള്ളുന്നു, തിന്മയും കൈക്കൊള്ളരുതോ?’(2:10).

വലിയവനായ ദൈവത്തെ യേശു മാനവരാശിക്കു പരിചയപ്പെടുത്തിയത് നമ്മെ സ്നേഹിക്കുന്ന സ്വർഗീയ പിതാവ് എന്നാണ്. നാമും ദൈവത്തെ ആ നിലയിൽ കണ്ടാൽ അവിടുന്നു നമുക്ക് അനുവദിക്കുന്ന അനുഭവങ്ങളെ, അവയുടെ വിശദാംശങ്ങളൊന്നും മനസ്സിലാകുന്നില്ലെങ്കിലും, നമ്മുടെ ആത്യന്തിക നന്മയ്ക്കായി അനുവദിച്ചിരിക്കുന്നതാണെന്നു കരുതുവാനും അവയെക്കുറിച്ചു പരാതിയും പരിഭവവും ഇല്ലാതിരിക്കുവാനും കഴിയും.

എന്താണ് ഈ ലോകത്തു നമുക്കു കൈയാളാൻ കഴിയുന്ന ആത്യന്തിക നന്മ? ഇതിനു ബൈബിൾ വളരെ വ്യക്തതയോടെ ഒരു ഉത്തരം നൽകുന്നുണ്ട്. ഒരു വചനം കാണുക. റോമർ 8:28 പറയുന്നത് നമുക്കു സംഭവിക്കുന്നതെല്ലാം ദൈവം നമ്മുടെ നന്മയ്ക്കായി കൂടി വ്യാപരിപ്പിക്കുന്നു എന്നാണ്. ഇവിടെ ഒരു സംശയം വരാം–കഷ്ടവും രോഗവും മരണവുമെല്ലാം നമ്മുടെ നന്മയ്ക്കായി തീരുന്നതെങ്ങനെ?

തൊട്ടടുത്ത വചനം, റോമർ 8:29, ആണ് അതു വിശദമാക്കുന്നത്. യേശുവിന്റെ സ്വഭാവത്തോട് അനുരൂപമാകുന്നതാണ് ഭൂമിയിൽ ഒരുവനു നേടാവുന്ന ആത്യന്തിക നന്മ. അപ്പോൾ രോഗമായാലും കഷ്ടതയായാലും അതു നമ്മെ യേശുവിന്റെ സ്വഭാവത്തിലേക്കു നയിക്കുന്നുണ്ടെങ്കിൽ അതു നമ്മുടെ ആത്യന്തികനന്മയ്ക്കായി കൂടി വ്യാപരിക്കുകയാണ്.

യേശുവിനു തന്റെ കഷ്ടങ്ങളിൽ പരാതിയോ പിറുപിറുപ്പോ ദൈവത്തോടും മനുഷ്യരോടും കയ്പോ ഉണ്ടായിരുന്നില്ല. നമ്മുടെ കഷ്ടങ്ങളും നമ്മെ അത്തരം ഒരു സ്വഭാവത്തിലേക്കു നയിക്കുമെങ്കിൽ ആ കഷ്ടങ്ങൾ നമ്മുടെ നന്മയ്ക്കായി കൂടി വ്യാപരിക്കുകയല്ലേ?

ജീവിതത്തിൽ താൻ കുടിക്കേണ്ടിവന്ന കഷ്ടതയുടെ പാനപാത്രത്തെ ‘പിതാവ് എനിക്കു തന്ന പാനപാത്രം’എന്നു യേശു വിശേഷിപ്പിച്ചതു നാം കണ്ടല്ലോ. വാസ്തവത്തിൽ ആ പാനപാത്രം യേശുവിനായി ഒരുക്കിയതു തന്റെ ശത്രുക്കളല്ലേ?

അതേ. എന്നാൽ അതിനെ യേശു വിളിക്കുന്നതു പിതാവു തനിക്കു തന്ന പാനപാത്രം എന്നാണ്. പിതാവ് ഒരുക്കിയ പാനപാത്രം ഏതു മനുഷ്യകരത്തിൽ നിന്നും വാങ്ങിക്കുടിക്കാൻ അവിടുന്നു സദാ തയാറായിരുന്നു. മാത്രമല്ല, ലവലേശം പരിഭവമോ കയ്പോ ഇല്ലാതെയാണ് അങ്ങനെ ചെയ്തത്.

