രാജ്യത്ത് മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം സര്‍വകാല റെക്കോര്‍ഡില്‍: 11 വര്‍ഷത്തിനുള്ളിലെ ഉയര്‍ന്ന നിരക്കിലെത്തി

New Update

മുംബൈ: രാജ്യത്ത് മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം സര്‍വകാല റെക്കോര്‍ഡില്‍. 11 വര്‍ഷത്തിനുള്ളിലെ ഉയര്‍ന്ന നിരക്കിലെത്തി. ഏപ്രില്‍ മാസത്തില്‍ 10.49 ശതമാനത്തില്‍ സൂചികയെത്തിയതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഡാറ്റയില്‍ പറയുന്നു. ലോഹം, ഊര്‍ജം, ഇന്ധനം, നിര്‍മ്മാണ വസ്തുക്കള്‍ എന്നിവയുടെ വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരാന്‍ കാരണം.

Advertisment

publive-image

ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള പണപ്പെരുപ്പം 4.29% ആയി കുറഞ്ഞിരുന്നുവെന്ന് മന്ത്രാലയം കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. മാര്‍ച്ചില്‍ മൊത്തവില സൂചിക 7.39% ആയിരുന്നു. എന്നാല്‍ അത് ഫെബ്രുവരിയില്‍ 4.83% ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ -1.57 ശതമാനത്തില്‍ നിന്നാണ് പണപ്പെരുപ്പം ഈ നിലയില്‍ എത്തിയത്.

അസംസ്‌കൃത എണ്ണവില, നിര്‍മ്മാണ വസ്തുക്കളുടെ വില എന്നിവ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ ഉയര്‍ന്നതാണ് പണപ്പെരുപ്പം ഉയരാന്‍ കാരണമെന്ന് മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ധാന്യങ്ങള്‍, പഴങ്ങള്‍, മുട്ട, മാംസ്യം, മത്സ്യം എന്നിവയുടെ വില വര്‍ധന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കി. ധാന്യ വര്‍ഗങ്ങള്‍ക്ക് 10.74% വില വര്‍ധിച്ചപ്പോള്‍ പഴവര്‍ഗങ്ങള്‍ക്ക് 27.43 ശതമാനവും മുട്ട, മാംസ്യം, മത്സ്യം എന്നിവയ്ക്ക് 10.88 ശതമാനവും വില കൂടി. എന്നാല്‍ പച്ചക്കറി വില മുന്‍മാസത്തെ അക്ഷേിച്ച്‌ കുറഞ്ഞു.

ഇന്ധന ഊര്‍ജ വിലയില്‍ 20.94 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പെട്രോള്‍ വിലയില്‍ 42.37%, ഹൈ സ്പീഡ് ഡീസല്‍ 33.82%, എല്‍പിജി 20.34പ എന്നിങ്ങനെ വിലവര്‍ധനവ് ഉണ്ടായി. നിര്‍മ്മാണ വസ്തുക്കളുടെ വില 9.01 ശതമാനമാണ് ഉയര്‍ന്നത്.

Advertisment