യേശുവിന്റെ സ്വഭാവത്തോട് അനുരൂപപ്പെടുന്ന ആത്യന്തിക നന്മയാണു നമ്മുടെ ലക്ഷ്യമെങ്കിൽ ഇക്കാര്യത്തിൽ നാം എത്രകാതം ഇനിയും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു! ഒരു കൊച്ചു പെൺകുട്ടിയുടെ കഥ കേട്ടിട്ടുള്ളത് ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു.

പെൺകുഞ്ഞ് എന്നും സ്കൂളിലേക്കും തിരികെ വീട്ടിലേക്കും നടന്നാണു പൊയ്ക്കൊണ്ടിരുന്നത്. ഒരു ദിവസം ഉച്ചകഴിഞ്ഞപ്പോൾ ശക്തിയായ കാറ്റ്. മഴയില്ലെങ്കിലും ഇടയ്ക്കിടെ മിന്നലും ഇടിയും. മകൾ സ്കൂൾ വിട്ടു തനിയെ നടന്നു വരുമ്പോൾ ഇടിമിന്നൽ മൂലം പേടിച്ചു പോയേക്കുമെന്നു കരുതി അമ്മ അവളെ അന്വേഷിച്ച് ഇറങ്ങി.

അമ്മ സ്കൂളിലേക്കു വേഗത്തിൽ നടന്നു ചെല്ലുമ്പോൾ മകളിതാ മെല്ലെ ഒറ്റയ്ക്കു വഴിയുടെ മറുവശത്തു കൂടി നടന്നു വരുന്നു. പെട്ടെന്നു തിളങ്ങുന്ന വാൾ പോലെ ഒരു മിന്നൽപ്പിണർ ആകാശത്തെ കീറിമുറിച്ചു. തുടർന്നു ഭയാനകമാം വിധം ഇടി മുഴങ്ങി.എന്നാൽ അമ്മ ശ്രദ്ധിച്ചപ്പോൾ മകൾ പെട്ടെന്നു നടത്തം നിർത്തി മിന്നൽപ്പിണറിനെ നോക്കി പുഞ്ചിരിക്കുന്നു!

അതിനുശേഷം പിന്നെയും നടക്കുന്നു. ഓരോ തവണയും മിന്നൽ ഉണ്ടാകുമ്പോൾ കുഞ്ഞ് നടത്തം നിർത്തി മുഖം ആകാശത്തേക്ക് ഉയർത്തി പുഞ്ചിരിക്കുകയാണ്.പെട്ടെന്നു മകൾ അമ്മയെ കണ്ടു. അവൾ അമ്മയുടെ അടുക്കലേക്ക് ഓടിയെത്തി. അമ്മ കുഞ്ഞിനെ ചേർത്തണച്ചുകൊണ്ട് ചോദിച്ചു:‘മോളെ, നീയെന്താ ചെയ്യുന്നത്?എന്താ നീ മിന്നലുണ്ടാകുമ്പോൾ നടത്തം നിർത്തി ആകാശത്തേക്കു നോക്കി പുഞ്ചിരിക്കുന്നത്?’

സഹജമായ നിഷ്കളങ്കതയോടെ കുഞ്ഞ് പറഞ്ഞു:‘ഞാൻ സുന്ദരിക്കുട്ടിയായി നിൽക്കുവാൻ ശ്രമിക്കുന്നതാ മമ്മീ. നോക്കൂ, ദൈവം വീണ്ടും വീണ്ടും എന്റെ ഫോട്ടോ എടുത്തുകൊണ്ടിരിക്കുകയല്ലേ?’

ഇന്നു നമ്മൾ ജീവിതത്തിൽ‌ ഓർക്കാപ്പുറത്ത് ഇടിമിന്നലുകളെ അഭിമുഖീകരിക്കുമ്പോൾ മെല്ലെ തലയുയർത്തി ഇടിമിന്നലിനു പിന്നിലുള്ള ദൈവത്തിന്റെ കരങ്ങളെ കാണുവാൻ ഇടയാകട്ടെ. എന്നാൽ ഒരു കാര്യം:പുഞ്ചിരി തൂകാൻ മറന്നു പോകരുത്.

ഈസ്റ്റർ നമ്മെ ഓർപ്പിക്കുന്ന ലളിതമായ മറ്റൊരു സത്യം തിന്മയുടെ മേൽ അവസാന ജയം നന്മയ്ക്കായിരിക്കും എന്നതാണ്. വാക്കിലും പ്രവൃത്തിയിലും മനോഭാവത്തിലും തെറ്റൊന്നും ചെയ്യാത്തവനായിരുന്നു യേശു. എല്ലാവരുടെയും നന്മ മാത്രം ആഗ്രഹിച്ചവൻ. എന്നിട്ടും മതമേലധ്യക്ഷന്മാരും ഭരണകൂടവും അവന് എതിരായിരുന്നു. തെറ്റായ ആരോപണങ്ങളുന്നയിച്ച് അവർ അവനെ ക്രൂശിച്ചുകൊന്നു. തിന്മയും അസത്യവും ജയിച്ചുവെന്ന് എല്ലാവരും കരുതിപ്പോയ നിമിഷം. പക്ഷേ ആഴ്ചവട്ടത്തിന്റെ ഒന്നാംനാൾ ആയപ്പോൾ യേശു മരണത്തിന്റെ ശക്തികളെ തോൽപ്പിച്ച് ഉയിർത്തെഴുന്നേറ്റു. ഉവ്വ്, തിന്മയ്ക്കു താൽക്കാലിക ജയം മാത്രം, അവസാനമായി ജയിക്കുന്നതു നന്മയും സത്യവും മാത്രം. വെള്ളിയാഴ്ച സത്യത്തെ ക്രൂശിച്ചാൽ അതു ഞായറാഴ്ച ഉയിർത്തെഴുന്നേൽക്കും.

തലച്ചോറിൽ ഇതൊരു സിദ്ധാന്തമായി അറിഞ്ഞാൽ പോര. തലയിൽ നിന്ന് ഒരടി താഴേക്ക് നമ്മുടെ ഹൃദയത്തിലേക്ക് ഇത് ഒരു ബോധ്യമായി വന്നാൽ അതു നമ്മുടെ ജീവിതത്തെ ഏറെ വ്യത്യാസപ്പെടുത്തും. നാം പിന്നീട് നഷ്ടങ്ങളും തെറ്റിദ്ധാരണകളും ഉണ്ടായാലും നന്മയുടെയും സത്യത്തിന്റെയും ഭാഗത്തു നിൽക്കും. വളഞ്ഞവഴികൾ തേടുന്നവർക്കു താൽക്കാലിക നേട്ടം ഉണ്ടായെന്നു വരാം. അവരാണു ജയിച്ചതെന്നു മറ്റുള്ളവരും കരുതിയേക്കാം. എന്നാൽ തിന്മയും അസത്യവും ആത്യന്തികമായി പരാജയപ്പെടും. അതുകൊണ്ട് സത്യത്തിന്റെ പക്ഷത്ത് ഒരു ന്യൂനപക്ഷമേയുള്ളെങ്കിലും അവരോടൊപ്പം നിൽക്കുക.

ഇതുവരെ പറഞ്ഞ കാര്യങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം. ഒന്ന്: ജീവിതാനുഭവങ്ങളെ കേവലം സുഖമെന്നും ദുഃഖമെന്നും കാണാതിരിക്കാം. സുഖമായാലും ദുഃഖമായാലും അതുനമ്മെ യേശുവിന്റെ സ്വഭാവത്തോട് അനുരൂപപ്പെടുത്തട്ടെ. അതാണ് ഈ ലോക ജീവിതത്തിൽ ഒരുവനു നേടാവുന്ന ആത്യന്തിക നന്മ. പക്ഷേ കാര്യങ്ങളെ ഈ കാഴ്ചപ്പാടിൽ കാണണമെന്നുണ്ടെങ്കിൽ ഒന്നാമതു ദൈവത്തെ സ്വർഗീയ പിതാവായി കാണുന്ന ലളിതമായ ഒരു വിശ്വാസത്തിലേക്കു നാം വരണം. ഇത് ഒരു പിതൃപുത്രബന്ധമാണ്.

ഇതെങ്ങനെയാണു സാധ്യമാകുന്നതെന്നു ബൈബിൾ പറയുന്നു.‘അവനെ (യേശുവിനെ) ഹൃദയത്തിൽ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.’(യോഹന്നാൻ 1:12). ലളിതമായ ഒരു വിശ്വാസത്തോടെ യേശുവിനെ ജീവിതത്തിൽ നാഥനും കർത്താവുമായി സ്വീകരിക്കുക. അപ്പോൾ മാത്രമാണ് ഈസ്റ്റർ നമ്മെ സംബന്ധിച്ചിടത്തോളം ഒരു യാഥാർഥ്യമായി മാറുക.

രണ്ട്: തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം. ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നിൽക്കുക. ആത്യന്തിക ജയം സത്യത്തിനു മാത്രം.– ഈസ്റ്റർ നമുക്കു നൽകുന്ന രണ്ടു സുപ്രധാന പാഠങ്ങൾ ഇവയാണ്.

Advertisment